എന്‍റെ പുതിയ കഥാ സമാഹാരം കുരുവിയുടെ റിപ്പബ്ലിക്ക് സൂചിക ബുക്സ് പ്രസിദ്ധീകരിക്കുന്നു . വാങ്ങാൻ 9562540981 ലേക്ക് വാട്സപ്പ് ചെയ്യൂ

Friday, September 15, 2017

പാസ്സിംഗ് ദി പാര്‍സല്‍

             
"വാട്സ് ആപ്പിനു വേണം നമ്മള്‍ താങ്ക്സ് പറയാന്‍ അല്ലെ ?"
അനന്യാ നായര്‍ ഗോവിന്ദിന്റെ ചോദ്യം കേട്ടെന്ന് തോന്നിയില്ല . അവള്‍ കാറില്‍ കയറിയത് മുതല്‍  തന്റെ ഐ ഫോണില്‍ നിന്നും  നിരന്തരം വാട്ട്സാപ്പ് മെസ്സെജുകള്‍ അയക്കുന്ന തിരക്കിലായിരുന്നു .അത് സൃഷ്ടിച്ച , തങ്ങള്‍ക്കിടയിലെ മതില്‍  പൊളിക്കാന്‍ കൂടിയാണ് ഗോവിന്ദ് അങ്ങനെ ചോദിച്ചതും .എന്നാല്‍ താനയക്കുന്ന മെസ്സെജുകളുടെയും  മറുപടികളുടെയും  രസത്തില്‍ മുങ്ങി കുണുങ്ങിച്ചിരിച്ചതെയുള്ളൂ അനന്യ . മുപ്പതുകളുടെ ആദ്യപാദങ്ങളിലെത്തിയിട്ടും,ഒട്ടും മങ്ങലില്ലാതെ ജ്വലിച്ച  അനന്യയുടെ സൌന്ദര്യം ഗോവിന്ദിന്റെ ഡ്രൈവിങ്ങിലുള്ള എല്ലാ ശ്രദ്ധയും കെടുത്തി . റോഡില്‍ തിരക്ക് കുറവായിരുന്നിട്ടും വണ്ടിയുടെ നിയന്ത്രണം പലവുരു തെറ്റി .
"മോളെ കൊണ്ട് വന്നില്ലേ അനന്യ  ?" 
"ഇല്ല ,അവളെ ഡേ കെയറില്‍ ഏല്‍പ്പിച്ചു .ഒരു സെക്കന്‍ഡ് അടങ്ങിയിരിക്കില്ലന്നേ അവള്‍"
"ഹബ്ബി ?"    മനപ്പൂര്‍വ്വം തന്നെയാണ് ഗോവിന്ദ് അങ്ങനെ ചോദിച്ചത്. അനന്യയുടെ ഡിവോര്‍സ് കഴിഞ്ഞു എന്നു ഗോവിന്ദിന് നന്നായി അറിയാമായിരുന്നു.ഇതൊക്കെ അറിയാനും നാലാളോട്  പറഞ്ഞു നടക്കാനും വേണ്ടിയല്ലെങ്കില്‍ പിന്നെ എന്നാത്തിനാ വാട്സാപ്പ് ?
കേട്ടതായി ഭാവിച്ചില്ലെങ്കിലും അനന്യയുടെ നീള്‍വിരലുകള്‍ ഒരൊറ്റ നിമിഷം കൊണ്ട്  നിശ്ചലമായത് ഇടംകണ്ണിലൂടെ ഗോവിന്ദ് അറിഞ്ഞു. ഒരു ദീര്‍ഘനിശ്വാസം അവളില്‍ നിന്നുയര്‍ന്നു  .
"ഓഹ് ,ഞങ്ങള്‍ ബ്രേക്അപ്പ് ആയി ഗോവിന്ദ് "അതൊരു സാധാരണ സംഭവം ആണല്ലോ എന്ന മട്ടില്‍ ഗോവിന്ദ് അലസമായി മൂളി . അനന്യയും അതില്‍ക്കൂടുതല്‍ ചോദ്യങ്ങള്‍ ചോദിക്കരുത് എന്നു മുഖഭാവം കൊണ്ട് വെളിവാക്കി .അനന്യ വാട്സ്ആപ്പിലേക്കും ഫേസ്ബുക്കിലേക്കും,ഗോവിന്ദ് ഡ്രൈവിങ്ങിലേക്കും ശ്രദ്ധ തിരിച്ചു .എങ്കിലും   ഇടക്കിടെ വിക്ടോറിയാസ് സീക്രട്ടിന്‍റെ മാദക സുഗന്ധത്തെത്തോല്‍പ്പിച്ച് അവളില്‍ നിന്നുതിര്‍ന്ന സ്ത്രീഗന്ധം  ഗോവിന്ദിനെ ഉന്‍മത്തനാക്കിക്കൊണ്ടിരുന്നു  .
"നമുക്ക് ഒരു സോഫ്ട് സെര്‍വ്വ് കഴിച്ചാലോ ?"
പ്രോഗ്രാം തുടങ്ങാന്‍ ഇനിയും കുറച്ചു സമയം കൂടി ബാക്കിയുണ്ട്  .കെ എഫ് സിയുടെ ചില്ലുവാതില്‍ തള്ളിത്തുറന്നകത്ത് കടക്കുവോളം   വേനല്‍ക്കാലത്തിന്റെ ചൂടും പൊടിയും  അവരോടു പക തീര്‍ത്തു . സോഫ്റ്റ് സെര്‍വ്വും ചിക്കന്‍ വിങ്സും വാങ്ങി വന്നത് ഗോവിന്ദ്  തന്നെയാണ്. അനന്യ "ഗെറ്റിങ് ചില്‍ഡ്" എന്ന ക്യാപ്ഷനോടെ ,ലിപ്സ്റ്റിക്കിട്ട ചുണ്ടുകള്‍ ഒരു മീനിനെ ഓര്‍മ്മിപ്പിക്കും വിധം  കൂര്‍പ്പിച്ച്, ഗോവിന്ദിനോടൊപ്പമിരിക്കുന്ന ഒരു സെല്‍ഫി ഫേസ് ബൂക്കിലും ഇന്സ്റ്റാഗ്രാമിലും  ഷെയര്‍ ചെയ്തു  .നിമിഷങ്ങള്‍ക്കകം തോരാതെ പെയ്തു തുടങ്ങിയ  കമന്‍റുകളും ലൈക്കുകളും അവളെ ഇക്കിളിപ്പെടുത്തി .ഒരെണ്ണത്തിന് പോലും അവള്‍ മറുപടി കുറിക്കുന്നില്ല എന്നതു ഗോവിന്ദിനെയും  രസിപ്പിച്ചു .
"ഗോവിന്ദ് ,നീ എന്റെ ഒപ്പം വേണം ഇരിക്കാന്‍ കേട്ടോ ,യു മസ്റ്റ് ഗിവ് മി കമ്പനി ഓള്‍ ഓവര്‍ ദി പാര്‍ട്ടി " അവള്‍ ചിക്കന്‍ വിംഗ്സ് കഴിച്ചു തീര്‍ത്ത് നാപ്കിന്‍ ഉപയോഗിച്ച് ചുണ്ടുകളൊപ്പി.   "സീ ,ഈ സോഫ്റ്റ് സെര്‍വ്വും ചിക്കന്‍ വിങ്ങ്സും  എന്റെ കാലറികൌണ്ട് മുഴുവന്‍ തെറ്റിക്കും. ശ്ശോ " അവള്‍ വേവലാതിപ്പെട്ടു . അവളുടെ ഓരോ ചലനങ്ങളും കൌതുകത്തോടെ വീക്ഷിച്ചു കൊണ്ടിരുന്ന ഗോവിന്ദ് പുഞ്ചിരിച്ചു .
             പോളിടെക്നിക്കില്‍ പഠിച്ചിരുന്ന കാലത്ത് നല്ലൊരു ലോലന്‍ ആയിരുന്നിട്ടും  ഒരിക്കല്‍ പോലും അനന്യ കണ്ണില്‍പ്പെടാതിരുന്നതെന്തേന്നാണ്  അവനപ്പോള്‍ ആലോചിച്ച് കൊണ്ടിരുന്നത്. പഠിച്ചിരുന്ന സമയത്ത്  സപ്ളി ഇല്ലാതിരിക്കുന്നതിനെക്കാള്‍   പ്രയാസകരമായിരുന്നു ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലാവുന്നത് .അഞ്ഞൂറോളം ആണ്‍കുട്ടികള്‍ പഠിച്ചിരുന്ന ആ സ്ഥാപനത്തില്‍ അഞ്ചില്‍ത്താഴെയേ പെണ്‍കുട്ടികള്‍ ഉണ്ടായിരുന്നുള്ളൂ . പോരെങ്കില്‍ ഗോവിന്ദിന്റെ ജൂനിയര്‍ ആയിരുന്ന സുനിലുമായി അനന്യ ഒടുക്കത്തെ പ്രണയത്തില്‍ ആയിരുന്നു താനും.
"സുനില്‍ ഇപ്പോള്‍ എവിടെയാ? "
അനന്യയുടെ കണ്ണുകളില്‍ ഒരു തീജ്വാല മിന്നി ."ആ ,എനിക്കറിഞ്ഞു കൂടാ,എനിക്കന്നേ അവനെ കാണുന്നത് പോലും ഇഷ്ടമായിരുന്നില്ല".
"ഇന്നത്തെ മീറ്റിങ്ങിന് വരും എന്നു വിനോദ്  പറഞ്ഞിരുന്നു ,നിങ്ങള്‍ തമ്മില്‍ ഇപ്പോള്‍ യാതൊരു കൊണ്ടാക്ടും ഇല്ലേ ?"
ഗോവിന്ദ് തന്നെ പ്രതിരോധത്തിലാക്കുകയാണ് എന്നു തിരിച്ചറിഞ്ഞത് കൊണ്ടാവാം ,അനന്യ ഫോണ്‍ തന്റെ വാനിറ്റി ബാഗില്‍ തിരിച്ചിട്ടു .കാന്തിക ശക്തിയുള്ള ഒരു ചിരി മുഖത്ത് തേച്ച്  കൊണ്ട് അവള്‍ തന്റെ കൈപ്പത്തി ഗോവിന്ദിന്റെ കൈകള്‍ക്ക് മേലെ പരത്തി വെച്ചു .
"ഡോണ്ട് സ്പോയില്‍ ദിസ് ബ്യുട്ടീഫുള്‍ ഈവനിംഗ് ,ഗോവിന്ദ് ."തന്റെ കൈകള്‍ക്ക് മീതെ ഒരു മുയല്‍ക്കുഞ്ഞു വന്നിരുന്നത് പോലെയാണ് ഗോവിന്ദിന് തോന്നിയത് .ആ മുയല്‍ക്കുഞ്ഞിന് അവിടെ നിന്നിളകാന്‍ തോന്നല്ലേയെന്ന പ്രാര്‍ത്ഥനയോടെ അവനിരുന്നു.
"ആ ബെഗ്ഗര്‍ വരുമെന്നുള്ള ഒരൊറ്റക്കാരണം കൊണ്ട് മാത്രമാണു ഞാന്‍ ഈ പ്രോഗ്രാമിന് വന്നത് .എനിക്കു അവനോടു കുറച്ചു കണക്ക് തീര്‍ക്കാനുണ്ട്."   സ്ത്രീകളുടെ ക്രോധം പോലും , നമ്മോടല്ലെങ്കില്‍ അതിസുന്ദരമാണ് എന്നു  ഗോവിന്ദ് ,അവളെപ്പോഴെങ്കിലും ഷെയര്‍ ചെയ്തേക്കാവുന്ന ആ ഭാവത്തിന് ഗോവിന്ദ് കമെന്‍റ് ഇട്ടു .
"നിനക്കോര്‍മ്മയുണ്ടോ ലൈല ടീച്ചര്‍ക്കെതിരെ ഫയല്‍ ചെയ്യപ്പെട്ട ആ ഹരിജന്‍ പീഡനക്കേസ്?"
അശ്രദ്ധമെന്ന മട്ടില്‍ തല കുലുക്കിയെങ്കിലും ഗോവിന്ദിന് ആ സംഭവം നല്ല  ഓര്‍മ്മയുണ്ടായിരുന്നു .കുറച്ചു കൂടി കൃത്യമായി പറഞ്ഞാല്‍ അവനത് മറക്കാന്‍ കഴിയുമായിരുന്നില്ല ,അവന്‍ തന്നെ  ആയിരുന്നല്ലോ ആ കേസിന്റെ പിന്നില്‍ . സ്വതവേ വളരെ കര്‍ക്കശക്കാരി ആയിരുന്ന ലൈല ടീച്ചര്‍ , അറ്റെന്‍ഡെന്‍സ് വളരെ കുറവായിരുന്ന ഗോവിന്ദിനും കൂട്ടര്‍ക്കും  ഇന്‍റേണല്‍ മാര്‍ക്സ് കുറച്ചു കൊടുത്തതിന്‍റെ പ്രതികാരമായിരുന്നു ആ കേസ് .സുനിലിന്റെ റിക്കോര്‍ഡ് ബുക്കുകള്‍ കീറിയെറിഞ്ഞ ശേഷം അത് ചെയ്തത് ലൈല ടീച്ചര്‍ ആണെന്ന് സുനിലിനെ പറഞ്ഞു വിശ്വസിപ്പിച്ചതും അവനെ ചാവി കയറ്റി ടീച്ചറുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടുത്തിയതും ഉന്തും തള്ളിലും ഒക്കെ എത്തിച്ചതും ഹരിജന പീഡനത്തിന് കേസ് കൊടുത്തതും  എല്ലാം ഗോവിന്ദിന്റെയും കൂട്ടുകാരുടെയും ആശയം തന്നെയായിരുന്നു .ടീച്ചര്‍ക്ക് സസ്പെന്‍ഷനും  സുനിലിന് പരീക്ഷയില്‍ തോല്‍വിയും ആയിരുന്നു ആ കേസിന്റെ ഫലം .ആ ഒരൊറ്റ സംഭവം കൊണ്ട് മാത്രം ഗോവിന്ദിന് ഇന്റേണല്‍ മാര്‍ക്കുകള്‍ കൂട്ടിക്കിട്ടുകയും ചെയ്തു .
"ആ കേസ് ആണെന്റെ ജീവിതം തകര്‍ത്തത് "അനന്യയുടെ നിശ്വാസം അവന്റെ കവിളില്‍പ്പതിച്ചു."ഞാന്‍ എത്ര തവണ അവനോടു ചോദിച്ചതാണെന്നോ ?അവനെ എത്ര റിമൈണ്ട് ചെയ്തിട്ടുണ്ടെന്നോ ഒരു ഇന്‍റര്‍ കാസ്റ്റ് മാര്യേജ് എന്റെ പപ്പ സമ്മതിക്കില്ല എന്ന്. ഞാന്‍ എങ്ങനെയാ പറയാ  പപ്പായോട് ഇങ്ങനൊരു  ആളെയാ ഞാന്‍ പ്രണയിക്കുന്നതെന്ന് ? അവന് ,അവന് ..എങ്ങനെ തോന്നി എന്നെ ചീറ്റ് ചെയ്യാന്‍ "അനന്യയുടെ ശബ്ദത്തില്‍ വര്‍ഷങ്ങളായി വറ്റാത്ത കണ്ണീര്‍ നനവ് ഉണ്ടെന്ന് ഗോവിന്ദിന് തോന്നി .അവനും സുനിലിനോട് വൈരാഗ്യം തോന്നി .'എങ്ങനെ കഴിയുന്നു ഇവന്‍മാര്‍ക്ക് ഒരു പാവം പെണ്‍കുട്ടിയെ പറഞ്ഞു പറ്റിക്കുവാന്‍?'
"പക്ഷേ ഇത്രയും കാലത്തെ കണ്ണുനീരിന് ഇന്ന് ഞാനവനോടു പകരം ചോദിക്കും .നീ അതിനെന്നെ സഹായിക്കണം "
ഗോവിന്ദ് അവളെ ചോദ്യഭാവത്തില്‍ നോക്കി .
" ഇന്നൊരു  ദിവസത്തേക്കു , വെറും ഒരു ദിവസത്തേക്ക് മാത്രം നിനക്കെന്നെയൊന്നു പ്രണയിച്ച് കൂടെ ഗോവിന്ദ് ?"
പ്രസവത്തിന്നായി വീട്ടില്‍ പോയിരിക്കുന്ന ഭാര്യ മടങ്ങിയെത്തുന്നത് വരെ  നിന്നെ ഞാന്‍ എത്ര വേണമെങ്കിലും  പ്രണയിക്കാന്‍ തയ്യാറാണ്  എന്നൊരു കുസൃതി നാവിന്‍തുമ്പത്തു വന്നെങ്കിലും അവനത് വിഴുങ്ങി . തന്റെ കൈത്തലത്തില്‍ വിശ്രമിച്ചിരുന്ന മുയല്‍ക്കുഞ്ഞിനെ മറുകൈ കൊണ്ട് തലോടി അവന്‍ പ്രതിവചിച്ചു ."ഷുവര്‍ ബേബീ "അനന്യ കൈ പിന്‍വലിക്കാതെ തന്നെ യാചനയും പ്രണയവും കലര്‍ന്ന ഒരു ഭാവത്തോടെ അവന്റെ മുഖത്തേക്ക് ഉറ്റു നോക്കിക്കൊണ്ടിരുന്നു . ഗോവിന്ദിനു സുനിലിനോടു അന്നാദ്യമായി നന്ദി തോന്നി .
  അവര്‍ ചെന്നപ്പോഴും പ്രോഗ്രാം തുടങ്ങിയിരുന്നില്ല .വിനോദിന്റെ  കൊട്ടാര സദൃശമായ വീടിന്റെ ലിവിംഗ് റൂമില്‍ ഓരോരുത്തരും ചെറിയ കൂട്ടങ്ങളായി ചേര്‍ന്ന് നിന്നു കുശലം പറയുകയും സ്നേഹ സ്മരണകള്‍ പുതുക്കുകയും ചെയ്തു .ബഫെയില്‍ പോയി ഗോവിന്ദ് തന്റെ ഗ്ലോബ്ലറ്റില്‍ ഹോട്ട് ടോഡിയും അനന്യ ഒരു ഷോട്ട് മാര്‍ട്ടിനിയും എടുത്തു വന്നു . സെറ്റിയില്‍ മോക്ക്ടെയില്‍ സിപ്പ് ചെയ്തു കൊണ്ടിരുന്ന അബ്ദുള്‍ റഹിമാന്‍റെ അടുത്ത് അവരിരുന്നു .ഗോവിന്ദിന്റെ ആത്മ സുഹൃത്ത് ആയിരുന്ന അബ്ദുള്‍റഹിമാനെ അവന്‍ പോളിയില്‍ നിന്നു  പിരിഞ്ഞതില്‍ പിന്നെ ആദ്യമായി കാണുകയായിരുന്നു .
"എടാ കീടമേ, നീയങ്ങു തീവ്രവാദി  പോലെയായല്ലോ "അവന്‍ പൊട്ടിച്ചിരിച്ചു .."എച്ച് സി എല്ലില്‍ വലിയ   ജോലി ഉണ്ടായിട്ടും നീ ഇപ്പൊഴും ആ മലപ്പുറം കാക്ക തന്നെ ,അവന്റെ ഒരു എത്താത്ത പാന്റും മുട്ടനാടിന്റെ താടിയും ,ഹും !"അബ്ദുല്‍റഹിമാന്‍റെ തോളത്തു ആഞ്ഞടിച്ചു കൊണ്ട് ഗോവിന്ദ് മറുപടി പറഞ്ഞു .അനന്യ വലിയ താല്‍പ്പര്യമൊന്നുമില്ലാതെ അവരുടെ സംഭാഷണം ശ്രവിച്ചു കൊണ്ടിരുന്നു  .
         നിറഞ്ഞ ചിരിയോടെ കൈ നീട്ടിക്കൊണ്ടു  സുനില്‍ അവര്‍ക്കടുത്തേക്ക് വന്നതെങ്കിലും അനന്യ അനിഷ്ടം പ്രകടമാക്കിക്കൊണ്ട് എഴുന്നേറ്റ് പോയി ,കണ്ണു കൊണ്ട് അവള്‍ ഗോവിന്ദിനെ തനിക്കരികിലേക്ക് ക്ഷണിക്കുകയും ചെയ്തു.
"എന്താ അനന്യാ ?".
"വല്ലാത്ത തലവേദന! "അവള്‍ നുണ പറയുകയാണെന്ന് തോന്നിയെങ്കിലും ഗോവിന്ദ് അവളുടെ നെറ്റിത്തടത്തിലെ ഞരമ്പുകളില്‍ ദൃഢമായി അമര്‍ത്തി ."ഇപ്പോള്‍ കുറവുണ്ടോ ?" .മിഴികളടച്ച് അവള്‍ ഉണ്ടെന്നോ ഇല്ലെന്നോ വ്യാഖ്യാനിക്കാവുന്ന വിധത്തില്‍   തലയിളക്കി.
സുനിലിനെ  തനിച്ചാക്കി  ഗോവിന്ദിനൊപ്പം പോന്ന അബ്ദുല്‍റഹിമാന്‍ അമ്പരപ്പോടെ തിരക്കി
"ചങ്ങായ് ,എന്താ നീ പെട്ടെന്നെഴുന്നേറ്റത് ?"ഗൂഢമായ ഒരു പുഞ്ചിരി കൊണ്ട് ഗോവിന്ദ് അതിനു മറുപടി പറഞ്ഞു  .അനന്യയെ ഒന്നു പാളിനോക്കി "ങും" എന്നൊരു മൂളലോടെ അബ്ദുല്‍റഹിമാന്‍ കൂട്ടിച്ചേര്‍ത്തു.
"അവനിപ്പോള്‍ പഴയ ആളല്ലാട്ടോ ,വലിയ പോസ്റ്റിലാ അവനിപ്പോ.നിന്നെ വേണമെങ്കില്‍ സസ്പെന്‍ഡ് ചെയ്യാനും അവനിപ്പോള്‍ കഴിയും .അധികം കളിക്കണ്ട " അനന്യയുടെ  മുഖംകോട്ടല്‍ ഒരു കൂട്ടച്ചിരിയിലേക്ക് പകര്‍ന്നു .
    ഗോവിന്ദ് അനന്യയുടെ പിറകെ നടക്കുന്നത് അബ്ദുല്‍റഹിമാനെ ചൊടിപ്പിച്ചിരുന്നു . ഇടക്ക് അവനത് ഗോവിന്ദിനോട് രഹസ്യമായി ചോദിക്കുകയും ചെയ്തിരുന്നു ."യ്യ്  എത്താ ചങ്ങായ്  ഇബള്‍ടെ വാലേ തൂങ്ങി നടക്കുന്നത് ?എന്താ അന്‍റെ ഉദ്ദേശം ?"
ഗോവിന്ദ് കണ്ണിറുക്കിക്കാട്ടി.പ്രയോജനമുണ്ടാകും എന്ന ഭാവത്തില്‍ മുഖപേശികള്‍ ചലിപ്പിക്കുകയും ചെയ്തു   .
     ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ അബ്ദുല്‍റഹിമാന്‍റെ പാത്രത്തിലെ വിഭവങ്ങള്‍ കണ്ടു അനന്യ മുഖം ചുളിച്ചു . " ഈ ജീവികളെയൊക്കെ തല്ലിക്കൊന്നു കഴിക്കുന്ന ശീലം മാറ്റിക്കൂടേ നിങ്ങള്‍ക്കൊക്കെ ?"
ഇളിഭ്യമായ ചിരിയോടെ അബ്ദുള്‍റഹിമാന്‍ പറഞ്ഞു ."ഇത് ചിക്കനാണ്"തൊട്ടടുത്ത ടേബിളില്‍ ഇരുന്ന സുനിലും അതേ വിഭവങ്ങള്‍ തന്നെയാണ് ഭക്ഷിച്ചു കൊണ്ടിരിക്കുന്നതെന്ന് ഒളിക്കണ്ണിട്ട് നോക്കി അനന്യ ഓക്കാനിച്ചു . "ബ്ലേ..ശവം തീനികള്‍ !".അബ്ദുല്‍റഹിമാന്‍റെ മുഖം വിവര്‍ണ്ണമായി . സുനില്‍ അതൊന്നും ശ്രദ്ധിക്കാതെ തന്‍റെ ഭക്ഷണം  ആസ്വദിച്ചു  . തങ്ങള്‍ കെ എഫ് സി യില്‍ വെച്ചു കഴിച്ചതും ചിക്കന്‍ ആയിരുന്നു എന്നത് അവള്‍ മറന്നു പോയോ എന്നു സംശയിച്ചെങ്കിലും ഗോവിന്ദ് മൌനം പാലിച്ചു
                ഭക്ഷണ ശേഷം പ്രോഗ്രാമിന്റെ ആങ്കറിങ് അനന്യ ഏറ്റെടുത്തു .ഒഴുക്കുള്ള ഇംഗ്ലിഷില്‍ സംസാരിച്ച് കൊണ്ട് അവള്‍ പരിപാടി മൊത്തം കയ്യിലെടുത്തു .അവള്‍ക്ക് ഓരോരുത്തരുടെയും ശീലങ്ങളും  കഴിവുകളുമെല്ലാം  നന്നായറിയാമായിരുന്നു .അവള്‍ ചിലരെ പാടാന്‍ വിളിച്ചു .ചിലരെക്കൊണ്ട് മിമിക്രി ചെയ്യിച്ചു .ചിലരെക്കൊണ്ട് തവളച്ചാട്ടം ചാടിച്ചു .കൈ രണ്ടും പിറകില്‍ കെട്ടി തല കൊണ്ട് ബലൂണുകള്‍ അടിച്ചു പൊട്ടിക്കുന്നതിനും തീവണ്ടി കളിക്കുന്നതിനും പ്രേരിപ്പിച്ചു .ഇടക്ക് മാംഗല്യം തന്തുനാനാനെന്ന എന്നു പാട്ടിനൊപ്പം  കൂട്ടുകാരോടൊപ്പം നൃത്തം വെച്ചു .പക്ഷേ ഒരിക്കല്‍പ്പോലും അവള്‍ സുനിലിനെ കണ്ടതായിപ്പോലും ഭാവിച്ചില്ല .നൃത്തം ചെയ്യുന്ന വേളയില്‍പ്പോലും തന്റെ കരങ്ങള്‍ ഗോവിന്ദിന്‍റേതിനോട് കോര്‍ത്ത് പിടിച്ചു.മിഴികള്‍ കൊണ്ടുപോലും ഒരിയ്ക്കലും അവള്‍ സുനിലിനെ തൊട്ടതേയില്ല.അവഗണനയോളം പോന്ന ഒരായുധമില്ലെന്ന് ഇടക്കിടെ അവള്‍ പല്ലിറുമ്മി .സുനില്‍ പാട്ട് പാടിക്കൊണ്ടിരിക്കുമ്പോള്‍ കരഘോഷങ്ങള്‍ക്കൊപ്പം ഉയര്‍ന്ന കൂവല്‍ അവളുടെ കണ്ഠത്തില്‍ നിന്നാണെന്ന് ഗോവിന്ദിന് തീര്‍ച്ചയായിരുന്നു  .
"കമോണ്‍ ജെന്‍റില്‍മെന്‍.ലെറ്റ്സ് പ്ലേ പാസ്സിങ് ദി പാര്‍സല്‍ "അനന്യയുടെ ഉല്ലാസഭരിതമായ ശബ്ദമുയര്‍ന്നു .അവള്‍ എന്തിനാണ് കോപ്പ് കൂട്ടുന്നതെന്ന് ആദ്യമൊന്നും ഗോവിന്ദിന് മനസ്സിലായില്ല .മാര്‍ട്ടിനി അവളില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടുണ്ടാവണം .ഇല്ലെങ്കില്‍ പാസിങ് ദി പാര്‍സല്‍ പോലെയുള്ള ഒരു പഴഞ്ചന്‍ കളി തെരഞ്ഞെടുക്കുമോ  ?
"അതൊരു ബോറന്‍ കളിയല്ലേ ?നമുക്ക് സ്പോഞ്ച് നീലം കലക്കിയ വെള്ളത്തില്‍ മുക്കി എറിഞ്ഞു കളിക്കാം "കോശി പറഞ്ഞത് ആരും വിലക്കെടുത്തില്ല.തന്റെ ബോസിനെ ഒരിക്കല്‍ അങ്ങനെ എറിയാന്‍ കിട്ടിയ അവസരം അവന്റെ സ്വരത്തില്‍ മധുരമായിത്തെളിഞ്ഞു .
"സമ്മാനം വേണം ,വെറുതെ ഒന്നും പറ്റില്ല "ഗോവിന്ദ് ഉറക്കെ വിളിച്ച് പറഞ്ഞു .എല്ലാവരും അതാവര്‍ത്തിച്ചു .
"പാര്‍സല്‍ തന്നെ ഒരു സമ്മാനം ആണ് "
"നോ നോ "ഗോവിന്ദ് ആര്‍ത്തു വിളിച്ചു."എന്തെങ്കിലും ഒരു വെറൈറ്റി ഒക്കെ വേണ്ടേ ?
ഓരോരുത്തരും ഓരോരോ അഭിപ്രായങ്ങള്‍ പറയാന്‍ തുടങ്ങി .ഒരു കുപ്പി ഷംപെയ്ന്‍, അനന്യക്കൊപ്പം ക്യാന്‍ഡില്‍ ലൈറ്റ് ഡിന്നര്‍ ,അടുത്ത് നടക്കാനിരിക്കുന്ന ഇന്ത്യ പാക് മല്‍സരത്തിന്റെ വി ഐ പി ഗാല്ലറി ടിക്കറ്റ്,എന്നിങ്ങനെ പല നിര്‍ദ്ദേശങ്ങളും വന്നെങ്കിലും പലപല കാരണങ്ങളാല്‍ അവയൊക്കെ തള്ളിപ്പോയി .ഗോവിന്ദ്   തന്നെയാണ് ഒടുവില്‍ എല്ലാവര്‍ക്കും സ്വീകാര്യമായ അഭിപ്രായം പറഞ്ഞത് .
"തോല്‍ക്കുന്നയാള്‍ ജയിക്കുന്നവരുടെ ഷൂസ് നാവ്  കൊണ്ട് പോളിഷ് ചെയ്യണം ."ആര്‍പ്പ് വിളികള്‍ ഉയര്‍ന്നു ."സൂപ്പര്‍,കിടുക്കി ,തിമിര്‍ത്ത്  "എന്നെല്ലാം ഓരോരുത്തരും വിളിച്ച് പറഞ്ഞു . കുറെ നാളുകളായി ഒരു തമാശ ആസ്വദിക്കാന്‍ കഴിഞ്ഞതിന്റെ ഹരത്തിലായിരുന്നു എല്ലാവരും ."പണ്ട് ഹോസ്റ്റലില്‍ റാഗ്ഗിംഗ് ചെയ്യുന്ന കാലത്ത് ഞാന്‍  സുനിലിനെക്കൊണ്ട് തീപ്പെട്ടിക്കോല് വെച്ച് എന്റെ മുറി മുഴുവന്‍ അളന്നെടുപ്പിച്ചിട്ടുണ്ട്.ഇതതിനെക്കാള്‍ അടിപൊളിയാ അല്ലേ.അന്ന് നീയാ കൂടുതല്‍ എഞ്ജോയ് ചെയ്തത്  .ഓര്‍മ്മയുണ്ടോ?"അബ്ദുള്‍ റഹിമാനോട് ഗോവിന്ദ് രഹസ്യമായി പറഞ്ഞു .
കറുത്ത തുണി കൊണ്ട് അനന്യയുടെ കണ്ണ് മൂടിക്കെട്ടുമ്പോള്‍ ഗോവിന്ദ് കളിയായി പറഞ്ഞു  "ഇപ്പോള്‍ നിന്നെക്കാണാന്‍ നീതി ദേവതയുടെ മാതിരിയുണ്ട് ,കണ്ണു മൂടിക്കെട്ടി ഒരു കയ്യില്‍ ചുറ്റികയുമൊക്കെയായി"
കളി ആരംഭിച്ചു .എല്ലാവരും തമ്മില്‍ത്തമ്മില്‍ ചേര്‍ന്ന് നിന്നു വിശാലമായ ഒരു വൃത്തം രചിച്ചു . ഭിത്തിയോട് തിരിഞ്ഞു നിന്നു അനന്യ ഒരു കിണ്ണത്തില്‍ കൊട്ടിക്കൊണ്ടിരുന്നു . അവള്‍ക്ക് കറുത്ത തുണിക്കിടയിലൂടെ കണ്ണ് കാണുന്നുണ്ടോ എന്നു ഗോവിന്ദിന് സംശയം തോന്നി .ഓരോ പ്രാവശ്യവും അവള്‍ കിണ്ണത്തില്‍ത്തട്ടുന്നത് നിര്‍ത്തുമ്പോഴും പാര്‍സല്‍ ഗോവിന്ദിന്റെ കയ്യില്‍ നിന്നു തൊട്ടടുത്തയാളിലേക്ക് കൈ മാറിയിട്ടേ ഉണ്ടായിരുന്നുള്ളൂ .  താന്‍ നില്‍ക്കുന്ന സ്ഥലവും പാര്‍സല്‍ കൈമാറ്റം ചെയ്യപ്പെടുന്ന വേഗതയും തമ്മില്‍ ബന്ധപ്പെടുത്തി അവളെങ്ങനെയാണ് സമയം  കണക്ക് കൂട്ടിയെടുക്കുന്നത് എന്നവനതിശയിച്ചു. നിമിഷങ്ങള്‍ കഴിയുംതോറും അവര്‍ ചേര്‍ന്നൊരുക്കിയ  വൃത്തത്തിന്റെ വ്യാസം കുറഞ്ഞു  കുറഞ്ഞു വന്നു .ആറ് ,അഞ്ച്,നാല് ,, കുറഞ്ഞു കുറഞ്ഞു അത് ഗോവിന്ദ് ,സുനില്‍ ,അബ്ദുല്‍റഹിമാന്‍ എന്നിങ്ങനെ മൂന്നു പേരായിത്തീര്‍ന്നു.ഗോവിന്ദിന്റെ നെഞ്ചിടിപ്പ് വര്‍ദ്ധിച്ചു വന്നു .ഒരാവേശത്തിനു നാവ്  കൊണ്ട് ഷൂസ് തുടക്കണം എന്നൊക്കെപ്പറഞ്ഞെങ്കിലും അത് താന്‍ ചെയ്യേണ്ടി വരുന്നതിനുള്ള  സാധ്യത  അവന്‍ ആലോചിച്ചിരുന്നില്ല . അതും  സുനിലിന്‍റെ ഷൂസായാല്‍ പിന്നെ ചാകുന്നതാണ് നല്ലത്.അനന്യക്ക് പിഴക്കരുതേ എന്നവന്‍ മനസ് നൊന്ത്  പ്രാര്‍ത്ഥിച്ചു .
         അടുത്ത  ഊഴം അബ്ദുള്‍റഹ്മാന്റേത് ആയിരുന്നു .ഇനി സുനിലും ഗോവിന്ദും മാത്രം ബാക്കി . അവിടെ കൂടിയവര്‍ എല്ലാവരും കയ്യടിക്കാനും ആര്‍ത്തു വിളിക്കാനും ആരംഭിച്ചിരുന്നു. "ടടടട്ടട്ടട്ടേ ,ഹിയ്യാഹുവാ  ഗോവിന്ദ്  "ബിനു  ജോണ്‍ മുദ്രാവാക്യം മുഴക്കി .പോളി തെരഞ്ഞെടുപ്പില്‍ മല്‍സരിച്ച കാലത്ത് ഗോവിന്ദിന്റെ എലക്ഷന്‍ മാനേജര്‍ ആയിരുന്ന പരിചയം വെച്ചാണ് അവനത് വിളിച്ചത് .ബാക്കിയുള്ളവര്‍ ഏറ്റ് വിളിച്ചു .ഒന്നു രണ്ടു പേര്‍ സുനിലിനും കീജയ് വിളിച്ചു .അനന്യ കിണ്ണത്തില്‍ മുട്ടിത്തുടങ്ങി .ഓരോരുത്തരും ശ്വാസം അടക്കി അവള്‍ എപ്പോള്‍ അത് നിര്‍ത്തൂം എന്നറിയാനായി കാത്തു നിന്നു .ഗോവിന്ദ് സൂക്ഷ്മതയോടെ അനന്യയില്‍ത്തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ട് ഒരോ തവണയും പാര്‍സല്‍ കൈമാറിക്കൊണ്ടിരുന്നു .തന്‍റെ കൈയില്‍ പാര്‍സല്‍ ഒരു മൈക്രോസെക്കണ്ട് ഒക്കെ ഇരിക്കാനേ അവന്‍ അനുവദിച്ചുള്ളൂ .
ടിങ് ! അനന്യ കിണ്ണം മുട്ടുന്നത് അവസാനിപ്പിച്ചു .എല്ലാവരും ആകാംക്ഷയോടെ പാര്‍സല്‍ ആരുടെ കയ്യിലാണെന്നറിയാന്‍ വേണ്ടി നോക്കി .അത് സുനിലിന്റെ കയ്യില്‍ നിന്ന് പുറപ്പെട്ടു കഴിഞ്ഞിരുന്നു ..ഏതോ സ്വാഭാവിക പ്രേരണയാലേ ഗോവിന്ദ് അത് തന്‍റെ കയ്യില്‍ ഏറ്റ് വാങ്ങി .
"സുനില്‍ ജയിച്ചേ "സുനിലിന്റെ കയ്യില്‍ പിടിച്ചുയര്‍ത്തിക്കൊണ്ട് അബ്ദുള്‍റഹിമാന്‍ വിളിച്ച് കൂവി ."സുനില്‍ ജയിച്ചു ,,കമോണ്ഡ്രാ ഗോവിന്ദേ,അവന്റെ ഷൂ പോളിഷ് ചെയ്യൂ "
അനന്യ കണ്ണിലെ കെട്ടഴിച്ച ശേഷം തന്‍റെ മുന്നില്‍ നടക്കുന്നതെന്ത് എന്നറിയാതെ അന്തിച്ചു നില്‍ക്കുകയായിരുന്നു .
"കമോണ്‍ഡ്രാ ഗോവിന്ദ് "എല്ലാവരും ആര്‍ത്ത് വിളിച്ചു ,"അല്ലല്ല,ഞാനാ ജയിച്ചത് ,അനന്യ നിര്‍ത്തുമ്പോള്‍സുനിലിന്റെ കയ്യിലായിരുന്നു പാര്‍സല്‍ "ഗോവിന്ദിന്റെ ന്യായീകരണങ്ങള്‍ ഒന്നും ആരും ശ്രദ്ധിച്ചില്ല  .സുനില്‍ സ്റ്റൂളിന്‍റെ മുകളിലേക്ക് തന്‍റെ കാലുകള്‍ കയറ്റി വെച്ചു ."
"വരൂ ,വരൂ ,പോളിഷ് ചെയ്യൂ "
ഗോവിന്ദിന്റെ നടപ്പില്‍പ്പോലും  ഇച്ഛാഭംഗം പ്രകടമായിരുന്നു .അവനെ ഏറ്റവും തളര്‍ത്തിയത് അനന്യ ഓടി വന്നു സുനിലിനെ ആലിംഗനം ചെയ്തതാണ് .അവള്‍ ഒരു കാമുകിയുടെ മുഴുവന്‍ പാരവശ്യത്തോട്യും കൂടി സുനിലിന്‍റെ കവിളില്‍  ഉമ്മ വെക്കുക പോലും ചെയ്തു .ഗോവിന്ദ് വെറുപ്പോടെ പല്ലിറുമ്മി .പരാജിതന്റെ വൈക്ലബ്യത്തോടെ തന്റെ അടുത്തേക്ക് നടന്നു വന്നിരുന്ന ഗോവിന്ദിനെ കൈ കൊണ്ട്  തടഞ്ഞ് സുനില്‍ ഉറക്കെ വിളിച്ച് പറഞ്ഞു .
"അബ്ദുല്‍റഹിമാന്‍,വരൂ  ,നീ ,,നീ ആണത് ചെയ്യേണ്ടത് "
പകച്ചു നില്‍ക്കുന്ന അബ്ദുല്‍റഹിമാന്റെ  നേര്‍ക്ക് എല്ലാവരും തിരിഞ്ഞു .അബ്ദുല്‍രഹിമാനതൊട്ടും പ്രതീക്ഷിച്ചിരുന്നില്ല.മറുത്തെന്തോ പറയാന്‍ ശ്രമിച്ച അവന്റെ വാക്കുകള്‍ തൊണ്ടയില്‍ത്തന്നെ വറ്റിപ്പോയി .പുറത്തേക്ക് വന്നിരുന്നെങ്കിലും  ആരും അത് കേള്‍ക്കുമായിരുന്നില്ല..എല്ലാവരും  ആര്‍പ്പുവിളിയിലും  ഉല്ലാസത്തിലും മുഴുകിക്കഴിഞ്ഞിരുന്നു .കാതടപ്പിക്കുന്ന സംഗീതം ഉയര്‍ന്നു.എന്നിട്ടും മടിച്ച് നിന്ന അബ്ദുല്‍റഹിമാനെ ഗോവിന്ദ് ഒറ്റത്തള്ള് വെച്ചു കൊടുത്തു.അവന്‍ നില തെറ്റി സുനിലിന്റെ പാദങ്ങള്‍ക്കരികിലേക്ക് വീണു.ആരോ നാപ്കിന്‍ ഷൂസിന് മീതെ വിരിച്ചു.സംഗീതം ഉച്ചസ്ഥായിയിലായി.

Monday, March 14, 2016

ഗ്ലൂമി സണ്‍ഡേ

                                  
എതിരെയുള്ള ഫ്ലാറ്റിലെ താമസക്കാര്‍ ഒഴിഞ്ഞതിന്റെ അടുത്ത ദിവസമാണ് കിഴവനും കിഴവിക്കും വിവാഹമോചനം അനുവദിച്ചു കിട്ടിയത് ആ ഫ്ലാറ്റ് തന്നെ വാടകയ്ക്ക് എടുക്കാന്‍ കിഴവന് സൌകര്യമായി.അതയാളുടെ  വാശി ആയിരുന്നു താനും . വിവാഹമോചനത്തിനായി അവര്‍ രണ്ടു പേരും ഉന്നയിച്ച ന്യായങ്ങള്‍ പോലെ ബാലിശമായ ഒന്ന്  .
കോടതിക്ക് മുന്‍പാകെ ഭാര്യ പറഞ്ഞു
"ഇയാള്‍ എന്നെ ഒരു വിധത്തിലും സഹായിക്കാറില്ല .എപ്പോഴും ചാരുകസേരയില്‍ രണ്ടു കാലുകളും ഉയര്‍ത്തിവെച്ച്   ആജ്ഞകള്‍ പുറപ്പെടുവിക്കുക മാത്രമാണിയാളുടെ പണി . അടുക്കളയിലും ഫ്ലാറ്റിലും ഉഴച്ചുഴച്ച് എനിക്കു മതിയായി ,എത്ര നാളായെന്നോ ഞാന്‍ ശരിക്കൊന്നുറങ്ങിയിട്ട് ? അത് മാത്രമല്ല ഈ മനുഷ്യനു വെളിച്ചം പേടിയാണ് .ലിവിംഗ്റൂമിലെ ജനാലകള്‍ എല്ലായ്പ്പോഴും അടച്ചിടും .വെളിച്ചം കയറാതെ എന്റെ മനസ്സ്  പ്രേതാലയം പോലെ ആയി മാറിയിരിക്കുന്നു ."
ഭര്‍ത്താവ് പറഞ്ഞത് :
വിവാഹം കഴിഞ്ഞ അന്ന് മുതല്‍ മധുരം കഴിക്കാന്‍ ഈ സ്ത്രീ എന്നെ സമ്മതിക്കാറില്ല.നാവിനോടും ഹൃദയത്തോടും അടങ്ങി നില്ക്കാന്‍ എത്ര നാള്‍ ഞാന്‍ ആവശ്യപ്പെടും ?ജോലിയില്‍ സഹായിക്കാന്‍ ആഗ്രഹമില്ലാഞ്ഞിട്ടല്ല.പക്ഷേ ദിവസം മുഴുവനും ടി വിയിലെ വിനോദ പരിപാടികള്‍ കാണല്‍ മാത്രമാണു ഇവളുടെ ജോലി .ചാനല്‍ മാറ്റാന്‍ പോലും  എന്നെ അനുവദിക്കാറില്ല.പുറം ലോകത്തെ വാര്‍ത്തകള്‍ ഒന്നുമറിയാതെ എന്റെ മനസ്സ്  തുരുമ്പിച്ച ഒരു താഴ് പോലെയായിത്തീര്‍ന്നിരിക്കുന്നു .ടി വി യുടെ റിമോട്ട് അമര്‍ത്താന്‍ ഉള്ള സ്വാതന്ത്ര്യം എങ്കിലും എനിക്കു മരിക്കും മുന്നേ ആസ്വദിക്കണം.അത് മാത്രമല്ല വ്യാഴാഴ്ചതോറും വരാറുള്ള  ഭിക്ഷക്കാരിക്ക് വീട്ടിലുള്ള പണം മുഴുവന്‍ വാരിക്കൊടുക്കലാണ് ഇവളുടെ പണി .ഇക്കണക്കിന് ഞാനും താമസിയാതെ ഭിക്ഷക്ക് ഇറങ്ങേണ്ടി വരും !  .
ജഡ്ജ് വിവാഹമോചനം അനുവദിച്ചു .
വിവാഹം കഴിഞ്ഞു വിദേശത്ത് താമസിക്കുന്ന മകള്‍ നല്ലൊരു തുക അയച്ചു കൊടുക്കാറുണ്ടായിരുന്നത് കൊണ്ട് ഭാര്യക്കും പെന്‍ഷന്‍ ഉണ്ടായിരുന്നത് കൊണ്ട് ഭര്‍ത്താവിനും പണത്തിന് യാതൊരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല .
വിവാഹമോചനം കഴിഞ്ഞ ആദ്യ ദിവസം തന്നെ ആശ്വാസത്തോടെ ഭാര്യ  എല്ലാ ജനാലകളും തുറന്നിട്ടു. "ഞാന്‍ ജീവിതം ആസ്വദിക്കാന്‍ പോകുന്നു .ഇന്ന് മുഴുവന്‍ ഞാന്‍ ജോലി ഒന്നും എടുക്കാതെ ഉറങ്ങും ."അവര്‍ ആഹ്ളാദത്തോടെ വിചാരിച്ചു . വിശ്രമിക്കുന്നതിനായി ഇടം തേടവേ ഭര്‍ത്താവിന്റെ ചാരുകസേര  കണ്ണില്‍പ്പെട്ടു .
"എന്തിനാണ് ഞാന്‍ മറ്റൊരിടം അന്വേഷിക്കുന്നത് ?ഇനി ഞാന്‍ തന്നെ അല്ലയോ ഈ വീട്ടിലെ അധികാരി ?"
  എന്നും ഭയത്തോടെ മാത്രം കണ്ടിരുന്ന ആ കസേര അന്ന് അനല്‍പ്പമായ ശാന്തിയും സമാധാനവും അവര്‍ക്ക് നല്‍കി .പക്ഷേ   തുറന്നിട്ട ജനാലയിലൂടെ കടന്നു വന്നിരുന്ന പ്രകാശത്തിന്റെ ഒരു ചീള് അവരെ ഉറങ്ങുന്നതില്‍ നിന്നും തടഞ്ഞു .കുപിതയായ അവര്‍ ജനാലകളെല്ലാം  അടച്ച് വീണ്ടും സ്വസ്ഥമായി ഉറങ്ങാന്‍ തുടങ്ങി.താന്‍ കസേര മാറ്റിയിടുകയോ സ്വയം മാറുകയോ ആണ് ചെയ്യേണ്ടിയിരുന്നതെന്നൊന്നും അവരപ്പോള്‍ ഓര്‍ക്കുകയുണ്ടായില്ല.
                       ഭര്‍ത്താവ് തന്റെ ഫ്ലാറ്റില്‍ പുതുതായി വാങ്ങിയ ടി വി യില്‍ വാര്‍ത്തകള്‍ കാണാന്‍ ശ്രമിക്കുകയായിരുന്നു .അയാളും വലിയ ആശ്വാസത്തിലായിരുന്നു . ടീപ്പോയില്‍ ഒരു തട്ടം നിറയെ ലഡ്ഡുവും മധുരപലഹാരങ്ങളും വെച്ചിരുന്നു .പക്ഷേ ആദ്യത്തെ ലഡ്ഡു കഴിക്കേ തന്നെ അയാള്‍ക്ക് ചെടിച്ചു .ഓരോ മധുരത്തുള്ളിയും  നാവിലേ രസമുകുളങ്ങളിലേക്ക് വെടിയുതിര്‍ക്കുന്നത് പോലെയാണ് അയാള്‍ക്ക് തോന്നിയത് .
           റിമോട്ട് ഹാങ് ആയതിനാല്‍ ഒരു മ്യൂസിക് ചാനലില്‍ കുടുങ്ങിക്കിടന്ന ചാനല്‍ മാറ്റാന്‍ അയാള്‍ എത്ര ശ്രമിച്ചിട്ടും കഴിഞ്ഞില്ല .ഗ്ലൂമി സണ്‍ഡേ എന്ന ഗാനത്തെക്കുറിച്ചുള്ള ഒരു പരിപാടി  ആയിരുന്നു അപ്പോള്‍ നടന്നു കൊണ്ടിരുന്നത് . "നിങ്ങള്‍ക്ക് വേണ്ടത്ര മനോധൈര്യമില്ലെങ്കില്‍ ഈ ഗാനം കേള്‍ക്കരുത് .ഇത് കേട്ടവരില്‍ ഭൂരിഭാഗം പേരും ആത്മഹത്യ ചെയ്യുകയോ മനോരോഗികളാവുകയോ ചെയ്തിട്ടുണ്ട് "അവതാരകന്‍ ഭീഷണി സ്വരത്തില്‍  മുന്നറിയിപ്പ് നല്‍കി. അനന്തരം വിരഹസാന്ദ്രമായ ആ പ്രണയ ഗാനം പ്ലേ ചെയ്യപ്പെട്ടു.
 മരിച്ചു പോയ തന്‍റെ പ്രണയിനിയ്ക്ക് വേണ്ടി കാത്തിരിക്കുന്ന ഒരു കാമുകന്റെ നോവുകളായിരുന്നു ആ ഗാനത്തിന്റെ ഉള്ളടക്കം .അത് കേള്‍ക്കെ വൃദ്ധനെ  കൊടിയ വിഷാദം ഗ്രസിച്ചു. തങ്ങളുടേതും ഒരു പ്രണയവിവാഹമായിരുന്നു എന്നയാള്‍ക്കോര്‍മ്മ വന്നു . പക്ഷേ വിവാഹത്തിന് ശേഷം താന്‍  ഒരിയ്ക്കലും സ്നേഹിക്കപ്പെടുകയോ സ്നേഹിക്കുകയോ ചെയ്തിട്ടില്ല എന്ന ചിന്ത അയാളെ നിരാശനാക്കി .നിരര്‍ത്ഥകമായ ഈ  ജീവിതം ഇനിയും തുടരൂന്നതിനെക്കാള്‍ ഭേദം ആത്മഹത്യ ചെയ്യുന്നതാണെന്ന വിചാരം അയാളില്‍പ്പടര്‍ന്നു .ഇരുളും ഈര്‍പ്പമുള്ള കെടുമ്പിച്ച വായുവും ചേര്‍ന്ന് തന്നെ ശ്വാസം മുട്ടിച്ചു കൊല്ലുമെന്നും അയാള്‍ ഭയപ്പെട്ടു . ജീവഭയത്താലെ വെപ്രാളം പൂണ്ടയാള്‍ ഫ്ലാറ്റിന്‍റെ വാതായനങ്ങളെല്ലാം തുറന്നിട്ടു .
    വലിയ ശബ്ദമുണ്ടാക്കിക്കൊണ്ട് ദൂരെ നിന്നൊരു ഹെലികോപ്ടര്‍ പറന്നു വരുന്നത് അയാള്‍ക്ക് കാണാനായി .ആശയുടെ ഒരു പൊതി അതില്‍ നിന്നു ആരെങ്കിലും തനിക്കെറിഞ്ഞു തരുമെന്നു വെറുതെ അയാള്‍ക്ക് തോന്നി  .പക്ഷേ ഒന്നുമുണ്ടായില്ല . ഇരമ്പം ബാക്കിയാക്കി മെല്ലെ മെല്ലെ ആ ആകാശപ്പറവ മറഞ്ഞു പോയി .  കാറ്റും വെളിച്ചവും സമൃദ്ധമായി മുറിയിലൊഴുകിയിരുന്നെങ്കിലും  അയാള്‍ക്ക് തന്റെ ആധികളില്‍ നിന്നപ്പോഴും  കരകയറാനായില്ല.തന്റെ നിഷ്പ്രയോജനമായ ജീവിതം അവസാനിപ്പിക്കുകയല്ലാതെ വേറെ വഴിയിലല്ലല്ലോ  എന്നയാള്‍ പരിതപിച്ചു.
        വെറുതെ ജനിച്ച് ജീവിച്ച്  വെറുതെ തന്നെ താന്‍ മരിച്ചു പോകുന്നുവല്ലോ താണെന്നോര്‍ത്തു  ഖിന്നനായ  അയാളുടെ മുന്നിലേക്കാണ്  ദൂരെ നിന്നും അയാളുടെ വീട്ടില്‍ പതിവായി വരാറുള്ള ആ ഭിക്ഷക്കാരി നടന്നെത്തിയത്  ."ഹാ ,എന്റെ ദു:ഖത്തിനുള്ള ഉത്തരം ഞാന്‍ കണ്ടെത്തി ,"ഒരു രക്ഷാമാര്‍ഗ്ഗം മുന്നില്‍ത്തെളിഞ്ഞ ആശ്വാസത്തോടെ അയാള്‍ സ്വയം പറഞ്ഞു ."ഇന്നവര്‍ക്ക് അപ്രതീക്ഷിതമായ ഒരു സമ്മാനം ഞാന്‍ കൊടുക്കും"തന്റെ പക്കലുണ്ടായിരുന്ന മുഴുവന്‍ പണവും മധുരപലഹാരങ്ങളും കയ്യിലേന്തി  അയാള്‍ ആ ഭിക്ഷുകി വാതിലില്‍ മുട്ടുന്നത് ആകാംക്ഷയോടെ കാത്തു നിന്നു .  

Tuesday, February 19, 2013

ഗുരു അത്ര തന്നെ ലഘു .

 .
ബസ്‌ സ്റ്റോപ്പ്‌.ഉച്ച തിരിഞ്ഞ നേരം.വെയ്റ്റിംഗ്‌ ഷെഡ്ഡിൽ വനിത ടൌണിലേക്ക് ഉള്ള ബസ്സ്‌ കാത്തിരിക്കുന്നുണ്ടായിരുന്നു .ടൌണിലേക്ക് വല്ലപ്പോഴുമേ ബസ്സുള്ളൂ .വനിത  കൊള്ളിറങ്ങി ഓടിവന്നപ്പോഴേക്കും ഒരെണ്ണം പൊടി പറത്തി നീങ്ങി
 .
"ശ്ശെ,ഒരു മിനിറ്റ് മുന്‍പ് ഇറങ്ങാമായിരുന്നു " അവള്‍  സ്വയം ശപിച്ചു .
വെയിറ്റിംഗ് ഷെഡിനു സമീപത്തു നിരനിരയായി ഓട്ടോകള്‍ നിര്‍ത്തിയിട്ടിരുന്നു . ബസ്സുകള്‍ കുറവായത് കൊണ്ട് ഓട്ടോക്കാര്‍ക്ക് നല്ല കൊയ്ത്ത് ആണ് .ഓരോ ബസ്സിലും ഒരാള്‍ എങ്കിലും അവര്‍ക്ക് കസ്റ്റമേഴ്സ് ഉണ്ടാകും .ആദ്യം തന്നെ നിര്‍ത്തിയിട്ടിരുന്ന ഓട്ടോയുടെ പേര് വനിതയെ വല്ലാതെ ആകര്‍ഷിച്ചു ."കഴുകന്‍ !"

ആ ഒാട്ടൊയുടെ  ഡ്രൈവർ പ്രതീക്ഷാനിർഭരമായ നോട്ടം അവളുടെ  നേര്‍ക്കെയ്തു . "വല്ലാത്തൊരു കഴുകന്‍ നോട്ടം "അവള്‍  വിചാരിച്ചു .ഇനി ഇയാളുടെ പേരും കഴുകന്‍ എന്ന് തന്നെയായിരിക്കുമോ ?"എന്തായാലും അയാളുടെ പക്ഷിച്ചുണ്ടന്‍മൂക്ക് അയാള്‍ക്ക്‌ കഴുകന്‍ എന്നല്ലാതെ വേറൊരു പേരും ചേരില്ല എന്ന് തോന്നിപ്പിച്ചു .വനിത നോട്ടം വിജനമായ റോഡില്‍ പാറുന്ന വെയില്‍ത്തുമ്പികളിലേക്ക് മാറ്റി .

വനിത തന്‍റെ ഓട്ടോയില്‍ കയറും എന്നൊരു പ്രതീക്ഷ കഴുകന്‍ വല്ലാതെ വെച്ചു പുലര്‍ത്തുന്നുണ്ടെന്ന് തോന്നി .അവള്‍  ഒന്ന് അനങ്ങുമ്പോള്‍ അയാള്‍ ഓട്ടോ സ്റ്റാര്‍ട്ട്‌ ചെയ്യാനൊരുങ്ങും എന്നാല്‍ വീണ്ടും വീണ്ടും അവള്‍   അയാളെ നിരാശയിലാഴ്ത്തി.വിളക്കുകാലിനടുത്തു നിന്നു ചെറിയ വാഹനങ്ങൾ തടഞ്ഞു നിർത്തി പണം പിടുങ്ങിക്കൊണ്ടിരുന്ന പൊലീസുകാരനെ പേടി ഇല്ലായിരുന്നെങ്കിൽ അയാൾ വനിതയെ തൂക്കിയെടുത്തു തന്‍റെ  ഓട്ടോയിലേക്കു എറിഞ്ഞേനെ.

"ഒരു ചായ "

റോഡ്‌ മുറിച്ചു കടന്നു വളകൾ വിൽക്കുന്ന ഒരാൾ വെയിറ്റിംഗ്‌ ഷെഡിനടുത്തു ഉന്തുവണ്ടിയിൽ ചായക്കച്ചവടം നടത്തുന്ന കിഴവിയുടെ അടുത്തെക്കു വന്നു.തന്‍റെ വളപ്പെട്ടി അയാള്‍  ബെഞ്ചില്‍ കുത്തിച്ചാരി വെച്ചു .ഒരു വശം ചില്ലിട്ട ആ തടിപ്പെട്ടിയില്‍ നിറയെ വളകള്‍ അടുക്കിയടുക്കി വെച്ചിരുന്നു .പല നിറത്തില്‍ പല തരത്തില്‍ ഉള്ള വളകള്‍ .കരിവളകള്‍ ,കുപ്പിവളകള്‍ ,ലോഹവളകള്‍,കല്ല്‌ വളകള്‍  അങ്ങനെ! . ചിലതൊക്കെ എടുത്തു നോക്കണം എന്നും വാങ്ങണം എന്നും ഉള്ള ചിന്തയെ വനിത നിയന്ത്രിച്ചു ,പേഴ്സില്‍ വണ്ടിക്കൂലി കഴിഞ്ഞാല്‍ അധികം പൈസ കാണില്ല .

ചായ കുടിച്ചു കഴിഞ്ഞു തന്‍റെ വളപ്പെട്ടി തോളിലേറ്റി  പോകാനൊരുങ്ങിയ അയാളോട് പരുഷമായ സ്വരത്തില്‍ കിഴവി പറഞ്ഞു "ആറു രൂപ ,"

അയാള്‍ ഒന്ന് പരുങ്ങി .പിന്നെ ദൈന്യതയോടെ തന്‍റെ ഒഴിഞ്ഞ കീശ കാട്ടിക്കൊടുത്തു വിളറിയ ഒരു ചിരി ചിരിച്ചു .

"ചായ വാങ്ങി വയറ്റിലേക്ക് ഒഴിക്കുമ്പോള്‍ കാശ് തരണം എന്ന് ഓര്‍ത്തില്ലേ ?പാലും പന്‍സാരയും എനിക്ക് വെറുതെ കിട്ടുന്നതല്ല  ."

"അമ്മായി; ഇത്ര നേരമായിട്ടും  ഒരു വള പോലും വിറ്റില്ല.വിറ്റാലുടൻ ഞാൻ നിങ്ങളുടെ കാശ്‌ തരാം.അല്ലെങ്കിൽ ചായക്കു പകരം ആ വിലക്കുള്ള വളകൾ എടുത്തോളൂ."

നിന്‍റെ  കെട്ട്യോള്‍ക്ക്‌ കൊണ്ടു പൊയികൊടുക്കെടാ ഈ പരട്ട കുപ്പിവളകള്‍ .എന്‍റെ  കാശ്‌ തരാതെ നിന്നെ ഞാന്‍ വിടില്ലടാ  തെമ്മാടീ"കിഴവി തര്‍ക്കിച്ചു  .

അവര്‍ക്കു വയസ്സേറെ ആയെങ്കിലും നാക്കിനു ഇപ്പോഴും ഒരു കുറവുമില്ല .കുറെ നേരത്തെ കശപിശക്ക് ശേഷം കിഴവിയും  വളക്കാരനും തമ്മില്‍ ഒരു ധാരണയിലെത്തി .കിഴവിയുടെ കണ്‍ വെട്ടത്ത് തന്നെ ഇരുന്നു കച്ചവടം നടത്തണം . ആദ്യത്തെ കച്ചവടം നടന്നാലുടന്‍ കിഴവിക്ക് കൊടുക്കാനുള്ള  പണം കൊടുക്കണം .

നിബന്ധനകള്‍  അംഗീകരിച്ച അയാൾ അടുത്തുള്ള മരത്തണലിൽ പോയി തന്‍റെ വളകള്‍ വാങ്ങാന്‍ ആരെങ്കിലും വരുന്നതും  പ്രതീക്ഷിച്ചിരുപ്പായി.അടുത്തു തന്നെ ഒരു നായ മുറുമുറുക്കുകയും കോട്ടുവായിടുകയും ഒക്കെ ചെയ്തു കൊണ്ട് കിടപ്പുണ്ടായിരുന്നു . ഇടയ്ക്കിടെ തന്നെ ശല്യപ്പെടുത്തുന്ന പ്രാണികളെ കടിക്കാന്‍ ആ നായ വിഫലശ്രമം നടത്തിക്കൊണ്ടിരുന്നു .

"ഇനിയും ബസ് വരാന്‍ എത്ര നേരമെടുക്കും? "വനിത ചോദിച്ചതു തന്നോടല്ല എന്ന ഭാവത്തില്‍ കിഴവി സമോവറിലേക്ക് കരി വാരിയിട്ടു .വനിതക്ക് ഉറക്കം വരുന്നുണ്ടായിരുന്നു . പക്ഷെ അടുത്ത ബസ് കൂടി പോയാല്‍ പിന്നെ നോക്കണ്ടാ . വീട്ടിലെത്താന്‍ ഒരു പാട് വൈകാന്‍ വയ്യ.ഇപ്പോഴത്തെ കാലമല്ലേ ?അത് കൊണ്ട് വനിത ഉറക്കത്തെ എങ്ങനെയെങ്കിലും ആട്ടിയകറ്റാന്‍ ശ്രമിച്ചു .

വെയിലിനു ചൂട് കൂടിയത് കൊണ്ടും വണ്ടികളുടെ വരവു കുറഞ്ഞത്‌ കൊണ്ടും പോലീസുകാരന്‍ മെല്ലെ മരത്തണലിലേക്ക് മാറി .ഇനി വലിയ പിരിവു കിട്ടില്ല .സ്കൂള്‍ വിട്ടു കഴിഞ്ഞാല്‍ മാത്രേ ഇനി വണ്ടികളുടെ എണ്ണം കൂടുകയുള്ളൂ .അതുമല്ല വളക്കാരനെ അയാള്‍ അപ്പോഴാണ്‌ കണ്ടത് .അവനെ പിഴിഞ്ഞ് കുറച്ചു കാശ് പിടുങ്ങണം എന്ന് പോലീസകാരന്‍ തീരുമാനിച്ചിരുന്നു .

"അനുവാദമില്ലാതെ ഇവിടെ കച്ചവടം പാടില്ല എന്നറിഞ്ഞുകൂടെ?എഴുന്നേറ്റ് പോടാ "

"സാറേ ,രാവിലെ മുതല്‍ നടക്കുന്നതാ ,ഒന്നും വിറ്റില്ല,ആ തള്ളക്കു കൊടുക്കാന്‍ ഉള്ള കാശ് ഒത്താല്‍  ഞാന്‍ എഴുന്നേറ്റ് പൊയ്ക്കോളാം"പോലീസുകാരന്‍ ചുറ്റും നോക്കി വളപ്പെട്ടിയുടെ അടുത്തു കുന്തിച്ചിരുന്നു .

"നിന്‍റെ കയ്യില്‍ ഇപ്പോള്‍ എത്ര പൈസയുണ്ട് ?"താഴ്ന്ന  ശബ്ദത്തില്‍ അയാള്‍ ചോദിച്ചു .
വളക്കാരന്‍ കൈ മലർത്തി.അറയ്ക്കുന്ന ചീത്ത വാക്കുകൾ പറഞ്ഞു കൊണ്ടു പോലീസുകാരൻ കുറെ വളകൾ വാരിയെടുത്തു.തടുക്കാൻ വളക്കാരന്‍ ശ്രമിച്ചതും വിനയായി .കുറച്ചു വളകള്‍ കൂടി വീണുടഞ്ഞു ,കൂടുതല്‍ നഷ്ടം .!
കുറച്ചു സമാധാനം കിട്ടിയത്‌ പോലെ പൊലീസുകാരൻ വെയിറ്റിംഗ്‌ ഷെഡിൽ വന്നിരുന്നു..

"എങ്ങോട്ടാ പെങ്ങളെ ?"
വനിത മറുപടി പറയാതെ തോള്‍ ചുളുക്കിക്കാട്ടി.പോലീസുകാരന്‍ നാടന്‍ മദ്യത്തിന്‍റെ മണമുള്ള ഒരു ഏമ്പക്കം ശബ്ദത്തോടെ പുറത്തേക്ക് വിട്ടു .വനിതയെ നോക്കി ഒരു വഷളന്‍ ചിരി ചിരിച്ചു ."ഇവിടെ അത്ര നല്ല ഏരിയ അല്ല ,ഞാന്‍ ഉള്ളത് കൊണ്ടാണ് പിന്നെ അധികം പ്രശ്നങ്ങള്‍ ഇല്ലാത്തത് ."

 അയാള്‍ പതിയെ വനിതയുടെ അടുത്തേക്ക്‌ നീങ്ങിയിരുന്നു .മനം പിരട്ടലുണ്ടാക്കുന്ന  ഒരു ഗന്ധം വനിതയെ ചൂഴ്ന്നു .അറിയാത്ത മാതിരി പോലീസുകാരന്‍ വനിതയെ തോണ്ടുകയും ഞോടുകയും ഒക്കെ ചെയ്യാന്‍ തുടങ്ങി .ഇടങ്കണ്ണിട്ടു അതെല്ലാം കാണുന്നുണ്ടായിരുന്നെങ്കിലും കിഴവി  പാത്രം മോറുന്ന തന്‍റെ പണിയില്‍ ഒരു വിഘ്നവും വരുത്തിയില്ല .കുറച്ചായപ്പോള്‍ സഹികെട്ടു വനിത  വള വാങ്ങാനെന്ന വ്യാജേന വളക്കാരന്‍റെ അടുത്തേക്ക്‌ ചെന്നു.ഇച്ഛാഭംഗം കലര്‍ന്ന ഒരു ചിരിയോടെ പോലീസുകാരന്‍ വെയിറ്റിംഗ് ഷെഡില്‍ തന്നെ ഇരുന്നു .

ബസ് വരുന്നത് വരെ എങ്ങനെയെങ്കിലും വളക്കാരന്‍റെ അടുത്തു വള തെരഞ്ഞെടുക്കുന്നതായി  നടിച്ചു കൊണ്ട് ചെലവഴിക്കണം എന്ന് മാത്രമേ വനിതക്ക് ഉണ്ടായിരുന്നുള്ളൂ .അവളുടെ കയ്യില്‍ അത്രക്കൊന്നും പൈസ ഉണ്ടായിരുന്നില്ലല്ലോ  എങ്കിലും അവള്‍ ഓരോന്നായി എടുത്തു നോക്കി ,അണിഞ്ഞു നോക്കി ,വില ചോദിച്ചു വളക്കാരന്‍ മര്യാദയോടെ ഓരോന്നായി എടുത്തു കാട്ടി ക്കൊണ്ടിരിക്കുകയായിരുന്നു.  അടുത്തു കിടന്നിരുന്ന നായയെ എന്താണ് പ്രകോപിപ്പിച്ചത് എന്ന് അറിയില്ല, ഒരൊറ്റച്ചാട്ടം! ,വനിതയുടെ കൈത്തണ്ടയില്‍ അത് പല്ലുകളാഴ്ത്തി.
ഭയന്നു പോയ വനിത എങ്ങനെയോ കൈ വിടുവിച്ചു ,കയ്യില്‍ രണ്ടു കടിപ്പാടുകളില്‍ നിന്ന് ചോര പൊടിഞ്ഞു .ചോര കണ്ടാല്‍ വനിതക്ക് തല ചുറ്റല്‍ വരും ,വീഴാതിരിക്കാന്‍ അവള്‍ വെറും നിലത്തു കുത്തിയിരുന്നു  .ആരൊക്കെയോ അടുത്തു കൂടി .എല്ലാവരും ചേര്‍ന്ന് വനിതയെ വെയിറ്റിംഗ് ഷെഡില്‍ കൊണ്ട് പോയിരുത്തി .

"പേയുള്ള നായ ആണെന്ന് തോന്നുന്നു "കഴുകന്‍ പറഞ്ഞു "ആ വളക്കാരന്‍ തെണ്ടിയുടെ കൂടെ വന്നതാ " ആരോ ഒരു കൈലേസ് കൊണ്ട് വനിതയുടെ മുറിവ് കെട്ടി ."ആ വളക്കാരന്‍ പന്നി അവനാ എല്ലാറ്റിനും കാരണം .കുട്ടി വരൂ എന്‍റെ ഓട്ടോയില്‍ ഡോക്ടറെ പോയി കാണാം" .കഴുകന്‍ ക്ഷണിച്ചു ,അത്ര നേരമായിട്ടും ഒരു ഓട്ടം കിട്ടാത്തതില്‍ അയാള്‍ വല്ലാതെ അസ്വസ്ഥനായിരുന്നു .

വനിത തലയാട്ടി കഴുകന്‍റെ സഹായം നിരസിച്ചു .അവള്‍ക്കു ഇനിയും ബസ് വരാത്തത് എന്തെന്ന് ഉള്ള ആധിയായിരുന്നു .
"പേ പിടിക്കുന്നെങ്കില്‍ പിടിക്കട്ടെ.എങ്ങനെയെങ്കിലും വീട്ടിലെത്തിയാല്‍ മതി "
"സാര്‍ ഇവിടെയുണ്ടായിട്ടു എന്താ കാര്യം ?പെണ്ണുങ്ങള്‍ക്ക്‌ ബസ് കാത്തിരിക്കാന്‍ പോലും പറ്റാതായി "കഴുകന്‍ ഏതാണ്ട്  ഒത്തുവന്ന ഒരു ഓട്ടം പോയതിന്‍റെ കലിപ്പ് തീര്‍ത്തത് പോലീസുകാരനോടാണ്‌ .പോലീസുകാരന്‍ മീശപിരിച്ചു കൊണ്ടെഴുന്നേറ്റു .

"ആ പട്ടിക്കു പേ കാണുമായിരിക്കും .അതിനെ കൊല്ലണം"കഴുകന്‍ ആവശ്യപ്പെട്ടു ബെല്‍റ്റ്‌ ഒന്ന് കൂടി വലിച്ചു കയറ്റി പോലീസുകാരന്‍  വനിതയെ നോക്കി കണ്ണിറുക്കി വളക്കാരനടുത്തെക്ക്  നടന്നു .
ഠേ..!..ഠേ...!
ഓലപ്പടക്കം പൊട്ടുന്ന പോലെയുള്ള ഒച്ച രണ്ടു പ്രാവശ്യമുയര്‍ന്നു .
ഒരു ഞരക്കം പോലും ഉണ്ടാക്കാതെ വളക്കാരന്‍ പിറകോട്ടു മറിഞ്ഞു .ചോരയുടെ ഒരു കൊമ്പു അയാളുടെ തലയ്ക്കു മീതെ ഉയര്‍ന്നു .നായയ്ക്കാണ് ആദ്യ വെടിയേറ്റതെന്നു തോന്നുന്നു .അപ്പോള്‍ത്തന്നെ അത് ചത്തുപോയിരുന്നു .

"അതു നന്നായി.ആ പന്നി വന്നേപ്പിന്നെ ഒരു ഓട്ടം പോലും കിട്ടിയില്ല.അവന്റെ കിടപ്പു നോക്കിയേ.ഹഹഹഹ".
കഴുകന്‍ ഒച്ചയുണ്ടാക്കിച്ചിരിച്ചു .അയാള്‍ക്ക്‌ സന്തോഷം സഹിക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല .തോക്ക് ബെല്‍റ്റിലെ തോലുറയില്‍ തിരുകി പോലീസുകാരന്‍ തിരിച്ചു വന്നു ,കണ്മുന്നില്‍ നടന്ന സംഭവം വിശ്വസിക്കാനാവാതെ തരിച്ചിരുന്ന വനിതയുടെ ഒപ്പം തന്നെ ഇരിക്കുന്നതില്‍ പോലീസുകാരന്‍ ഇത്തവണ ഒരു മടിയും കാണിച്ചില്ല .'താന്‍ വളക്കാരനെ കൊല്ലുകയല്ല ,വനിതയെ കല്യാണം കഴിക്കുകയാണ് ചെയ്തത്' എന്നപോലെയായിരുന്നു അയാളുടെ ഭാവം .

താന്‍ ഏതോ ഒരു മഹാകാര്യം ചെയ്തു എന്ന ഒരു ഭാവം അയാളുടെ മുഖത്തുണ്ടായിരുന്നു ,അത് മറയ്ക്കാന്‍ വേണ്ടിയാകാം പൊലീസുകാരൻ കിഴവിയൊട്‌ ഒരു ചായ എടുക്കാൻ ആവശ്യപ്പെട്ടു
.
"സമോവറില്‍ തിളച്ച  വെള്ളമാണ്കിടക്കുന്നത്. എടുത്തുനിന്‍റെ തലയില്‍ കൊട്ടും,പറഞ്ഞേക്കാം"കിഴവി തൊള്ളയിട്ടു
"ചായയുടെ പൈസ കിട്ടാത്തതിന്റെ കഴപ്പാ തള്ളക്ക് ;.ചാകാറായി.അല്ലെങ്കിൽ ഞാൻ തന്നെ തീർത്തേനെ."
"കൊല്ലടാ എന്നേ നീ ചുണയുണ്ടെങ്കില്‍!  തന്തയില്ലാത്തവനെ".
കിഴവി കോപത്തോടെ ഉന്തുവണ്ടിക്ക് പിന്നില്‍ നിന്ന് ചാടിയിറങ്ങി ,ചീറിക്കൊണ്ട് അടുത്തെങ്കിലും പൊലീസുകാരൻ അവരെ ഗൗനിക്കാതെ വനിതയോട്  ഒച്ചയടക്കിപ്പറഞ്ഞു.

"നിനക്കു വേണ്ടി മാത്രമാ ഞാൻ അവനെ കൊന്നത്‌!"
"നിനക്കു വേണ്ടി "എന്ന പദത്തിനു രണ്ടർത്ഥം കൽപ്പിക്കാവുന്ന വിധം തന്‍റെ  ശബ്ദത്തിൽ അയാൾ ഒരു ഊന്നൽ കൊടുത്തിരുന്നു.
എനിക്കു വേണ്ടിയൊ?"; വനിത അമ്പരപ്പോടെ ചോദിച്ചു
 .
."പിന്നല്ലാതെ ;അയാളുടെ നായ നിന്നെ കടിച്ചതിനല്ലേ ആ നായിനെയും  നായിന്‍റെ  മോനെയും  ഞാൻ തട്ടിയത്‌.അത്‌ ഓർമ്മ വേണം.നമ്മളെ ഒന്ന് വേണ്ട വിധം പരിഗണിക്കണം "അശ്ലീലമായ ഒരു ചിരിയോടെ അയാൾ മീശ കടിച്ചു ചവച്ചു.

"അതിനു ആ നായ്‌ അയാളുടെത്‌ ആണെന്നു നിങ്ങള്‍ക്കു എങ്ങനെ മനസ്സിലായി?"
"ആ;അതൊന്നുമെനിക്കറിയില്ല.പക്ഷെ നിങ്ങൾ അടക്കം ഇവിടെയുള്ള എല്ലാവരും അവൻ ചാവണം എന്നു കൊതിച്ചിരുന്നു.നേരല്ലേ?ദെ ആ കള്ളന്‍റെ  ചിരി കണ്ടൊ?"
കഴുകന്‍ അപ്പോഴും കക്കക്ക എന്ന് ചിരിച്ചു കൊണ്ടിരിക്കുകയായിരുന്നു . 
താൻഅങ്ങനെയൊന്നും  ആഗ്രഹിച്ചില്ല എന്നും തന്‍റെ ആഗ്രഹങ്ങള്‍ തീരുമാനിക്കാന്‍ നിങ്ങള്‍ ആരാണ് എന്നൊക്കെ  പറയണമെന്നുണ്ടായിരുന്നെങ്കിലും വനിത  മൗനം പാലിച്ചു.അവള്‍  ആലോചിച്ചിരുന്നത്‌ തന്‍റെ  ഇടുപ്പിലേക്കു ഇഴഞ്ഞു കയറുന്ന അഴുക്കും കറയും പിടിച്ച വിരലുകളെ എങ്ങനെ ഒഴിവാക്കും എന്നു മാത്രമായിരുന്നു.

Sunday, January 13, 2013

ദൈവത്തിന്‍റെ അമ്മ

 
      പൂജാമുറിയില്‍ ചന്ദനത്തിരികള്‍ പുകഞ്ഞു .നേരം പുലര്‍ന്നിട്ടു കുറേനേരമായിരിക്കുന്നു .കിളികള്‍ കലപിലാ ചിലക്കുന്നതിനും ഇരതേടി പോകുന്നതിനും മുന്നേ തന്നെ നിര്‍മ്മല എഴുന്നെറ്റ് കുളിച്ചു ശുദ്ധിയായി രാവിലത്തെ ജോലികള്‍ എല്ലാം തീര്‍ത്ത്‌ പ്രാര്‍ത്ഥിക്കുവാന്‍ കയറിയതായിരുന്നു .

അവള്‍ പൂജാമുറിയില്‍ സ്വസ്ഥമായി കണ്ണടച്ച് ദൈവത്തോട് സംസാരിക്കുന്നതു കണ്ട അവളുടെ ഭര്‍ത്താവ്‌ വാതില്‍ ശബ്ദമുണ്ടാക്കാതെ ചാരി ലിവിംഗ് റൂമിലേക്ക്‌ പോയി .അയാള്‍ക്ക്‌ എന്തോ അവളോട്‌ പറയാനുണ്ടായിരുന്നു .ഒരാലോചനക്ക് ശേഷം അത് പിന്നീടാകട്ടെ എന്ന് അയാള്‍ കരുതി .

പ്രാതലിന് ഇഡലിയും ചമ്മന്തിയും കഴിക്കുന്ന സമയത്തും അവര്‍ തമ്മില്‍ പ്രത്യേകിച്ചൊന്നും സംസാരിച്ചില്ല .

ഒരു ഇഡ്ഡലി കൂടി ഇടട്ടെ ?" "ചമ്മന്തിക്ക് എരിവ് ലേശം കൂടുതലാ ,"
അങ്ങനെ ഒന്ന് രണ്ടു വാചകങ്ങളില്‍ അവരുടെ സംസാരം ഒതുങ്ങി.അല്ലെങ്കിലും ഈയിടെയായി എത്ര അടുത്തിരിക്കുമ്പോഴും തങ്ങള്‍ വളരെ അപരിചിതര്‍ ആയ ആരോ ആണെന്ന് അവര്‍ക്ക് തോന്നിത്തുടങ്ങിയിരുന്നു

.തങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഒന്നുമില്ല  എന്ന് അവര്‍ വെറുതെ വിചാരിച്ചു .ഇടയ്ക്കു ഒക്കെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നതെന്തിന്?  എന്ന് ഒരു പാഴ്വിചാരത്തില്‍ അവര്‍ വീണു പോയി .അങ്ങനെ മിണ്ടാതിരിക്കുന്നതിലൂടെ തങ്ങള്‍; പരസ്പരം ചതിക്കുകയാണ് എന്ന് പോലും അവര്‍ അറിഞ്ഞില്ല .എന്ത് കൊണ്ടെന്നാല്‍ അവരോടു മിണ്ടാന്‍ വേറെ ആരും അവര്‍ക്ക് ഉണ്ടായിരുന്നില്ല .

ലിവിംഗ്റൂമില്‍ എല്ലാ ദിവസത്തെയും പോലെ എല്ലാം ഭംഗിയിലും ചിട്ടയിലും തന്നെയുണ്ടായിരുന്നു .ടീപ്പോയിലെ പത്രം ,സെറ്റിയില്‍ ഇട്ടവിരികള്‍ ,എന്തിനു ടി വി യുടെ റിമോട്ട് പോലും യഥാസ്ഥാനത്തു നിന്ന് അല്‍പ്പം പോലും അനങ്ങിയിരുന്നില്ല .

ആ മുറിയിലെമ്പാടും  മുഷിപ്പിക്കുന്ന ഒരു അടുക്കും ചിട്ടയും  ചിതറിക്കിടപ്പുണ്ട് ; .മൌനമായി പിന്നിലൂടെ വന്നു കൊല്ലാതെ കൊല്ലുന്ന ഒരു നിശബ്ദത ആ മുറിയില്‍ എവിടെയോ പതുങ്ങിയിരിക്കുന്നുണ്ട്  എന്നൊക്കെ അയാള്‍ അരിശത്തോടെ വിചാരിച്ചു .അതിനെ തോല്പ്പിക്കാനായി ടി.വി ഓണ്‍ ചെയ്തു അയാള്‍ ഒരിക്കലും കാണാന്‍ ഇഷ്ടപ്പെടാത്ത എം.ടി വി സെലക്ട്‌ ചെയ്ത ശേഷം ടി വിയുടെ റിമോട്ട് ടീപ്പോയിയുടെ   അടിയിലേക്കെറിഞ്ഞു.കൈലി മിനോഗിന്‍റെ ഒരു അടിപൊളി പാട്ട് ചില്ലുതിരയില്‍ തെളിഞ്ഞു .

മുറിയിലെ അമ്പരപ്പിക്കുന്ന നിശബ്ദതയെ ചോദ്യം ചെയ്തപ്പോള്‍ അയാള്‍ക്ക് കുറച്ചൊരു സമാധാനം കിട്ടി .നിര്‍മ്മല ഉടനെയെങ്ങും പൂജാ മുറിയില്‍ നിന്ന് പുറത്തിറങ്ങില്ല ,അത് കൊണ്ട് ഇവയൊന്നും അവളെ ബാധിക്കുകയില്ല .അയാള്‍ കുറച്ചു നേരം കൂടി മുറിയില്‍ വെറുതെ ചുറ്റിത്തിരിഞ്ഞ ശേഷം പുറത്തേക്ക് പോയി .

കുറേക്കാലമായി തങ്ങളെ അലട്ടുന്ന ദുഖത്തിന്‍റെ കാരണം അറിയാന്‍ അന്ന് ജ്യോതിഷിയെ കാണാന്‍ അയാള്‍ തീരുമാനിച്ചിരുന്നു.
ഭര്‍ത്താവ് വാതില്‍ ചാരിയതോ കാര്‍ സ്റ്റാര്‍ട്ട്‌ ചെയ്തതോ പുറത്തേക്ക് പോയതോ ഒന്നും നിര്‍മ്മല അറിഞ്ഞതേയില്ല .

അവള്‍ ദൈവത്തെ വിചാരണ ചെയ്യുകയായിരുന്നു ."ഇങ്ങനെ ശിക്ഷിക്കാന്‍ മാത്രം ഈ ജന്മത്തിലെ കഴിഞ്ഞ മുപ്പതു വര്‍ഷത്തിനിടെ   ഞാന്‍  എന്ത് തെറ്റാണ്  ചെയ്തത്? " അവള്‍ ദൈവത്തോടു ചോദിച്ചു .നിസ്സംഗമായ ഒരു ഭാവത്തോടെ ദൈവം, കര്‍പ്പൂരത്തിന്‍റെയും കുന്തിരിക്കത്തിന്‍റെയും പുകപടലത്തില്‍ ശ്വാസം മുട്ടി ഇരുന്നു കൊണ്ട് നിര്‍മ്മലയുടെ പരാതികള്‍ എല്ലാം കേട്ടു.

ദൈവത്തിനു അതെല്ലാം കുറച്ചു നാളായി ശീലം ആയിക്കഴിഞ്ഞിരുന്നു .നിര്‍മ്മല പൂജാമുറിയില്‍ കയറിയാല്‍ എന്തെല്ലാം ചെയ്യുമെന്ന് പോലും ദൈവത്തിനു കാണാപ്പാഠം ആയിരുന്നു .

അന്ന് പക്ഷെ നിര്‍മ്മല വളരെയേറെ ദുഖിതയാണെന്ന് ദൈവം കണ്ടു ." മനുഷ്യര്‍ ചില നേരങ്ങളില്‍ എന്താ ഇങ്ങനെ?"എന്ന് ദൈവം ആധിയോടെ ചിന്തിച്ചു .നിര്‍മ്മല പതിവില്ലാതെ പൂജാമുറിയില്‍ ഇരുന്നു ഓരോ വാക്കിനിടക്കും  മുള ചീന്തും പോലെ പൊട്ടിക്കരഞ്ഞത് കാണ്‍കെ ദൈവത്തിനും  അങ്ങനെ  തോന്നാതിരിക്കുമോ ?.

ഒരു സാധാരണ മനുഷ്യന്‍ ആയിരുന്നെങ്കില്‍ ദൈവം സ്നേഹത്തോടെ അവളുടെ പുറത്തു തട്ടിയേനെ .എല്ലാം സഹിക്കാന്‍ മൃദുവായ ശബ്ദത്തില്‍ ആവശ്യപ്പെട്ടേനെ .മഴക്കാലത്തെ പുഴ പോലെ കണ്ണുനീര്‍ ഒഴുകിയിട്ടും ,പുറത്തു വെയിലിനു ചൂട്‌ വല്ലാതെ കൂടിയിട്ടും നിര്‍മ്മല കരച്ചില്‍ നിര്‍ത്തിയില്ല .ദൈവത്തിനു ഇടയ്ക്കു ദേഷ്യം പോലും വന്നു. പ്രപഞ്ചത്തിന്‍റെ ഒട്ടാകെ ദുഃഖങ്ങള്‍ കേള്‍ക്കേണ്ട ഒരാളെ ഇങ്ങനെ യാതൊരു ശങ്കയുമില്ലാതെ സ്വന്തം ആവശ്യങ്ങള്‍ കൊണ്ട് പൊറുതിമുട്ടിക്കുന്നതില്‍ ഒരു നാണക്കേടും നിര്‍മ്മലക്ക് ഇല്ലല്ലോ എന്ന് ദൈവം ഈര്‍ഷ്യയോടെ ചിന്തിച്ചു .

നിര്‍മ്മല തറയില്‍ വീണു കിടന്നു സാഷ്ടാംഗം പ്രണമിച്ചു .കണ്ണുനീരാലെ ദൈവത്തിന്‍റെ കാലടികള്‍ കഴുകി .ഓരോ നിമിഷം ചെല്ലുംതോറും ദൈവത്തിനു ഇരിക്കപ്പൊറുതി ഇല്ലാതാ കുകയായിരുന്നു .അവള്‍  ഇടറിയ ശബ്ദത്തില്‍ ദൈവത്തോട് ചോദിച്ചു .
"ഒരു ദിവസം മാത്രം എനിക്കൊരു കുഞ്ഞിനെ തന്നൂടെ ?അവനെ കണ്ണെഴുതിക്കാന്‍ ,കുളിപ്പിക്കാന്‍ ,മുലയൂട്ടാന്‍ ,താരാട്ട് പാടിയുറക്കാന്‍,അത്രേം മതി ,അതിനു ശേഷം നീ അവനെ തിരിച്ചെടുത്തോ "
ഒരുകള്ളച്ചിരിയോടെ ദൈവം അനങ്ങാതെ ഇരുന്നതേയുള്ളൂ .ആ ചിരി ദൈവം തന്‍റെ നിവൃത്തികേട് അറിയിക്കാതിരിക്കാന്‍
വേണ്ടി മനപ്പൂര്‍വ്വം തന്‍റെ മുഖത്ത് വരുത്തിയതായിരുന്നു .


അവള്‍  ഗത്യന്തരമില്ലാതെ പിന്നെയും  ചോദിച്ചു "ഒരു ദിവസം പറ്റില്ലെങ്കില്‍ വേണ്ടാ,ഒരു പകല്‍ ,,എനിക്ക് മുലയൂട്ടാന്‍ ഇങ്ക് കുറുക്കികൊടുക്കാന്‍ ,അവന്‍റെ അച്ഛന് ഒന്ന് കാട്ടിക്കൊടുക്കാന്‍ അത്രയുമെങ്കിലും തന്നു കൂടെ?"

ദൈവം എന്നിട്ടും അനങ്ങിയില്ല .

നിര്‍മ്മല വീണ്ടും ചോദിച്ചു
 "വേണ്ടാ ഒരു മണിക്കൂര്‍ ,ഒന്ന് എടുത്തു ഉയര്‍ത്താന്‍ ,ഒരു മുത്തം കൊടുക്കാന്‍ ,ഒന്ന് മുലയൂട്ടാന്‍ ,അത് മതി .അത് മാത്രംമതി .അതിനു വേണ്ടിയെങ്കിലും നീ എനിക്ക്ഒരു കുഞ്ഞിനെ തരണേ ദൈവമേ" ....
ആ അപേക്ഷയിലെ ദൈന്യം ദൈവത്തിനു സഹിക്കാന്‍ പറ്റുന്നതിലും അപ്പുറത്ത് ആയിരുന്നു

ദൈവം നിര്‍മ്മലയുടെ അപേക്ഷ സ്വീകരിക്കാന്‍ തീരുമാനിച്ചു.അദ്ദേഹം  ചില്ലിട്ട ഫോട്ടോയില്‍ നിന്നിറങ്ങി പുറത്തേക്ക് പോയി .ഫോട്ടോയില്‍ ആയിരിക്കുമ്പോള്‍ ദൈവത്തിനു തന്‍റെ രൂപം മാറാന്‍ കഴിയുമായിരുന്നില്ല .നിര്‍മ്മലയാകട്ടെ തന്‍റെ  പ്രാര്‍ത്ഥന അത്രയേറെ ഉള്ളില്‍ത്തട്ടി ആയിരുന്നതിനാല്‍ ദൈവം ഇറങ്ങിപ്പോയതൊന്നും അറിഞ്ഞില്ല .ദൈവം ഒരു അട്ടയുടെ രൂപം സ്വീകരിച്ചു അവളുടെ  അടിവയറ്റില്‍ പറ്റി.ഒരു നൂലിഴ ദേഹത്ത് ഇഴയുന്ന വേദന പോലും അറിയിക്കാതെ പൊക്കിള്‍ത്തടത്തിലൂടെ  നിര്‍മ്മലയുടെ ഗര്‍ഭപാത്രത്തിലേക്ക് പ്രവേശിച്ചു.എന്നാല്‍ പ്രാര്‍ത്ഥനനിമഗ്നയായിരുന്നതിനാല്‍ ഒരു ഇളം ജീവന്‍  തന്നില്‍ ഉയിര്‍ത്തത് അവള്‍ ആദ്യമൊന്നും അറിഞ്ഞില്ല.

പിന്നെപ്പിന്നെ ഓരോ നിമിഷം പോകുന്തോറും അവളുടെ ഗര്‍ഭപാത്രത്തില്‍ഒരു പുഴുരൂപത്തില്‍,പിന്നെ തലയും കൈകാലുകളും അവയവങ്ങളുമെല്ലാം ആയി , പതിയെ പതിയെ നിര്‍മ്മലയുടെ ചോരയില്‍ നിന്നും ഊര്‍ജ്ജം ഊറ്റി അവന്‍ ഉയിര്‍ക്കൊള്ളുന്നത് നിര്‍മ്മല അത്യധികമായ അത്ഭുതത്തോടെയും ആഹ്ലാദത്തോടെയും ഉള്‍ക്കൊണ്ടു .അത്രയും കാലം അറിയാത്ത ഒരു നിര്‍വൃതി ദൈവവും   ആ ഗര്‍ഭപാത്രത്തിലെ വഴുവഴുത്ത ദ്രാവകത്തില്‍ കിടന്നു അനുഭവിക്കുകയായിരുന്നു .

നിര്‍മ്മലയുടെ അനുവാദമില്ലെങ്കില്‍ താന്‍ അവിടെ കിടന്നു ചത്തു പോകും എന്ന് പോലും  ദൈവത്തിനു തോന്നിപ്പോയി   .പക്ഷെ അവളാകട്ടെ  ആഹ്ലാദത്തോടെ തന്‍റെ അടിവയറ്റില്‍ ഉരുവം കൊള്ളുന്ന അനക്കങ്ങള്‍ക്ക് ,തന്‍റെ രക്തത്തില്‍ നിന്ന് ചോര്‍ന്നു പോകുന്ന ഊര്‍ജ്ജത്തെ ഹര്‍ഷോന്‍മാദത്തോടെ വിട്ടു കൊടുത്തു ,

"നിനക്ക്ഞാന്‍ എന്‍റെ ജീവന്‍ വേണമെങ്കിലും തരും കുഞ്ഞേ"എന്ന് ആരും കേള്‍ക്കാതെഅവള്‍ അടക്കം പറഞ്ഞു .
തന്‍റെ വയറ്റില്‍ ഒരു ചെറു ജീവകണിക തുടിക്കുന്നത് അറിഞ്ഞതോടെ നിര്‍മ്മലക്ക് എന്ത് ചെയ്യണം എന്നറിയാതെയായി.ദോഹദകാലത്തിന്‍റെ അവശതകള്‍ അനുഭവിക്കുമ്പോഴും "ഇതെന്തൊരനുഭൂതിയാണ് ?ഈ ആഹ്ലാദം എവിടെ നിന്ന് വന്നു "എന്ന് അവള്‍ സ്വയം ചോദിച്ചു .

അവള്‍ ആഹ്ലാദത്തോടെ ഉമ്മറത്തെക്കോടി .ഭര്‍ത്താവിന്‍റെ അസാന്നിദ്ധ്യം അവള്‍ അറിഞ്ഞത് അപ്പോള്‍ മാത്രമായിരുന്നു .തന്‍റെ ഈ സന്തോഷം ആരോട് പറയും എന്നറിയാതെ അവള്‍ കുഴങ്ങി .പൂജാ മുറിയില്‍ ദൈവത്തിനോടെങ്കിലും പറയാന്‍ വേണ്ടി ചെന്ന അവളെ അതിശയിപ്പിച്ചു കൊണ്ട് പൂജാമുറിയിലെ ദൈവ വിഗ്രഹങ്ങള്‍ ഒക്കെ അപ്രത്യക്ഷമായിരുന്നു .ചില്ലിട്ട ചിത്രങ്ങള്‍ പോലും തികച്ചും നിര്‍വ്വികാരമായ ഒരു ശൂന്യത പ്രദര്‍ശിപ്പിച്ചു .

നിമിഷങ്ങള്‍ കഴിയേ അവളുടെ വയര്‍ വീര്‍ത്ത് വീര്‍ത്ത് വന്നു . അതിനുള്ളില്‍ കിടന്നു സ്വാതന്ത്ര്യം കാംക്ഷിച്ച ദൈവം അവളുടെ വയറ്റില്‍ ചവിട്ടിത്തള്ളി ."ഉണ്ണിക്കുട്ടാ,അമ്മക്ക് വേദനിക്കുംട്ടോ "എന്ന് ശാസിക്കുമ്പോഴും  നിര്‍മ്മല വല്ലാത്ത ഒരു അനുഭൂതിയുടെ ഓളങ്ങളില്‍ ദിക്കറിയാതെ നീന്തി ."അദ്ദേഹം ഒന്ന് വന്നിരുന്നെങ്കില്‍ "എന്ന് ഇതിനു മുന്‍പ്‌ ഒരിക്കലും അവള്‍ ജീവിതത്തില്‍ ഇത്രയേറെ ആഗ്രഹിച്ചിട്ടില്ല .ദൈവമാകട്ടെ തന്‍റെ നിയോഗത്തിനുവഴങ്ങി ഗ്ലക്ക് ഗ്ലക്ക് എന്ന് ഒച്ചയുണ്ടാക്കിത്തുഴഞ്ഞു പുറത്തേക്ക് വരാന്‍ വേണ്ടി കൊതിച്ചു കൊണ്ടുമിരുന്നു

കുറച്ചു നേരത്തിനുള്ളില്‍ നിര്‍മ്മലക്ക് താന്‍ ഒരു വലിയ മത്തങ്ങ ആയി രൂപം മാറി എന്ന് തോന്നി .നീര്‍വീഴ്ചയുള്ള കാലുകള്‍ ഇഴച്ചു അവള്‍ വീടിന്‍റെ ഓരോ കോണിലേക്കും ഉരുണ്ടു .തന്‍റെ ഉണ്ണി അക്ഷമനായി പുറത്തേക്ക് വരാന്‍ തിരക്ക് കൂട്ടുന്നത്‌ പുഞ്ചിരിയോടെ നിര്‍മ്മല അറിഞ്ഞു .അവള്‍ പതിയെ ഈ ലോകം കേള്‍ക്കാതെ ആ കുഞ്ഞിനോട് പറഞ്ഞു

"ഉണ്ണിക്കുട്ടാ ഒന്ന് കൂടെ ക്ഷമിക്കൂ "

അധിക നേരം ഒന്നും കാത്തിരിക്കേണ്ടി വന്നില്ല .നിര്‍മ്മല അസഹനീയമായ വേദനയുടെ കടലിളക്കങ്ങള്‍ അനുഭവിച്ചുതുടങ്ങി . അത് വരെ അറിയാത്ത നോവിന്‍റെ ഭൂഖണ്ഡങ്ങള്‍ അതവള്‍ക്കു കാണിച്ചു കൊടുത്തു .താന്‍ പല കഷണങ്ങളായി ചിതറിയെന്നും പിന്നെ യാതൊരു ക്രമവുമില്ലാതെ ഒത്തുചേര്‍ന്നു ഒരു അസംബന്ധ ചിത്രമായെന്നും അവള്‍ നിനച്ചു. വേദന ഒരു വലിയ തീക്കടലാണ്,നീന്തിക്കടക്കാനാവാത്തത് .എന്നിട്ടും ആ വേദനക്കായി അവള്‍ അദമ്യമായ ആവേശത്തോടെ ഇനിയുമിനിയും എന്ന് ആരോടെന്നില്ലാതെ കെഞ്ചി . നിലയ്ക്കാതെ അലച്ചു വന്ന വേദനയുടെ ഒരു തിരമാലയ്ക്കൊപ്പം ദൈവം കരഞ്ഞു കൊണ്ട് പുറത്തേക്ക് തല നീട്ടി ...

പൊക്കിള്‍ക്കൊടി പോലും മുറിക്കാതെ ചോരയിലും അഴുക്കിലും കിടന്നു കൈകാലിട്ടടിച്ച ദൈവത്തെ അരുമയോടെ അമ്മ വാരിയെടുത്തു . ആ പിഞ്ചു കുഞ്ഞു "കിള്ളെ കിള്ളെ" എന്ന് കരയുമ്പോഴും, ഒരേസമയം കരയുകയും ചിരിക്കുകയും ചെയ്തു കൊണ്ട് ഒരറപ്പും കൂടാതെ നിര്‍മ്മല ദൈവത്തെ വാരിയെടുത്തു ഉമ്മകള്‍ കൊണ്ട് മൂടി .

പിന്നെ തന്‍റെ വസ്ത്രം തെല്ലൊന്നു നീക്കി നിര്‍മ്മല ദൈവത്തിന്‍റെ ചോരിവായിലേക്ക് തന്‍റെ മുലക്കണ്ണുകള്‍ തിരുകിക്കൊടുത്തു .വാത്സല്യത്തിന്റെ മഴപെയ്യാന്‍ തുടങ്ങി .ദൈവത്തിന്‍റെ ആന്തരാവയവങ്ങള്‍ ഒക്കെ മുങ്ങിപ്പോകും വിധം നിര്‍മ്മലയില്‍ നിന്നും അമ്മിഞ്ഞപ്പാല്‍ പ്രവഹിച്ചു .ലോകത്തെ ഏറ്റവും മധുരമുള്ള ദ്രാവകം ഇനിപ്പോടെ ഉറുഞ്ചിക്കുടിച്ചു കൊണ്ട് ദൈവം അമ്മയുടെ കണ്ണുകളിലേക്ക് നോക്കി പുഞ്ചിരിച്ചു ,പിന്നെ നാണം പൂണ്ടു തന്‍റെ കണ്ണുകള്‍ അടച്ചു .കുസൃതിയോടെ ഒരു കണ്ണ് തുറന്നു നോക്കി .

നിര്‍മ്മല അതൊന്നും ശ്രദ്ധിച്ചതേയില്ല .അവള്‍ തന്‍റെ എല്ലാ പാശവും നേശവും പാലായി ഒഴുക്കി നിര്‍വൃതിയോടെ ശിശുവായി മാറിയ ദൈവത്തെ മാറോട്അടുക്കിപ്പിടിച്ചു ,ഒന്നും ചിന്തിക്കാതെ അനിര്‍ഗ്ഗളം സുഖാനുഭൂതിയില്‍ ഒഴുകി ..
മുലപ്പാലിന്‍റെ അവസാനത്തെ തുള്ളിയും ചുരന്നു കഴിഞ്ഞപ്പോള്‍ ദൈവത്തിനു വയര്‍ നിറഞ്ഞു എന്ന് നിര്‍മ്മലക്ക് ബോധ്യപ്പെട്ടു ..അര്‍ത്ഥരഹിതമായ ശബ്ദങ്ങള്‍ പുറപ്പെടുവിച്ചു കൊണ്ട് ദൈവം സംതൃപ്തിയോടെ മലര്‍ന്നു കിടന്നു കൈകാലുകള്‍ ഇളക്കി .
"അയ്യോ! ഊണ് തയ്യാറായില്ലല്ലോ"
അവള്‍ പിടഞ്ഞെഴുന്നേറ്റു അടുക്കളയിലേക്കൊടി .
       
          അടുക്കളയില്‍ എത്തിയില്ല വാശിയോടെ കുഞ്ഞിന്‍റെ കരച്ചിലുയര്‍ന്നു ."അയ്യോ കുട്ടാ അച്ഛനിപ്പോ വരും; പറ്റിക്കല്ലേ! "എന്ന് യാചിച്ചു കൊണ്ട് അമ്മ അവനടുക്കലേക്ക് ഓടിയെത്തി .അമ്മയെ കണ്ടതും ദൈവം കരച്ചില്‍ നിര്‍ത്തി .പക്ഷെ വീണ്ടും പോകാനായുമ്പോള്‍ അവന്‍ കരയാന്‍ തുടങ്ങി .ഒരു കളി പോലെ അവന്‍  അതാവര്‍ത്തിച്ചു കൊണ്ടിരുന്നു .

വികൃതി സഹിക്കാതെ കുഞ്ഞിനെ ഉറക്കാന്‍ അമ്മ തീരുമാനിച്ചു .താന്‍ അന്ന് വരെ പാടാത്ത, കേള്‍ക്കാത്ത ഒരു താരാട്ടു അമ്മ അവനു വേണ്ടി പാടിക്കൊടുത്തു .അതിന്‍റെ മാസ്മരികമായ ഈണത്തില്‍ മെല്ലെമെല്ലെ കുഞ്ഞ് ഉറക്കത്തിലേക്ക് വഴുതി വീണു .

ആശ്വാസത്തോടെ അമ്മ അടുക്കളയിലേക്കു നടന്നു .അവര്‍ക്ക് ഊണ് തയാറാക്കണമായിരുന്നു ,"കുഞ്ഞിന്‍റെ അച്ഛന്‍ വരും മുന്നേ എന്തെല്ലാം പണി തീര്‍ക്കണം ?" അപ്പോള്‍ കുറെ നാളുകള്‍ക്കു ശേഷം പൊടുന്നനെ അവളില്‍ മുളച്ച ഒരു ഉത്തരവാദിത്തം അവളെ ഓര്‍മ്മിപ്പിച്ചു. അടുക്കളയില്‍ ചെന്ന് പണികള്‍ ഒന്നൊന്നായി ചെയ്യാന്‍ തുടങ്ങിയില്ല,വികൃതിക്കുട്ടി ഉണര്‍ന്നു തൊട്ടിലില്‍ നിന്നിറങ്ങി ഓടിക്കളിക്കുന്ന ശബ്ദം കേള്‍ക്കാറായി ."കുട്ടാ ഓടല്ലേ വീഴും" എന്നൊക്കെ താക്കീതു ചെയ്തുകൊണ്ട് അവര്‍ കിടപ്പുമുറിയിലേക്ക് ചെന്നു.

ദൈവം വിചിത്രമായ ശബ്ദങ്ങള്‍ ഉണ്ടാക്കി കട്ടിലിനു ചുറ്റും ഓടുകയായിരുന്നു.പിന്നെ ലിവിംഗ് റൂമില്‍ സെറ്റിക്കും കസേരകള്‍ക്കും ഇടയില്‍ കിലുകിലെ ചിരിച്ചു കൊണ്ട് ,.തന്നെ പിടിക്കാനാഞ്ഞ അമ്മയെ കബളിപ്പിച്ചു ദൈവം അങ്ങോട്ടുമിങ്ങോട്ടും ഓടി .അമ്മ പിറകേയും .അവിടെ നിന്ന് സിറ്റ് ഔട്ടിലേക്ക് .പിന്നെ മുറ്റത്തേക്കു,..അമ്മ പിറകെയോടി .

പക്ഷെ മുറ്റത്ത് ചട്ടികളില്‍ അന്തൂറിയങ്ങള്‍ വളരുന്നതിനപ്പുറം, ചെറിയ ജലകന്യകയുടെ ശില്‍പ്പമുള്ള,അതവിടെ ഇല്ലെയെന്നു മീനുകള്‍ എത്തിനോക്കുന്ന കുളക്കരയില്‍ എത്തിയപ്പോഴേക്കും ദൈവം അപ്രത്യക്ഷന്‍ ആയി ,അപ്പോഴേക്കും ഒരു മണിക്കൂര്‍ തികഞ്ഞിരുന്നു .
അമ്മ സ്തബ്ദയായി. തന്‍റെ തലയില്‍ ഒരു വെള്ളിടി വന്നു വീണു എന്ന് അവര്‍ക്ക് തോന്നി .അവര്‍ കരയുകയും തലയിട്ടടിക്കുകയും ചെയ്തു .മണ്ണില്‍ പൊടിയില്‍ വീണുരുണ്ടു .വസ്ത്രങ്ങള്‍ ഒക്കെയും വലിച്ചു കീറി ."എന്‍റെ ഉണ്ണിയെ കാണാതെ എനിക്കീ പാഴ്ജീവന്‍വേണ്ടിനി " എന്ന് വിലപിച്ചു .ദൈവം വേദനയോടെ അതൊക്കെ കണ്ടു നില്‍ക്കുകയായിരുന്നു
."അയ്യോ അരുതേ അരുതേ അമ്മെ"
എന്ന് പറയാന്‍ ദൈവത്തിനു കൊതിയുണ്ടായിരുന്നു .അവര്‍ സ്വയമേല്‍പ്പിക്കുന്ന ഓരോ താഡനവും ദൈവത്തിന്‍റെ ശരീരത്തില്‍ വലിയ മുറിവുകള്‍ ആയി പ്രത്യക്ഷപ്പെട്ടു .അതില്‍ പുഴുക്കള്‍ നുരച്ചു.ഗത്യന്തരം ഇല്ലാതെ ദൈവം തന്‍റെ അമ്മക്ക് മുന്നില്‍ രണ്ടാമതും പ്രത്യക്ഷപ്പെട്ടു .

"എങ്ങോട്ടാ അമ്മയോട് ചോദിക്കാതെ പോയത് കുട്ടിക്കുറുമ്പാ? "
എന്ന് ചോദിച്ചു അമ്മ ദൈവത്തിനു ഒരു കുഞ്ഞടി വെച്ച് കൊടുത്തു.

"എന്നെ പ്രസവിച്ച അമ്മക്ക് എന്നെ അറിയില്ലേ ?എന്‍റെ നിയതികള്‍ അറിയില്ലേ ?എനിക്ക് പോകണം അമ്മെ,പോയെ തീരൂ "

ദൈവം ആവശ്യപ്പെട്ടു . അമ്മ വാശിയോടെ പറഞ്ഞു .
"ഇല്ല എന്‍റെ മകനാണ് നീ .എന്‍റെ അനുവാദമില്ലാതെ നിനക്ക്ഇനി എങ്ങോട്ടും പോകാന്‍ പറ്റില്ല"  .
"ഒരു മണിക്കൂര്‍ നേരത്തേക്ക് എന്നല്ലേ അമ്മ പറഞ്ഞത് .അതെപ്പോഴേ കഴിഞ്ഞു ?"
എത്ര കെഞ്ചിയിട്ടും അമ്മ ദൈവം പോകാന്‍ സമ്മതിച്ചില്ല .അല്ലെങ്കില്‍ ദൈവത്തിനൊപ്പം തന്നെക്കൂടി കൊണ്ട് പോകണം എന്ന് വാശി പിടിച്ചു.

"അമ്മക്ക് അവിടെ ഒരു ഇരിപ്പിടം തരാന്‍ പോലും എനിക്ക് പറ്റില്ല .എന്നെക്കാളും മുകളിലോ ഒപ്പമോ ആര്‍ക്കും ഇരിക്കാന്‍ കഴിയില്ല .എന്നാല്‍ എന്‍റെ അമ്മയെ ഞാന്‍ എനിക്ക് താഴെ എങ്ങനെ ഇരുത്തും?" ദൈവം ധര്‍മ്മ സങ്കടത്തോടെ ചോദിച്ചു .

അമ്മ ഒരു നിലക്കും വഴങ്ങില്ലെന്നു കണ്ടപ്പോള്‍ അവന്‍ ചിണുങ്ങിക്കരയാന്‍ തുടങ്ങി .അത് ഫലിച്ചു."അമ്മയല്ലേ?മനസ്സലിയാതിരിക്കുമോ?
അമ്മ സങ്കടത്തോടെയെങ്കിലും മകനെ പോകാന്‍ അനുവദിച്ചു .
പോകും മുന്നേ ദൈവം ഒരു കാര്യം കൂടി പറഞ്ഞു "ഇനിയൊരിക്കലും എന്നെ കാണണം എന്ന് പറയരുത് "അതിനു പകരമായി അമ്മയുടെ മനസ്സില്‍ അവന്‍ ശാന്തിയും സമാധാനവും നിറച്ചു കൊടുത്തു .അവന്‍റെ കൈ പിടിച്ചു മുറ്റത്തേക്ക് നടത്തി ഗേറ്റിനടുത്തുള്ള ഇലഞ്ഞി മരത്തിനടുതെത്തുമ്പോഴേക്കും ദൈവം വായുവില്‍ ലയിച്ചു .

           ഇനി കാണരുത് എന്നൊക്കെപ്പറഞ്ഞെങ്കിലും ,മറഞ്ഞെങ്കിലും ദൈവം പോയിട്ടുണ്ടായിരുന്നില്ല.ഇലഞ്ഞിമരത്തിന്‍റെ ചോട്ടില്‍ ഒളിച്ചു നിന്ന് അവന്‍ തന്‍റെ അമ്മയെ നോക്കുകയായിരുന്നു .തന്‍റെ അമ്മ അതിസുന്ദരിയാണെന്ന് അവനു തോന്നി .അവനു പോകാന്‍ മനസ് വരുന്നുണ്ടായിരുന്നില്ല .അവന്‍റെ ചുണ്ടില്‍ നിന്ന് അമ്മിഞ്ഞപ്പാലിന്‍റെ മധുരം മാറിയിരുന്നില്ല .അവര്‍ പാടിക്കേട്ട താരാട്ടിന്‍റെ ഈണം അവന്‍റെ മനസ്സില്‍ നിന്ന് മാഞ്ഞു പോയിരുന്നുമില്ല .

അമ്മയാവട്ടെ ,പിന്നെ ഒരു തുള്ളി കണ്ണുനീര്‍ പോലും പൊഴിക്കാതെ അടുക്കളയിലേക്കു പോയി തന്‍റെ പണികളില്‍ ഏര്‍പ്പെട്ടു .

അപ്പോഴാണ്‌ ഗേറ്റ് കടന്നു ഭര്‍ത്താവിന്‍റെ കാര്‍ വന്നത് .ഡോര്‍ വലിച്ചടച്ചു അയാള്‍ കിടപ്പുമുറിയിലേക്ക് കയറിപ്പോയി.ശബ്ദം കേട്ട് നിര്‍മ്മല ചെല്ലുമ്പോള്‍ അയാള്‍ കിടപ്പുമുറിയില്‍ ഇട്ടിരുന്ന കസേരയില്‍ ഇരുന്നു സോക്സ് ഊരുകയായിരുന്നു .അവര്‍ അയാളുടെ കുടയും ബാഗും യഥാസ്ഥാനങ്ങളില്‍കൊണ്ട് വെച്ചു.

"സര്‍പ്പകോപമാണത്രേ "തളര്‍ന്ന സ്വരത്തില്‍ അയാള്‍ ആരോടെന്നില്ലാതെ പറഞ്ഞു. അവര്‍ക്കെതിരെ ഇരിക്കുകയായിരുന്നത് കൊണ്ട് അയാളുടെ മുഖം അവള്‍ക്ക് കാണാന്‍ വയ്യായിരുന്നു ."കഴിഞ്ഞ വര്‍ഷമല്ലേ നമ്മള്‍ മണ്ണാരശ്ശാലയില്‍ അവരെ കൊണ്ടിരുത്തിയത്,ആരും നോക്കാനില്ലാതെ കിടന്നത് കൊണ്ട് അല്ലെ ഞാന്‍ അത് ചെയ്തത്?"

അയാളുടെ പരാതി കേട്ട് നിര്‍മ്മല പുഞ്ചിരിച്ചു .അവള്‍ കസേരയുടെ പിറകിലൂടെ അയാളുടെ കഴുത്തില്‍ കൈകള്‍ ചുറ്റി .പിന്നെ തന്‍റെ കീഴ്ത്താടി അയാളുടെ തലയില്‍ ഉറപ്പിച്ചു അയാളെ സമാധാനിപ്പിച്ചു .
"ദൈവത്തിനു നമ്മളോട് ഒരു ദേഷ്യവുമില്ല "

അയാള്‍ തല തിരിക്കാതെ തന്നെ മൂളി .അയാള്‍ നിര്‍ബന്ധിച്ചിട്ടാണ് തറവാട്ടിലെ സര്‍പ്പക്കാവ് ആരും നോക്കാനില്ലാതെ ക്ഷയിച്ചപ്പോള്‍ നഗത്താന്മാരെയൊക്കെ മണ്ണാരശ്ശാലയിലേക്ക് മാറ്റിയത് .പ്രശ്നം വെച്ചപ്പോള്‍ അതാണ്‌ അവര്‍ക്ക് കുട്ടികള്‍ ഉണ്ടാകാത്തതിന് കാരണം എന്ന് തെളിഞ്ഞത് അയാളുടെ മനസ്സിനെ വല്ലാതെ നോവിച്ചിരുന്നു .

"ഞാന്‍ ഒരു കാര്യം പറഞ്ഞാല്‍ ഏട്ടന്‍ വിശ്വസിക്കുമോ ?"
നിര്‍മ്മല ചോദിച്ചു .വീണ്ടുമൊരു മൂളല്‍ അയാളില്‍ നിന്നുയര്‍ന്നു .നിര്‍മ്മല നടന്നതെല്ലാം ഒന്നും വിടാതെ അയാളോട് പറഞ്ഞു തുടങ്ങി .എല്ലാം കേള്‍ക്കുമ്പോഴും അയാള്‍ ചിന്തിച്ചത് തന്‍റെ ഭാര്യക്ക്‌ സമനില തെറ്റിപ്പോയി എന്നാണ് ,അവള്‍ പറഞ്ഞതില്‍ ഒരു വരി പോലും അയാള്‍ക്ക് വിശ്വസിക്കാനായില്ല .

എങ്കിലും അവളുടെ തീവ്രമായ അനപത്യ ദുഖത്തിന് കാരണം താന്‍ ആണെന്ന് നിനച്ച അയാള്‍ അവളെ സമാധാനിപ്പിക്കാന്‍ ഒരുമ്പെട്ടു ."ഒക്കെ ശരിയാകും .നീ വിഷമിക്കാതെ" എന്നൊക്കെ തന്‍റെ ആവനാഴിയില്‍ ഇരിപ്പുണ്ടായിരുന്ന പാഴ്വാക്കുകള്‍ അയാള്‍ അതിനു വേണ്ടി ഉപയോഗിച്ചു .തന്നെ ഭര്‍ത്താവ് വിശ്വസിക്കുന്നില്ല എന്ന് കണ്ടപ്പോള്‍ നിര്‍മ്മലക്ക് ഒന്നും പറയേണ്ടിയിരുന്നില്ല എന്ന് തോന്നി.

 അയാളുടെ ഓരോ വിചാരങ്ങളും അവള്‍ക്കു വായിക്കാന്‍ കഴിയുമായിരുന്നു .താന്‍ പറഞ്ഞതൊന്നും അയാള്‍ വിശ്വസിച്ചിട്ടില്ല എന്ന് അവള്‍ക്കു മനസ്സിലായി .അവള്‍ തന്‍റെ കൈകള്‍ മണത്തുനോക്കി അപ്പോഴും തന്‍റെ കുഞ്ഞിന്‍റെ  പാല്‍മണം അവളെ വിട്ടുപോയിരുന്നില്ല .അവളുടെ മുലകള്‍ ചുരന്നു നീര് കെട്ടിത്തുടങ്ങിയിരുന്നു.വീണ്ടും ദൈവത്തിനു വിശക്കുന്നുണ്ടായിരിക്കും എന്ന് അവള്‍ ചിന്തിച്ചു .എന്തായാലും താന്‍ കണ്ടത് ഒരു വിഭ്രമക്കാഴ്ച്ച അല്ല എന്ന് അയാളെ വിശ്വസിപ്പിക്കാന്‍ അവള്‍ ഒരുമ്പെട്ടു .

"നോക്കൂ ദാ ഇവിടെ വെച്ചാണ് അവന്‍ എന്നില്‍ വന്നു പിറവി കൊണ്ടത്‌ ,ദാ ഈ തൊട്ടിലില്‍ ആണു ഞാന്‍ അവനെ ഉറക്കിക്കിടത്തിയത് ,ഇതാ ഈ പാത്രത്തിലാണ് ഞാന്‍ അവനു ഇങ്ക് കുറുക്കിയത്"

എന്നൊക്കെ ഓരോന്നായി അയാളെ വിശ്വസിപ്പിക്കാനായി അവള്‍ എടുത്തു കാട്ടി .അപ്പോഴാണ്‌ മുറി മുഴുവന്‍ അലങ്കോലമായിക്കിടക്കുന്നത് അയാള്‍ ശ്രദ്ധിച്ചത് .സെറ്റിയില്‍ ഒരു സ്റ്റീല്‍ ഡവറയില്‍ കുറുക്കു കുറച്ചു ഉപയോഗിച്ച് ബാക്കി വെച്ചത് ആന്ദോളനം നിലയ്ക്കാതെ  ഒരു തൊട്ടില്‍,സെറ്റിയിലെവിരികള്‍വെറും നിലത്തും ,കുഷനുകള്‍ ഒക്കെ സ്ഥാനം തെറ്റിയും,തലകുത്തിക്കിടക്കുന്ന രണ്ടു കളിപ്പാട്ടങ്ങള്‍ അങ്ങനെ മുറി ഒരു ബുള്‍ഡോസര്‍ കേറിയിറങ്ങിയത് മാതിരിയായിരുന്നു. 

  അയാള്‍ക്ക്തോന്നിയത് ഏതോ മതിഭ്രമത്തിന്‍റെ ചിറകിലേറി നിര്‍മ്മല തന്നെ കാട്ടിക്കൂട്ടിയതാണ് അതൊക്കെ എന്നാണ് .അവളെ അയാള്‍ സൂക്ഷിച്ചു നോക്കി . നിര്‍മ്മലയുടെ കണ്ണില്‍ അയാള്‍ കണ്ട  തിളങ്ങുന്ന  നക്ഷത്ര കോടികള്‍ ചിത്തഭ്രമത്തിന്‍റെത് ആണ് എന്ന്അയാള്‍ ധരിച്ചു വശായി.

അവള്‍  ഉല്ലാസവതിയാണ്എന്നതും അയാളുടെ സംശയത്തിന്‍റെ ആക്കം കൂട്ടി.എന്നാല്‍  അയാള്‍  തന്നെ  വിശ്വസിക്കാതിരുന്നതിനെക്കാളും അവളെ വേദനിപ്പിച്ചത് താന്‍ അനുഭവിച്ചു വന്ന ആ ഒരു മണിക്കൂറിന്‍റെ സഫലതകള്‍ അത്രയും   വെറുമൊരു മായക്കാഴ്ച ആയിരുന്നിരിക്കാം എന്ന സാധ്യതയാണ് അങ്ങനെ ആവുന്നതിനെക്കാളും നല്ലത് താന്‍ മരിക്കുന്നതാണ് എന്ന് അവള്‍ക്കു തോന്നി .അയാളെ വിശ്വസിപ്പിക്കുന്നതിനെക്കാളും അപ്പോള്‍ അതൊക്കെ സത്യത്തില്‍ സംഭവിച്ചതാണ് എന്ന്അവള്‍ക്കുതന്നെത്താനെ വിശ്വസിപ്പിക്കേണ്ടിയിരുന്നു .
എന്തോ ഓര്‍ത്ത്‌ നിര്‍മ്മല ഒടുവില്‍ അയാളെയും വലിച്ചു കൊണ്ട് മുററത്തെക്കോടി .
ഇലഞ്ഞിമരത്തിന്‍റെ ചോട്ടില്‍ അയാളെ കൊണ്ട് നിര്‍ത്തി അവര്‍ പറഞ്ഞു .
"ദേ ഇവിടെ വെച്ചാണവനെ കാണാതായത് .ഈ ഇലഞ്ഞിയുടെ അടുത്തു വെച്ച് "അയാള്‍ക്ക്‌ എന്നിട്ടും സംശയം തീര്‍ന്നില്ല .അവിശ്വാസം സ്ഫുരിക്കുന്ന മുഖത്തോടെ അയാള്‍ അവളെ തുറിച്ചു നോക്കി .ഇലഞ്ഞിയുടെ മുകളിലേക്ക് നോക്കി അവള്‍ വിളിച്ചു .
"ഉണ്ണിക്കുട്ടാ "
മറുപടിയുണ്ടായില്ല 
"ദേ നിന്‍റെ അച്ഛന്‍ വന്നിരിക്കുന്നു ,ഒരിക്കല്‍ കൂടി ഒന്ന് വാ ഉണ്ണിക്കുട്ടാ ,അമ്മയുടെ പുന്നാര മുത്തല്ലേ.ഒരു പ്രാവശ്യത്തേക്ക് കൂടി മാത്രം ഒന്ന് വാ "
നേരത്തെ കൊടുത്ത വാഗ്ദാനം ഒക്കെ മറന്നു അവര്‍ യാചിച്ചു  .ഒരു മറുപടിയും ഉണ്ടായില്ല .അവര്‍ കരഞ്ഞു കൊണ്ട് ശിരസ്സില്‍ തല്ലി .എന്തൊക്കെ ചെയ്തിട്ടും  ദൈവം വന്നില്ല.

പക്ഷെ മണ്ണിനടിയില്‍ നിന്ന് ഒരു മുല്ലത്തൈ ,ഇലഞ്ഞിചോട്ടില്‍ നാമ്പിട്ടു .പിന്നെ ഓരില ഈരില എന്ന് ഞൊടിയിടയില്‍ മുല്ല വള്ളി ഇലഞ്ഞിയില്‍ പടര്‍ന്നു കയറി .ഇലഞ്ഞിയുടെ ഒരില പോലും കാണാന്‍ പറ്റാത്ത വിധം അത് ക്ഷണ നേരം കൊണ്ട് ഇറുങ്ങെ പൂത്തു .ഒരു ചെറുകാറ്റ് പോലും ഇല്ലാതിരുന്നിട്ടും മുല്ലപ്പൂക്കള്‍ അവര്‍ക്ക് മീതെ തുരുതുരാ പൊഴിയാന്‍ തുടങ്ങി.ആ നിമിഷം എല്ലാ സങ്കടങ്ങളും സംശയങ്ങളും അയാളില്‍ നിന്ന് പോയി മറഞ്ഞു .വല്ലാത്ത ഒരു ആശ്വാസം അയാള്‍ക്കും തോന്നി .അയാളുടെ തോളില്‍ തല ചായ്ച്ചു അകത്തേക്ക് നടക്കുമ്പോള്‍ അവള്‍ അഭിമാനത്തോടെ പറഞ്ഞു 

"അവനു നിങ്ങളുടെ അതേ ഛായ ആയിരുന്നു ."
അയാള്‍സന്തോഷം നിറഞ്ഞ ഒരു പുഞ്ചിരിയോടെ അവളെ തന്നോട്  ചേര്‍ത്തു പിടിച്ചു .

(മഴവില്ല് ഓണ്‍ലൈന്‍ മാഗസിനിലും തര്‍ജ്ജനി മാസികയിലും പ്രസിദ്ധീകരിച്ചത് )






Saturday, December 29, 2012

ഇതാണോ സര്‍ നരകം ??




അതിനെപ്പറ്റിയാണ് ,ഡല്‍ഹി സംഭവത്തെത്തന്നെ .മനസ്സാക്ഷിയുള്ള ഏതൊരാളെയും ആഴത്തില്‍ സ്പര്‍ശിച്ച ആ സംഭവം സ്ത്രീകളെയും കുട്ടികളെയും പറ്റിയുള്ള നമ്മുടെ കാഴ്ചപ്പാടുകളില്‍ മാറ്റം വരുത്താന്‍ സമയമായെന്നു തെളിയിക്കുന്നു .

ഈ സംഭവം നടന്നതിനു ശേഷം പലരും ബലാല്‍സംഗം
നടന്നത് സ്ത്രീകളുടെ വസ്ത്രധാരണത്തിലെ പിഴവുകള്‍ കൊണ്ടാണെന്നും പ്രതിഷേധങ്ങള്‍ നടത്തുന്നവര്‍ ജാതി മത ചിന്തകള്‍ മൂലം ആണ് അതിനിറങ്ങിത്തിരിച്ചതെന്നും സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലും മറ്റും അലയടിച്ച പ്രതിഷേധം തികച്ചും ഉപരിപ്ലവം ആണെന്നും വാദിക്കുകയുണ്ടായി .അത്തരം ചിന്താഗതിക്കാര്‍ ഇനി തുടര്‍ന്ന് വായിക്കേണ്ടതില്ല .എന്തെന്നാല്‍ അവര്‍ ഒക്കെയും പരോക്ഷമായി ബലാല്‍സംഗത്തെ ന്യായീകരിക്കുകയാണ് ചെയ്യുന്നത് .


കുറച്ചു ദിവസം മുന്‍പ് വരെ ഞാനും അവരെ പോലെ തന്നെയായിരുന്നു .അവര്‍ പറഞ്ഞ ന്യായങ്ങളില്‍ ഒക്കെ കുറച്ചു കാര്യം ഉണ്ടെന്നും ഞാന്‍ കരുതിയിരുന്നു .കുറെ നാള്‍ മുന്‍പ്  ഒരു പക്ഷെ ഇതേ പോലെ തന്നെ, ഒരു പക്ഷെ ഇതിനെക്കാളും പൈശാചികമായി സൌമ്യ എന്ന പെണ്‍കുട്ടി കൊല ചെയ്യപ്പെട്ടപ്പോള്‍ ഇതേ വാദങ്ങള്‍ ഉയര്‍ന്നിരുന്നു എന്നത് മറക്കാതിരിക്കാം .

ആ സംഭവത്തിനു ശേഷം ഒരു പക്ഷെ ഞാനടക്കമുള്ള സമൂഹം ജാഗരൂകമായിരുന്നു എങ്കില്‍ ഒരിക്കലും അത്തരം ഒരു പൈശാചികത സംഭവിക്കില്ലായിരുന്നു .എങ്കിലും അന്ന് നമ്മുടെ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ്സൈറ്റുകളിലും മറ്റു പ്രതികരണ വേദികളിലും പ്രതിഷേധം ആഞ്ഞടിച്ചതു കുടുംബത്തിനു കുറച്ചെങ്കിലും നീതി കിട്ടാന്‍ സഹായകമായി എന്ന് ഞാന്‍ കരുതുന്നു

  എന്ത്കൊണ്ടാണ് കുറേക്കാലമായി (കൃത്യമായി പറഞ്ഞാല്‍ ഒരു കഴിഞ്ഞ ഒരു പത്തു വര്‍ഷത്തിനിപ്പുറം )സ്ത്രീകള്‍ക്കെതിരെയുള്ള പീഡനങ്ങള്‍ ,കുട്ടികള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ ,ദുര്‍ബ്ബലരായവര്‍ക്ക് നേരെയുള്ള ക്രൂരകൃത്യങ്ങള്‍ ഇത്രയേറെ വര്‍ദ്ധിച്ചത് ?എല്ലായ്പ്പോഴും വധശിക്ഷ നല്‍കണം ,കിഷ്ണാപ്പി ചെത്തണം ,നാട് കടത്തണം എന്നൊക്കെ അഭിപ്രായങ്ങള്‍ തട്ടി വിടുമ്പോഴും ആരും എന്ത് കൊണ്ട് ഇങ്ങനെ ് സംഭവിച്ചു എന്ന് ചിന്തിക്കുന്നതായി കണ്ടിട്ടില്ല .

ഇത്തരം സംഭവങ്ങളില്‍ ക്രിയാത്മകമായി ചിന്തിക്കുവാന്‍ ,പരിഹാര നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുവാന്‍ ഒക്കെയല്ലെങ്കില്‍ പിന്നെ എന്തിനാണ് നമുക്ക് ബുദ്ധിജീവികള്‍ ?സാംസ്കാരിക നായകര്‍ ?

     സമൂഹം ഇല്ലാതായത് തന്നെയാണ് ഇത്തരം പൈശാചികതയുടെ പ്രധാനകാരണങ്ങളില്‍ ഒന്നാമത്തേത് .രാവിലെ ചായക്കടയില്‍ ഒരു ആപ്പ് ചായ കുടിച്ചു കൊണ്ട് പത്രത്തിലെ വിശേഷം ചവച്ചു കൊണ്ട് ലോകത്ത് നടക്കുന്ന ഓരോ കാര്യങ്ങളിലും അഭിപ്രായം പറയുകയും അവയെക്കുറിച്ച് കൂലങ്കഷമായി ചിന്തിക്കുകയും ചെയ്തിരുന്ന ജോലിസ്ഥലത്ത് ഇളവില്ലാതെ വേല ചെയ്യുമ്പോഴും കൂടെയുള്ളവരെ കുറിച്ച് ഓര്‍മ്മിച്ചിരുന്ന ,തീര്‍ത്തും അപരിചിതന്‍ ആയ ഒരാള്‍ ആണെങ്കിലും അപകടത്തില്‍ പെടുമ്പോള്‍ ഓടിയെത്തിയിരുന്ന ,വൈകുന്നേരം കള്ളുഷാപ്പില്‍ അന്തിയടിച്ചു വേദനകളെ നാട്ടുശീലുകളില്‍ ഒരുമയോടെ പാടി വേര്‍പ്പിച്ചു കളഞ്ഞിരുന്ന ആ സമൂഹം പ്രിയ സുഹൃത്തെ മരിച്ചു പോയിരിക്കുന്നു.


ആ സമൂഹം ആണ് സര്‍ക്കാരുകളെക്കാള്‍ കൂടുതല്‍ നിയമ വാഴ്ച ഉറപ്പു വരുത്തിയിരുന്നത് .സര്‍ക്കാരുകള്‍ക്ക് പരിമിതികളുണ്ട് ,ഓരോ പൌരന്റെയും സുരക്ഷ ഉറപ്പാക്കുക ഭരണ കൂടത്തിനുഒരിക്കലും അത്രയെളുപ്പം പ്രായോഗികമാകയില്ല .

അതുമല്ല എല്ലാ കുറ്റകൃത്യങ്ങളെയും സര്‍ക്കാര്‍ പ്രതിരോധിക്കുന്നത് മറ്റൊരു കുറ്റകൃത്യം കൊണ്ടാണ് .തടവിലിട്ടു കൊണ്ട് ,അല്ലെങ്കില്‍ കൊല ചെയ്തു കൊണ്ട് ..ശക്തനായ ഒരാള്‍ ദുര്‍ബ്ബലനായ ഒരാളെ ആക്രമിക്കുമ്പോള്‍ കൂടുതല്‍ ശക്തനായ സര്‍ക്കാര്‍ അതെ കൃത്യം കൊണ്ട് തന്നെ പ്രതിരോധിക്കുന്നു .എന്നാല്‍ സമൂഹം അങ്ങനെയല്ല .അത് കുറ്റവാളിയില്‍ ഭയം സൃഷ്ടിക്കുന്നതെയുള്ളൂ .ശിക്ഷിക്കുന്നതുമില്ല .

നാം ഓരോരുത്തരും പണത്തെ പ്രണയിക്കുന്ന ,ആരാധിക്കുന്ന ,കാമിക്കുന്ന പിശാചുക്കള്‍ ആയി മാറിയിരിക്കുന്നു .പണമാണ് ദൈവം,പണമാണ് ലോകം ,പണമാണ് ശരീരം ,പണമാണ് എല്ലാം പണമാണ് എല്ലാം .

അങ്ങനെയല്ലെങ്കില്‍ ആലോചിച്ചു നോക്കൂ ,ഇത്രയും ഭീകരമായ ഒരു ആക്രമണത്തിനെതിരെ പ്രതിഷേധിക്കാന്‍ വെറും പതിനായിരം പേരാണ് ലോകത്തെ ഏറ്റവുംജനസംഖ്യയുള്ള രാജ്യത്ത് ഒരുമിച്ചു കൂടിയത് .ബാക്കി നൂറ്റി പത്തൊമ്പത് കോടി തൊണ്ണൂറ്റൊമ്പത്‌ ലക്ഷത്തി തൊണ്ണൂറായിരം പേരും ഒന്നുകില്‍ ബലാല്‍സംഗം ചെയ്തു കൊണ്ടിരുന്നു , അവയുടെ വാര്‍ത്തകള്‍ കണ്ടു ആസ്വദിച്ചു കൊണ്ടിരുന്നു ,അതുമല്ലെങ്കില്‍ കണ്ണടച്ച് ബാലാല്സംഗികളെ രക്ഷിക്കാന്‍ ഉള്ള ന്യായങ്ങള്‍ ചമച്ചു .അങ്ങനെ പലവട്ടം പിന്നെയും ആ സാധു ജീവിയെ പ്രാപിച്ചു കൊണ്ടുമിരുന്നു (ഞാനടക്കം )


കുടുംബബന്ധങ്ങളില്‍ ഉണ്ടായ തകര്‍ച്ച ആണ് ഈ നാണക്കേടിന്റെ മറ്റൊരു കാരണം ,ദുര മൂത്ത് നിര്‍വ്വചിക്കാന്‍ പോലും കഴിയാത്ത വിധത്തില്‍ എന്തൊക്കെയോ വാരിക്കൂട്ടാന്‍ ആര്‍ത്തിയോടെ പായുന്ന തെണ്ടിപ്പരിഷകള്‍ ആയിരിക്കുന്നു നാം .മറ്റാരെയും നമുക്ക് കാണേണ്ടതില്ല ,കേള്‍ക്കേണ്ടതില്ല,അറിയേണ്ടതില്ല,ഇല്ലത്ത് നിന്നിറങ്ങുകയും
ചെയ്തു അമ്മാത്ത് എത്തിയതുമില്ല എന്നതാണ് നമ്മുടെ സ്ഥിതി ഇപ്പോള്‍ .ഇന്ത്യന്‍ പാശ്ചാത്യ സംസ്കാരങ്ങളുടെ ഒരുമയില്ലാത്ത കൊളാഷ് ആണ് നാം ഇപ്പോള്‍ കൊണ്ട് നടക്കുന്നത് .

ഓരോ കുടുംബവും , സുരക്ഷിതം എന്ന് നിങ്ങള്‍ ഇപ്പോള്‍ ഉള്ളില്‍ രഹസ്യമായി ചിരിച്ച നിങ്ങളുടെ കുടുംബം പോലും ചങ്ങാതീ വെറുമൊരു ലോഡ്ജാണ്,ഏതു തെരുവ് ഗുണ്ടക്കും നാല് കൂട്ടുകാരോടൊപ്പം നിഷ്പ്രയാസം ചവിട്ടിത്തുറക്കാവുന്ന ഒന്ന് .ഒരു പക്ഷേ സഹായത്തിനു നിങ്ങള്‍ കരഞ്ഞു വിളിക്കുമ്പോഴേ നിങ്ങള്‍ അറിയൂ ,നിങ്ങളുടെ കഴുത്തില്‍ തൊട്ടു നില്‍ക്കുന്ന കത്തിപ്പിടി നിങ്ങളുടെ മകന്‍റെ കയ്യിലാണെന്നു ,നിങ്ങളുടെ മകള്‍ ആണ് നിങ്ങള്‍ക്ക് നേരെ പണം ആവശ്യപ്പെട്ടു ചാട്ട ചുഴറ്റുന്നതെന്നു !നിങ്ങളുടെ ഭാര്യ ആണ് നിങ്ങള്‍ വീട്ടില്‍ ഉള്ള സമയം കൃത്യമായി പറഞ്ഞു കൊടുത്തതെന്ന് !


  കമ്പോളസംസ്കാരം വാരിപ്പുണര്‍ന്ന രാജ്യങ്ങളിലെ മഹാമാരികള്‍ ആയിരുന്നു ഇവയെല്ലാം .നാം പണ്ട് കേട്ടിരുന്നത് അങ്ങനെയാണ് ,അവിടെയുള്ളവര്‍ ഇത്തരം പൈശാചികതകള്‍ മടുത്തു നാം മഹനീയം എന്നു കൊട്ടിഗ്ഘോഷിക്കുന്ന നമ്മുടെ മഹാ സംസ്കാരം തേടിയെത്തുന്നു ,നാം ആവട്ടെ അവര്‍ ഛര്‍ദ്ദിച്ചതു വാരി വിഴുങ്ങുന്നു .പുതിയ പുതിയ അശ്ലീലഗാഥകള്‍ രചിക്കുന്നു .അഹോ കേമം .

                     വെളുക്കുവോളം പെണ്‍കുട്ടിയുടെ ദുരന്തവര്‍ത്തമാനങ്ങള്‍ ചൂടോടെ വിളമ്പിയ ചാനലുകളും യഥാര്‍ത്ഥ പ്രതികളില്‍ ഉള്‍പ്പെടുന്നില്ലേ?

ബലാല്‍സംഗവാര്‍ത്തപ്രക്ഷേപണം    ചെയ്യുന്നതിനിടക്കും കോണ്ടത്തിന്റെ ,അപ്രതീക്ഷിത ഗര്‍ഭം കലക്കാനുള്ള മാര്‍ഗ്ഗങ്ങളുടെ ,പരസ്യങ്ങള്‍ വാരി വിതറുമ്പോള്‍ തങ്ങള്‍ .അയലത്തെ കല്ല്യാണ ചെക്കനെ കൊതിയോടെ കാത്തിരുന്ന പാട്ടുകള്‍ പാടുമ്പോള്‍,അല്ലെങ്കില്‍ നാലിലോ അഞ്ചിലോ പഠിക്കുന്ന കുട്ടികളുടെ പ്രണയ രംഗങ്ങള്‍ നാണമില്ലാതെ ഷൂട്ട്‌ ചെയ്തു കണ്ണിനു നീ കണ്മണി ആണെന്ന് ഇത്തിരിയില്ലാത്ത കുഞ്ഞുങ്ങളെചൊല്ലിപ്പഠിപ്പിക്കുമ്പോള്‍ അങ്ങനെ നമ്മുടെ ഉള്ളിലെ വിഷം കുഞ്ഞുങ്ങളില്‍ കുത്തി വെക്കുമ്പോള്‍ ഈ ചാനലുകള്‍ അതിന്‍റെ ഭവിഷ്യത്തുകളെ കുറിച്ച് ആലോചിക്കാത്തതെന്താണ് ?

സിനിമകള്‍ സെന്‍സര്‍ ചെയ്യാന്‍ നിരവധി മാര്‍ഗ്ഗങ്ങള്‍ ഉണ്ട് ,യാതൊരു നിബന്ധനകളുമില്ലാതെ ഇന്ന് പിറന്ന കുഞ്ഞുങ്ങള്‍ക്ക്‌ മുന്നില്‍ പോലും അശ്ലീലത്തിന്‍റെ അങ്ങേയറ്റം വരെ (ഒരിക്കല്‍ ഒരു നടി പൂര്‍ണ്ണ നഗ്നയായി പോസ് ചെയ്ത പരസ്യം പോലും ഒരാഴ്ചയോളം അവര്‍ സംപ്രേക്ഷണം ചെയ്തു )കാശ് കിട്ടിയാല്‍ എന്തും ഉളുപ്പില്ലാതെ പ്രക്ഷേപണം ചെയ്യുന്ന ചാനലുകളെ കടിഞ്ഞാണിടാന്‍ ഒരു സംവിധാനവും ഇല്ല .ആരും നിയന്ത്രിക്കാനില്ലാത്തതിനാല്‍ അവര്‍ പൂണ്ടു വിളയാടുന്നു .അത്ര തന്നെ .

അവര്‍ വിളമ്പുന്ന വയലന്‍സും സെക്സും കണ്ടല്ല ഇതൊക്കെ സംഭവിക്കുന്നതെന്ന തൊടുന്യായത്തില്‍ ഊരിപ്പോകും ഈ ചാനലുകള്‍ .പക്ഷെ അവര്‍ക്ക് മനസ്സാക്ഷി എന്നൊന്നുണ്ടെങ്കില്‍ ഈ പാതകങ്ങളില്‍ തങ്ങള്‍ക്കുള്ള പങ്കില്‍ നിന്നൊഴിഞ്ഞു മാറാനാവില്ല .

ആശയ വിനിമയോപധികളില്‍ പൊടുന്നനെ ഉണ്ടായ വിപ്ലവകരമായ പുരോഗതി ന മ്മുടെ എല്ലാവരുടെയും ജീവിതത്തെ അനിര്‍വ്വചനീയ മായ തരത്തില്‍ മാറ്റി മറിച്ചിരിക്കുന്നു.വിരല്‍ത്തുമ്പത്ത്‌ നിങ്ങള്ക്ക് ഇപ്പോള്‍ എന്തും ലഭ്യമാകും .ആഗ്രഹിക്കുന്നതെന്തും കാണാന്‍ കഴിയും .ബലാല്‍സംഗമോ   കൊലപാതകമോ പ്രസവമോ എന്തും .ഒരൊറ്റ മൗസ് ക്ളിക്കെ വേണ്ടൂ .യൂ ട്യുബില്‍ ഒന്ന് ലോഗിന്‍ ചെയ്യുകയെ വേണ്ടൂ .നമ്മുടെ യുവതലമുറ അങ്ങനെ കൂടുതല്‍ കൂടുതല്‍ മോഡേണ്‍ ആകുന്നു .

         അതിന്‍റെ പൂര്‍ണ്ണ ഉത്തരവാദിത്തം ഇത്തരം ആധുനികസങ്കെതങ്ങള്‍ക്ക് അനുസൃതമാം വിധം മാനസികമായി ഒട്ടും പാകമാവാത്ത നമ്മുടെ പൊതു സമൂഹത്തിന്റെകയ്യിലേക്ക്ഇങ്ങനെയൊരു ആറ്റംബോംബ്‌വെച്ച്കൊടുത്തിട്ട് കൈ കൊട്ടിച്ചിരിക്കുന്ന രാഷ്ട്രീയ നേതൃത്വത്തിനാണ് .

പല വിധത്തിലും ഈ ആധുനിക സാങ്കേതിക വിദ്യകള്‍ പൊതു സമൂഹത്തിനു നല്‍കുന്ന സൌകര്യങ്ങള്‍ വിസ്മരിക്കുന്നില്ല .എന്നാല്‍ ഇതിനോടൊപ്പം ഉണ്ടാകാവുന്ന ഇത്തരം ഉപോല്‍പ്പന്നങ്ങള്‍ എങ്ങനെ നിരുപദ്രവകരമാക്കാം എന്ന് ഒരു സര്‍ക്കാരും ഇതേ വരെ ചിന്തിച്ചിട്ടില്ല .

ഒരു കാക്ക ചത്താല്‍ പോലും തങ്ങളുടെ മതം തകര്‍ന്നു എന്ന് വിലപിച്ചു ആയിരക്കണക്കിന് ആള്‍ക്കാരെ നിഷ്പ്രയാസം  തെരുവിലിറക്കി  കലാപങ്ങളും കൊള്ളയും കൊലയും  നടത്താറുള്ള മത നേതൃത്വങ്ങള്‍ ആവട്ടെ വളരെ കൂടുതല്‍ ചെയ്യാന്‍
കഴിയുമായിരുന്നിട്ടും നിഷ്ക്രിയരായിരുന്നു .ഒരു മതത്തിന്റെയും ഒരു നേതാവും ഈ പൈശാചികതയെ അപലപിച്ചില്ല ,പ്രതിഷേധിച്ചില്ല.ഒരു മത നേതാവും തപസ്സ് ചെയ്തില്ല .ആ ശവം തീനികള്‍ ഒരു പക്ഷെ ബാലാല്സംഗത്തെ ന്യായീകരിക്കുക പോലും ചെയ്തു .തങ്ങള്‍ ഉദ്ദേശിച്ച പോലെ,നിര്‍ദ്ദേശിച്ച തു പോലെ നടക്കാത്ത സ്ത്രീകള്‍ക്ക് ഒരു പാഠം എന്ന് ഉദാഹരിക്കാന്‍ ഒരു മാതൃക ലഭിച്ചതില്‍ അവര്‍ സന്തോഷിക്കുന്നു പോലുമുണ്ടാകും

ഏറ്റവും കൂടുതല്‍ അപലപിക്കേണ്ടത് ബുദ്ധിജീവികള്‍ എന്ന് പറഞ്ഞു ജനങ്ങളുടെ പണം കൊണ്ടുള്ള അവാര്‍ഡുകള്‍ ,പദവികള്‍ ,പുരസ്കാരങ്ങള്‍ എന്നിവ സംഘടിപ്പിക്കാന്‍ രാപകല്‍ നെട്ടോട്ടം ഓടുന്ന എച്ചില്‍ നക്കികളെയാണ് .കൊല്ലാക്കൊല ചെയ്യപ്പെട്ട ഒരു പാവം പെണ്‍കുട്ടിയുടെ ജാതി അന്വേഷിച്ചു ഒരു പുണ്യവതി .മൌന വാല്മീകത്തില്‍ ഒളിച്ചു മറ്റു ചിലര്‍ .ചാനലുകളില്‍ വന്നു ചര്ചിച്ചു ചര്‍ച്ചിച്ച് നാട്ടുകാരെ പീഡിപ്പിച്ചു രസിച്ചു മറ്റു ചില നാല്‍ക്കാലികള്‍.ഒരാള്‍ക്കും സ്ത്രീകള്‍ക്കെതിരെ കുഞ്ഞുങ്ങള്‍ക്കെതിരെ അതിക്രമം നടന്നതില്‍ പ്രതിഷേധിക്കാന്‍ കഴിഞ്ഞതായി അറിവില്ല .

ഓരോ ദിവസവും പത്രം വായിക്കുമ്പോള്‍ ,ചാനലുകളില്‍ പീഡനത്തിന്റെ തുടര്‍ക്കഥകള്‍ ഒരു നിമിഷം പോലും ഒഴിയാതെ സ്ക്രോള്‍ ചെയ്യുമ്പോള്‍ ,അച്ഛന്‍ സ്കൂളില്‍ നിന്ന് വിളിച്ചു കൊണ്ട് പോയി പീഡിപ്പിക്കും എന്ന് ഭയന്ന് സ്കൂളില്‍ പോലും കാവലിരിക്കുന്ന ഒരു അമ്മയെക്കുറിച്ച് പറഞ്ഞു കേള്‍ക്കുമ്പോള്‍ അമ്മയെ മകനെ കൊണ്ട് ലൈംഗികമായി പീഡിപ്പിച്ചു അതിന്‍റെ വീഡിയോ ക്ലിപ്പ് ഉപയോഗിച്ച് അവരെ ഭീഷണിപ്പെടുത്തി എന്ന് അറിയുമ്പോള്‍ ഒക്കെ അമ്പരപ്പോടെ ചോദിച്ചു പോകുന്നു .

"യഥാര്‍ത്ഥത്തില്‍ ഈ ലോകം അവസാനിച്ചു കഴിഞ്ഞോ ?ഇതാണോ സര്‍ ഈ നരകം ?!!!!!"

(ഡല്‍ഹിയിലെ വാര്‍ത്ത കേട്ട് നാല് ദിവസത്തോളം ഉറങ്ങാതിരുന്നു സമനില തെറ്റിപ്പോയി എന്ന് പരാതിപ്പെട്ട എന്‍റെ സുഹൃത്തിനെ ആശ്വസിപ്പിക്കുമ്പോള്‍ ഞാന്‍ പറഞ്ഞു "പ്രിയ ചങ്ങാതീ ,നിനക്ക് അല്ല സമനില തെറ്റിയത് .ഈ !@#$%^&*() സമൂഹത്തിനാണ് .)

Tuesday, October 18, 2011

അത് വെറുമൊരു സ്വപ്നം മാത്രം ആവണേ


തന്നെക്കാളും മുതിര്‍ന്ന ഒരു സ്ത്രീയെ 10 വയസ്സോളം പോന്ന ഒരു ചെക്കന്‍ കീഴ്പെടുത്തുന്ന വിഭ്രാമകമായ ഒരു സ്വപ്നം കണ്ടാണ്‌ ഉണര്‍ന്നത് ,നാലോ അഞ്ചോ കുട്ടികള്‍ അവനു കാവല്‍ നിന്നിരുന്നു .അവള്‍ കരഞ്ഞു കൊണ്ടെഴുന്നേറ്റു അവന്‍റെ കരണത്തടിച്ചു ,അവന്‍ തന്‍റെ സ്കൂള്‍ ബാഗ്‌ പെറുക്കിയെടുത്ത് എങ്ങോട്ടോ ഓടിപോയി ,

വിശാലമായ ആ വയലും അതിനടുത് കാറ്റാടി കറങ്ങുന്ന നെല്പ്പുരയും ആ കുട്ടികളും എന്നെ ഏതോ വിദേശ സിനിമയുടെ യു ട്യൂബ് ദൃശ്യം എന്ന് സമാധാനപെടുത്തി .പക്ഷെ അത് എന്‍റെ വീടിനടുത്ത് സംഭവിച്ചേക്കാം എന്ന സാധ്യത എന്നെ ആകുലപ്പെടുത്തി .

ഞാന്‍ തന്നെയാണ് കുറ്റക്കാരന്‍ എന്നെനിക്കു തോന്നുന്നു ,ഫേസ് ബുകില്‍ എത്രയോ പ്രാവശ്യം ആണ് കുട്ടികള്‍ സിഗരറ്റ് വലിക്കുന്നതിന്റെ ,മദ്യപിക്കുന്നതിന്റെ ,മറ്റു ദുശീലങ്ങളില്‍ ഏര്‍പെടുന്നതിന്റെ ചിത്രങ്ങളില്‍ ഞാന്‍ ടാഗ് ചെയ്യപ്പെട്ടത് ,ഞാന്‍ തന്നെ 2 ചിത്രങ്ങള്‍ പോസ്റ്റ്‌ ചെയ്തിട്ടുണ്ട് .

ഒരു പക്ഷെ എല്ലാം അശ്രദ്ധയോടെ കൈകാര്യം ചെയ്യുന്ന എന്‍റെ തലമുറയുടെ പിഴയാവാം ,അല്ലെങ്കില്‍ ആഗോള ഫാക്ടറിയില്‍ നിന്നൊഴുകി വരുന്ന മാലിന്യങ്ങള്‍ ആകാം ,പക്ഷെ നാളെയൊരിക്കല്‍ ഈ ദുസ്വപ്നം സത്യമായേക്കാം .വിനിമയത്തിന്റെ ജനാലകള്‍ തുറന്നിട്ടപ്പോള്‍ നാം സമീപത്തുള്ള ഓടകളുടെ കാര്യം മറന്നു .അവിടെ നിന്ന് പറന്ന്‍ എത്താവുന്ന ഭീമന്‍ കൊതുകുകളെയുംകീടങ്ങളെയും മറന്നു .നാളെ കാറിന്‍റെ പിന്‍സീറ്റില്‍ നിന്ന് ഒരു തോക്ക്‌ നിങ്ങളുടെ പിന്‍ കഴുത്തില്‍ മഞ്ഞിനോളം തണുത്ത ഒരു ഇളം ചിരി (ഇപ്പോള്‍ വിടര്‍ന്നത് )ചിരിച്ചേക്കാം.

മൂല്യങ്ങള്‍ പഴയതായിട്ടുണ്ടാവാം ,ഉപയോഗശൂന്യമായിട്ടുണ്ടെന്നും വരാം .കാലത്തിനു അനുസരിച്ച പുതിയ മൂല്യങ്ങള്‍ നമുക്ക് രൂപപ്പെടുതിയെ തീരു

ഫേസ് ബുകിലെ അത്തരം പോസ്റ്റുകള്‍ സെന്‍സര്‍ ചെയ്യണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു ,ഫേസ് ബുകിലെ എന്‍റെ കുട്ടിക്കാലത്ത്‌ ചെയ്തു പോയ ആ വലിയ പിഴക്ക് അത് കാണാന്‍ ഇടയായവരോട് ഞാന്‍ നിരുപാധികം മാപ്പ് ചോദിക്കുന്നു ,സ്വപ്നത്തിലെങ്കിലും ഇനി അത്തരം ഒരു കരച്ചില്‍ കേള്‍ക്കാന്‍ ഇട വരല്ലേ എന്ന് പ്രാര്‍ത്ഥിക്കുന്നു
ഫേസ്ബുക്കില്‍ കുറേക്കാലം മുന്‍പ് ഞാന്‍ എഴുതിയ ഒരു നോട്ട് ആണിത് .പതിവ് ഊള നോട്ടുകള്‍ക്ക് ലഭിക്കാറുള്ള കമന്റുകളുടെ പാതി പോലും എനിക്ക് ലഭിച്ചില്ല .എന്തിനു പാല്‍മണം മാറാത്ത കുട്ടികള്‍ മദ്യപിക്കുന്നതിന്റെ,പുക വലിക്കുന്നതിന്റെ ചിത്രങ്ങള്‍ക്ക് ലഭിക്കുന്ന കമന്റോ ശ്രദ്ധയോ അതിനുണ്ടായില്ല .പക്ഷെ കുറെ നാളുകള്‍ക്കു ശേഷം ഒന്നുണ്ടായി ,അല്ല രണ്ടുണ്ടായി .
പത്തും പന്ത്രണ്ടും വയസ്സുള്ള രണ്ട്ആണ്‍കുട്ടികള്‍ രണ്ടു പിഞ്ചു പെണ്‍കുട്ടികളെ ലൈന്ഗികമായി ആക്രമിക്കാന്‍ ശ്രമിച്ച ശേഷം കൊന്നു .ഒരാള്‍ കൊന്നു മരപ്പൊത്തില്‍ തള്ളിയ ശേഷം നിസ്സംശയം കളികളില്‍ കൂട്ടുകാരോടൊപ്പം പങ്കെടുക്കുക കൂടി ചെയ്തു .രണ്ടാമന്‍ തന്റെ അച്ഛന്‍ മദ്യപിച്ച ശേഷം സ്ഥിരമായി അശ്ലീല വീഡിയോകല്‍ കാണാറുണ്ട്‌ എന്ന് വെളിപ്പെടുത്തി .

നമ്മുടെ കുട്ടികളെ നാം ശ്രദ്ധിക്കുന്നേയില്ല .അല്ലെങ്കില്‍ അധികം ശ്രദ്ധിച്ചു അവരെ മുട്ടയ്ക്ക് പുറത്തു വരാന്‍ സമ്മതിക്കാതെ പോട്ടന്മാരാക്കിത്തീര്‍ക്കുന്നു . സദാചാര വാണിഭം നടത്തുന്ന നമ്മുടെ പത്രങ്ങളോ ചാനെല്കളോ ഇതൊന്നും ശ്രദ്ധിച്ചില്ല .അവര്‍ ഇപ്പോഴും കുഞ്ഞുങ്ങള്‍ക്ക്‌ വേണ്ടി പുതിയ വ്യഭിചാര സീരിയലുകള്‍ ,അന്ധവിശ്വാസ വിളക്കുകള്‍ ,കാബറെ ഡാന്‍സുകള്‍ (ഒരു എപിസോഡ്മുഴുവന്‍ പൂവാലശല്യം എന്നാ പേരില്‍ ഇച്ചിരി തുണി ചുറ്റിയ കുട്ടി കാബറെ ഡാന്‍സ്,ഇനി പോള്‍ ഡാന്‍സും നഗ്ന നൃത്തവും നമ്മുടെ കുട്ടികള്‍ സ്വീകരണ മുറിയില്‍ ഇരുന്നു കാണും ,ആഹാ ,ലൈംഗിക സ്വാതന്ത്ര്യം അതിന്റെ ഉന്നതികളില്‍ ! )അക്രമ റിയാലിട്ടികള്‍ എന്നിങ്ങനെ മുന്നേറുന്നു .രണ്ടു കുട്ടികള്‍ സ്കൂളില്‍ പോയി തിരിച്ചു വരുന്നത് വരെ ശ്വാസം അടക്കിപ്പിടിച്ചു ഞങ്ങള്‍ ,

നല്ല വാക്കൊതുന്ന ഒരു തലമുറ ,നല്ല കാര്യങ്ങള്‍ കാണുന്ന കണ്ണുള്ളവര്‍ ,നല്ല മനുഷ്യരായവര്‍ ഒക്കെ ഭൂരിപക്ഷം ഉള്ള ഒരു തലമുറ പിറക്കും എന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു ,എന്നിട്ടും ,അവരെ നമ്മുടെ ദുഷ്ടുകള്‍ ഒത്തിക്കോടുത്തും അശ്ലീല ചിന്തകള്‍ കാണുന്ന നീല കണ്ണടകള്‍ വെച്ച് കൊടുത്തും പുഴുക്കുത്ത്എല്പ്പിക്കാതിരിക്കുക .നമുക്ക് അത്രയൊക്കെയല്ലേ ചെയ്യാന്‍ കഴിയു?

Thursday, September 29, 2011

പഠനം ജീവിതം തന്നെ ..

ആമിയെ പള്ളിക്കൂടത്തില്‍ ചേര്‍ക്കാന്‍ നേരത്ത് ആണ് ആ ബ്രോഷര്‍ എന്‍റെ കയ്യില്‍ വന്നു ചേര്‍ന്നത്‌ .പ്രകൃതിയോടു ഇണങ്ങി കുട്ടികള്‍ വളരട്ടെ ,കളിക്കട്ടെ എന്നൊക്കെ ഉള്ള വീരവാദങ്ങള്‍ നിറഞ്ഞ അത് വായിച്ചു ടോമോയിലെ സ്കൂള്‍ ഇന്ത്യയിലും എന്നാ അല്ഭുതാതിരെകത്തോടെ ഞാന്‍ ആ സ്കൂള്‍ കാണാന്‍ പോയി .

പക്ഷെ എന്നെ വല്ലാതെ നിരാശപ്പെടുത്തി അവിടത്തെ കാഴ്ചകള്‍ .ഒരു വലിയ ഫ്ലാറ്റ് സമുച്ചയം .മനോഹരമായ ഒരു കുന്നു നിരത്തി കെട്ടിടം .വിശാലമായ അതിന്റെ ബേസ്മെന്റ് കുറച്ചു ഭാഗത്ത്‌ പുഴ മണ്ണ് നിരത്തിയിരിക്കുന്നു ,പാര്‍ക്കിലും മറ്റും കാണുന്ന ചില കളി സാമാനങ്ങള്‍ അടുത്തു സജ്ജീകരിച്ചിരിക്കുന്നു .
കളിസ്ഥലം ഉണ്ടാവണം എന്ന നിബന്ധനയെ തികച്ചും ഭാവനാശൂന്യമായി മറികടക്കുന്നതിങ്ങനെയാണ് .ആ കുന്നുകള്‍ ഇടിച്ചു നിരത്തുന്നതിനു പകരം അതിന്റെ ചരിവുകള്‍ നില നിര്‍ത്തി കൊണ്ട് തന്നെ കെട്ടിടം പണിതിരുന്നെങ്കിലോ ?മണ്ണിന്റെ ഘടനയെ ക്കുറിച്ചും അവസാദ ശിലകളെ ക്കുറിച്ചും ലാറ്റ റൈറ്റ് കളെ ക്കുറിച്ചും ആ കുന്നിന്‍ ചെരുവില്‍ കൊണ്ട് പോയി കാണിച്ചു കൊടുത്തും കുട്ടികളെ പഠിപ്പിചിരുന്നെങ്കിലോ ?പുഴയില്‍ ഒരു പീരിയഡ് നീന്താന്‍ കൊണ്ട് പോയിരുന്നെങ്കിലോ ?അപ്പോള്‍ കുട്ടികള്‍ പ്രകൃതിയോടിണങ്ങി വളര്‍ന്നേനെ .സ്കൂളില്‍ ഉത്സാഹത്തോടെ പോയേനെ .

പ്രകൃതി ഓരോ കുട്ടിയിലും അതിജീവനത്തിന്റെ വിത്ത്‌ വിതച്ചിട്ടുണ്ട് ,അത് ഓരോ നിമിഷത്തിലും വളരുകയും ക്രമാനുഗതമായി ഉല്‍ഫുല്ലം ആകുകയും ചെയ്യുന്ന രീതിയില്‍ ആണ് ,അതിനെ സാവധാനം സ്വാഭാവികമായി വിടരാന്‍ അനുവദിക്കുന്ന വിദ്യാഭ്യാസ രീതി ആണ് നാം പിന്തുടരേണ്ടത് ,ഇപ്പോഴാവട്ടെ നമ്മുടെ വളര്‍ച്ചയെ തന്നെ മുരടിപ്പിക്കുന്ന രീതിയിലും ആണ് വിദ്യാഭ്യാസം ആസൂത്രണം ചെയ്തിട്ടുള്ളത് .ബിരുദതലം വരെ ഹിന്ദി പഠിച്ച ഒരാളും വിദ്യാഭ്യാസം നേടിയിട്ടില്ലാത്ത ഒരാളും ഹിന്ദി സംസാരിക്കുന്ന ഒരു സ്ഥലത്ത് ചെന്നാല്‍ ഹിന്ദി പഠിച്ച ആള്‍ മറ്റേയാളെ ക്കാളും നന്നായി ഹിന്ദി കൈകാര്യം ചെയ്‌താല്‍ വിദ്യാഭ്യാസം പ്രയോജനകരമായി എന്ന് പറയാം .

പക്ഷെ ഇപ്പോള്‍ അതങ്ങനെയല്ല ,പകരം തിരിച്ചാണ് സംഭവിക്കുന്നത്‌ . പഠിച്ച വ്യാകരണവും ഭാഷയും വിദ്യാഭ്യാസം ഉള്ള ആളെ ചങ്ങലക്കിടുമ്പോള്‍ ജീവിത വിദ്യാലയത്തില്‍ ഹിന്ദി പഠിച്ച രണ്ടാമന്‍ അനായാസം ഹിന്ദി കൈകാര്യം ചെയുന്നു .എഴുതാനോ വായിക്കാനോ പോലും ആദ്യത്തെയാളെ രണ്ടാമന്‍ തോല്‍പ്പിച്ചു എന്നും വരാം .

ഇതിനു മുന്‍പെഴുതിയ കുറിപ്പില്‍ എനിക്ക് ലഭിച്ച പ്രതികരണങ്ങള്‍ പലതും ചൂണ്ടിക്കാട്ടിയത് സിലബസ്സിനെയാണ് .ഒന്നാം പ്രതി സിലബസ് തന്നെയാണെന്നതില്‍തര്‍ക്കമില്ല.സിലബസ്സിനെക്കുറിച്ച്പരാതികള്‍ ഉയരുമ്പോള്‍ സര്‍ക്കാര്‍ അത് പരിഷ്കരിക്കാന്‍ ഒരു കമ്മിറ്റിയെ നിയോഗിക്കും .വിദ്യാഭ്യാസ വിദഗ്ദ്ധരും അധ്യാപക സംഘടനയുടെ പ്രധിനിധികളും രാഷ്ട്രീയ പാര്‍ട്ടികളുടെ മൂട് താങ്ങികളും ഒക്കെ അതില്‍ ഉണ്ടായെന്നു വരാം .പക്ഷെ ഒരിക്കലും ഒരു കുട്ടി പോലും അതില്‍ ഉണ്ടാവില്ല .തങ്ങള്‍ പഠിക്കേണ്ടതെന്തു എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം കുട്ടികള്‍ക്ക് നല്‍കണം എന്ന് ആരും ഇതേ വരെ വാദിച്ചു കേട്ടിട്ടില്ല .പോട്ടെ തന്‍റെ കുട്ടിയുടെ വിദ്യാഭ്യാസത്തെ പറ്റി ആശങ്കയും വേവലാതിയുമുള്ള ഒരു രക്ഷകര്‍ത്താവിനെ അല്ലെങ്കില്‍ ഒരു മനശാസ്ത്രജ്ഞനെ ഉള്‍പ്പെടുത്തണം എന്ന് ആരും പറയാത്തതെന്താണ് ?

ഇപ്പോള്‍ നിലവിലുള്ള സിലബസ് പരിഷ്കരണ രീതിയും രസാ വഹം തന്നെ .ചെറുശ്ശേരിക്ക് പകരം ഓ.എന്‍ .വി അല്ലെങ്കില്‍ റഫീക്ക് അഹമ്മദ്‌ ,ഇന്ദു ലേഖക്ക് പകരം കൊമാല എന്ന തരത്തില്‍ സിലബസ്സില്‍ കാലികമായ കൃതികള്‍ മലയാളത്തില്‍ ,കുറച്ചു വ്യത്യസ്തമായ രീതിയില്‍ അവതരിപ്പിക്കുന്ന കണക്കു ,കമ്പ്യൂട്ടറും ഇലെക്ട്രോനിക്സും സയന്‍സ് വിഷയങ്ങളില്‍ ,തീര്‍ന്നു പരിഷ്കരണം.

കുട്ടികള്‍ തന്നെത്താനെ പഠിക്കുക എന്ന ആശയം വ്യാപകമായത് കുട്ടികളുടെ പ്രവൃത്തിഭാരം വല്ലാതെ കൂട്ടിയതെയുള്ളൂ .ഉല്പ്രേക്ഷയും ഉപമയും പഠിക്കുന്നത് കൂടാതെ അവര്‍ ഇപ്പോള്‍ പ്രൊജക്റ്റ്‌ വര്‍ക്കുകള്‍ക്ക് വേണ്ടി കൂടി സമയം ചെലവഴിക്കണം .ഒരു കണക്കിന്റെ ഉത്തരം കണ്ടെത്താന്‍ പുസ്തകം മുഴുവന്‍ അരിച്ചു പെറുക്കിയിട്ടും എനിക്ക് കഴിഞ്ഞില്ല .ലൈബ്രറിയില്‍ പോയി കുറെ പുസ്തകങ്ങള്‍ കൂടി റെഫര്‍ ചെയ്താലേ ഉത്തരം കിട്ടൂ എന്ന് സാരം .ഒരു പരിധി വരെ നല്ല കാര്യം ,പക്ഷെ അതിനു ലൈബ്രറിയെ സ്കൂളില്‍ ഇല്ലെങ്കിലോ ?

ഉള്ള സൌകര്യങ്ങള്‍ ,അത് ഉപയോഗിക്കാന്‍ ഉള്ള സാഹചര്യങ്ങള്‍ എന്നിവ പരിഗണിക്കാതെ സിലബസ് പരിഷ്കരിച്ചാല്‍ ഉള്ള കുഴപ്പമാണിത് .കാണാതെ പഠിച്ചോ അല്ലാതെയോ നൂറില്‍ നൂറു മാര്‍ക്ക് നേടുന്നവന്‍ വിജയി അല്ലാത്തവന്‍ മോശം എന്ന സമീപനം മാറണം.ഇത് രണ്ടു തരം പൌരന്മാരെ സൃഷ്ടിക്കുന്നതിന്റെ ആദ്യ പടിയാണെന്ന്എല്ലാവര്‍ക്കും അറിയാം .ഇതിനെ തടയാന്‍ ആയി കൊണ്ട് വന്ന ഗ്രേഡിംഗ് സമ്പ്രദായത്തെയും എത്ര എ പ്ലസ് കിട്ടി എന്നതിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തി രക്ഷിതാകളും വിദ്യാലയങ്ങളും പൊതുസമൂഹവും ഒക്കെ ചേര്‍ന്ന് തകര്‍ത്ത് കൊണ്ടിരിക്കുന്നു .

സിലബസ്സിന്റെ ഉള്ളടക്കം അല്ല ഘടന ആണ് മാറേണ്ടത് ,ആദ്യം തന്നെ ത്രിഭാഷ പദ്ധതി സ്കൂളിന്റെ മതില്‍ക്കെട്ടിനു വെളിയിലേക്ക് എറിയുക .പഠന മാധ്യമം ഇന്ഗ്ലീഷ് ആവണം എന്നത് എല്ലാ സ്കൂളുകളിലും നിര്‍ബന്ധമാക്കുക .ഭാഷാ സ്നേഹം കുട്ടികളുടെ ഭാവിയുടെ ചെലവില്‍ വേണ്ട .മലയാളവും ഹിന്ദിയും സാമൂഹ്യ പാഠവും ഒക്കെ ഹൈ സ്കൂള്‍ ക്ലാസുകളില്‍ പഠിപ്പിച്ചാല്‍ മതി എന്ന് വെക്കുക .എഴുതാനും വായിക്കാനും സംസാരിക്കാനും പഠിപ്പിക്കുക എന്ന നിലയിലേക്ക് ഭാഷ ക്ലാസ്സുകള്‍ മാറ്റിയെടുക്കുക .വ്യാകരണത്തിനുംമറ്റുമായി ചെലവഴിക്കുന്ന മണിക്കൂറുകള്‍ പ്രയോജനകരമായി ചെലവഴിക്കാനാകണം ,സയന്‍സ് വിഷയങ്ങളും കണക്കും ഒക്കെ ആവശ്യത്തിനു ,താല്‍പ്പര്യമുള്ളവര്‍ക്ക് മാത്രം എന്ന രീതിയില്‍ പരിമിതപ്പെടുത്തണം .ഒരു തരം സ്പെഷ്യലൈസ്ഡ് വിദ്യാഭ്യാസ രീതി .

കുറെ കണക്കും ഇന്ഗ്ലീഷും മലയാളവും എന്നതിന് പകരം കുട്ടികള്‍ക്ക് താല്‍പ്പര്യമുള്ള കാര്യങ്ങളിലേക്ക് അവരെ തിരിച്ചു വിടാനാകണം .കുറെ വിവരങ്ങള്‍ വാരി വിഴുങ്ങി വള്ളി പുള്ളി തെറ്റാതെ വിസര്‍ജ്ജിക്കുന്ന കുട്ടിക്ക് കിട്ടുന്ന അതെ ഗ്രേഡ് നല്ലൊരു ചായ ഉണ്ടാക്കുന്ന ,നല്ലൊരു ഫ്രോക്ക് തയ്ക്കുന്ന നല്ലൊരു മാഗസിന്‍ ഉണ്ടാക്കുന്ന ,നന്നായി പൂന്തോട്ടം പരിപാലിക്കുന്ന ,നന്നായി കരകൌശല വസ്തുക്കള്‍ ഉണ്ടാക്കുന്ന കുട്ടികള്‍ക്കും ലഭിക്കണം .അങ്ങനെ വന്നാല്‍ ഇന്ന് നിലവിലുള്ള തൊഴിലിലെ ചാതുര്‍വര്‍ണ്യം അവസാനിക്കും .കുട്ടികളുടെ മാനസികാരോഗ്യം വര്‍ദ്ധിക്കും .

ഇതിനു അധ്യാപകര്‍ ഇപ്പോള്‍ നടത്തുന്ന കങ്കാണി പ്പണി അവസാനിപ്പിച്ചു ടീം ലീഡര്‍ എന്ന നിലയിലേക്ക് ഉയരേണ്ടതുണ്ട് ,ഓരോ തൊഴിലിലും വിദഗ്ധര്‍ ആയവരെ ഗസ്റ്റ് ലക്ചര്‍ ആയോ മറ്റോ കൊണ്ട് വന്നു കുട്ടികളെ പരിശീലിപ്പിക്കണം.സാധാരണ ഗതിയില്‍ ഇതൊന്നും നടക്കാനിടയില്ല .ഇതിന്റെ ഒരു ചെറിയ പഠി ആയിരുന്ന ഡി.പി.ഇ .പി.ക്കെതിരെ പോലും എത്ര വിമര്‍ശനങ്ങള്‍ ആണ് ഉയര്‍ന്നു വന്നത് .

കുട്ടികളെ ഐസില്‍ ഇട്ടു വെക്കുന്ന ഇപ്പോഴത്തെ പരിപാടി അവസാനിപ്പിച്ചു അവരെ സ്വാഭാവികം ആയി വളരാന്‍ അനുവദിക്കുക എന്നതാണ് ഞാന്‍ ഉദ്ദേശിക്കുന്നത് ,സ്കൂള്‍ എന്നത് മറ്റൊരു വീട് ആയി മാറുകയും അവിടെ ജീവിതത്തിന്റെ എല്ലാ തുറകളിലും വിജയിക്കാന്‍ ആവശ്യമായ പരിശീലനം നല്‍കുകയും ചെയ്യുക .ഇന്ന് നിലവില്‍ ഉള്ള എഞ്ചിനീയറിംഗ് ,മെഡിക്കല്‍ അല്ലെങ്കില്‍ എല്‍.ഡി .സി എന്ന രീതിയില്‍ മാറ്റം വന്നെ തീരൂ .
ഇതിനു തൊഴില്‍ അധിഷ്ടിത വിദ്യാഭ്യാസം നല്‍കിയാല്‍ പോരെ എന്നൊരു ചോദ്യം ഉയരാം.അവിടെയും സ്ഥിതി വ്യത്യസ്തം ഒന്നുമല്ല .കുറെ രാസ സൂത്രങ്ങളും കണക്കിലെ വിദ്യകളും ഒക്കെ കാണാതെ പഠിച്ചാല്‍ നിങ്ങള്‍ക്കു എന്ജിനീര്‍ ആകാം ,തൊഴിലിലെ സാമര്‍ത്ഥ്യം അവിടെ പരിശോധിക്കപ്പെടുന്നില്ല .ഒരു വീടിന്റെ പ്ലാന്‍ വരക്കാന്‍ അറിയുന്നവന്‍ സിവില്‍ എഞ്ചിനീയറിംഗ്പഠിക്കട്ടെ ,നന്നായി വാഹനം അല്ലെങ്കില്‍ യന്ത്രഭാഗം ഡിസൈന്‍ ചെയ്യുന്നവന്‍ മെക്കാനിക്കല്‍ പഠിക്കട്ടെ എന്ന രീതിയില്‍ ആയിരുന്നു തെരഞ്ഞെടുപ്പ് എങ്കിലോ ?താല്‍പ്പര്യവും പ്രതിഭയും ഉള്ളവര്‍ എല്ലാ രംഗത്തും ഉയര്‍ന്നു വന്നേനെ .
ഇന്ന് സംഭവിക്കുന്നത്‌ ആകട്ടെ ,,യാതൊരു താല്‍പ്പര്യവും സ്കില്ലും ഇല്ലാത്ത കുറെ ആള്‍ക്കാരെ തെരഞ്ഞെടുത്തു എഞ്ചിനീയര്‍ അല്ലെങ്കില്‍ ഡോക്ടര്‍ ആക്കുന്ന അവസ്ഥ .അത്തരക്കാര്‍ മേലധികാരികള്‍ ആയാലുള്ള അവസ്ഥയോ ?താഴെയുള്ള പ്രതിഭയുള്ളവരുടെ നൂതനാശയങ്ങള്‍ ഒന്നുകില്‍ നശിപ്പിക്കും ,അല്ലെങ്കില്‍ വെടക്കാക്കി തനിക്കാക്കും .ഒരു പാട് ധിഷണാ ശാലികളെ അങ്ങനെ നശിപ്പിച്ചിട്ടുണ്ട് ,ഇന്നും നശിപ്പിച്ചു കൊണ്ടിരിക്കുന്നുണ്ട്‌ .

ഇവയൊന്നും നടപ്പാകുമെന്ന പ്രതീക്ഷയൊന്നും എനിക്കില്ല .കേരളത്തിലെ വിദ്യാഭ്യാസത്തെ എല്ലാക്കാലത്തും നശിപ്പിച്ച വിദ്യാഭ്യാസ മാഫിയകള്‍ രംഗത്തിറങ്ങും .സമുദായത്തെയും മതത്തെയും ചൂണ്ടിക്കാട്ടി അവര്‍ വില പേശും .വോട്ട് പ്രധാനം എന്ന് കരുതുന്ന സര്‍ക്കാരുകള്‍ കോടികണക്കിന് വരുന്ന കുട്ടികളുടെ ഭാവി അവര്‍ക്ക് നിസ്സംശയം അടിയറ വെക്കും .തങ്ങളുടെ ചൊല്പ്പടിയിലുള്ള മീഡിയകളെ ഉപയോഗിച്ച് ഈ മാഫിയകള്‍ തങ്ങള്‍ കാരണം ആണ് കേരളത്തിലെ വിദ്യാഭ്യാസ പുരോഗതി ഉണ്ടായതെന്ന് വാദിക്കും .നാമെല്ലാം തല കുലുക്കും .അത്ര തന്നെ .
വാല്‍ക്കഷണം :ഒരു ദിവസം കുട്ടികളെയും കൂട്ടി ആവശ്യപ്പെട്ടു അധ്യാപകര്‍ സമരം ചെയ്യാന്‍ പഠിപ്പിക്കുന്ന കാര്യം ഒന്നാലോചിച്ചു നോക്കൂ .നന്നായി സമരം ചെയ്യുന്നവര്‍ക്ക് ,നല്ല മുദ്രാവാക്യം വിളിക്കുന്നവര്‍ക്ക് നൂറു മാര്‍ക്ക് എന്ന സ്ഥിതിയും .നല്ല കാര്യങ്ങള്‍ക് വേണ്ടി സമരം ചെയ്യുന്നവരെയും നമുക്ക് വേണം ,കേരളത്തില്‍ അത് മാത്രം ആരെയും പഠിപ്പി ക്കെണ്ടെങ്കിലും....


Tuesday, September 20, 2011

പഠനം പാല്‍പ്പായസം അല്ല ,,!


ഞങ്ങള്‍ പോളി ടെക്നിക് കോളേജില്‍ പഠിച്ചിരുന്ന കാലത്ത് ഞങ്ങളുടെ ഇംഗ്ലീഷ് അദ്ധ്യാപകന്‍ അവിടെ വന്നിരിക്കുന്നവര്‍ എല്ലാവരും പഠിക്കുന്നത് തൊഴില്‍ നേടാ നാണെന്നും അങ്ങനെയല്ലാത്തവര്‍ക്ക്‌പുറത്തു പോകാം എന്നും പറഞ്ഞു .ഞങ്ങളുടെ കൂട്ടത്തില്‍ ഉണ്ടായിരുന്ന ഒരു മിടുക്കന്‍ ഉടനെ എഴുന്നേറ്റു പുറത്തേക്ക് നടന്നു ,അദ്ധ്യാപകന്‍ അവനെ തിരിച്ചു വിളിച്ചു അറിവ് നേടാന്‍ വന്നവര്‍ക്ക് മുന്‍ബെഞ്ചില്‍ ആണ് സ്ഥാനം എന്ന് പറഞ്ഞു ആദ്യത്തെ ബെഞ്ചുകളില്‍ ഒന്നിലിരുത്തി.
വിദ്യാഭ്യാസത്തിന്റെ ലക്‌ഷ്യം ആത്യന്തികമായി അറിവ് നേടല്‍ ആണെന്നും അത് നമ്മുടെ ജീവനോപാധി ആയി ഉപയോഗിക്കാം എന്ന് ഏതു കൊച്ചു കുട്ടിയും പറയും .എന്നെ സംബന്ധിച്ചിടത്തോളം വിദ്യാഭ്യാസം നമ്മുടെ സാഹചര്യങ്ങളുമായി ഉള്ള സമരസപ്പെടലും അതെ സമയം തന്നെ അതിനെ അതിജയിക്കലും ആണ് .ആദ്യശ്വാസം മുതല്‍ നാം നമ്മെ നേടുകയും നമ്മെത്തന്നെ പുതുക്കുകയും അവസാനശ്വാസം വരെ നമ്മെ നിലനിര്‍ത്തുകയും വേണം .ഈ പുതുക്കലിന് ,പിടിച്ചു നിര്‍ത്തലിന് നാം ഉപയോഗിക്കുന്ന ഉപകരണം ആണ് വിദ്യാഭ്യാസം .ഒരു കുഞ്ഞു തന്റെ ആഹാരം എവിടെ എന്ന് മനസ്സിലാക്കുന്നത് മുതല്‍ പ്രായാധിക്യം മൂലം കണ്ണ് കാണാതാവുന്ന ഒരാള്‍ തന്റെ വഴി കൈ കൊണ്ടോ മറ്റോ പരതി കണ്ടെത്തുന്നത് വരെ വിദ്യാഭ്യാസം ആണ് .പക്ഷെ സാമ്പ്രദായികമായി നാം എല്ലാരും വിദ്യാഭ്യാസം എന്ന് പറയുന്ന വിദ്യാലയങ്ങളില്‍ നടന്നു വരുന്ന പഠന പദ്ധതിയെ പറ്റിയാണ് ഈ ചിന്തകള്‍ .
പഠനം എന്നാല്‍ ചില കാര്യങ്ങള്‍ പഠിക്കുകയും അവ ഉപയോഗിച്ച് ഒരു ജോലി നേടുകയും എന്നതാണ് ഇപ്പോഴത്തെ നടപ്പ് .കുറേക്കൂടി കൃത്യമായി പറഞ്ഞാല്‍ പണം അധികം ലഭിക്കുന്ന ജോലി നേടുകയും അതിലൂടെ സാമൂഹ മദ്ധ്യത്തില്‍ മാന്യതയും നേടുകയും ആണ് അതിന്റെ ലക്‌ഷ്യം എന്നായിത്തീര്‍ന്നിരിക്കുന്നു .ഉയര്‍ന്ന ശമ്പളം ലഭിക്കുന്ന ജോലികള്‍ കിട്ടുന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ പോലും അധോ ഗുമസ്ത ജോലി നേടി സ്വസ്ഥമാകുന്ന ലജ്ജാകരമായ ഒരു അവസ്ഥയും കേരളത്തില്‍ കാണാം .ഒരു നിശ്ചിത പ്രായത്തില്‍ സര്‍ക്കാര്‍ ജോലി നേടിയിരിക്കണം എന്ന സാമൂഹ്യ നിബന്ധന ആവാം അതിനു പിന്നില്‍ .എന്തുമാവട്ടെ വിദ്യാഭ്യാസത്തിന്റെ വളരെ പ്രധാനമായ ഈ റോള്‍ നമ്മുടെ സമൂഹത്തില്‍ പണ്ടേ ഉറച്ചു കഴിഞ്ഞിട്ടുണ്ട് .പക്ഷെ അതിലെ തകരാര്‍ വിദ്യാഭ്യാസത്തിന്റെ പരമ പ്രധാനമായ മറ്റു ലക്ഷ്യങ്ങള്‍ അവഗണിക്കപ്പെടുന്നു എന്നതാണ് .ഇപ്പോള്‍ നിലവിലുള്ള ധാരണ അനുസരിച്ച് വിദ്യാഭ്യാസ സമ്പ്രദായത്തിനു വന്ന ചില കേടുപാടുകള്‍ പരിഹരിക്കേണ്ടത് അത്യാവശ്യമായി തീര്‍ന്നു എന്ന ഘട്ടത്തില്‍ ആണ് എണ്പതുകളുടെ തുടക്കത്തില്‍ ശാസ്ത്ര സാഹിത്യ പരിഷത്ത് പഠനം പാല്‍പ്പായസം എന്ന മുദ്രാവാക്യം ഉയര്‍ത്തുന്നത് .
ഇത് അന്നത്തെ സാഹചര്യങ്ങളില്‍ പരക്കെ സ്വാഗതം ചെയ്യപ്പെട്ടു , എന്ത് കൊണ്ടെന്നാല്‍ പരമ്പരാഗതമായ ഗുരുകുല രീതിയെ തച്ചു തകര്‍ത്ത് മെക്കാളെ പ്രഭുവിന്റെ വിദ്യാഭ്യാസ സംസ്കാരം നമ്മുടെ മണ്ണില്‍ പറിച്ചു നടുകയും അവ വേണ്ടത്ര ശോഭിക്കാതെ പോവുകയും ചെയ്തകാലം ആയിരുന്നല്ലോ അത്.ആ ഗുമസ്ത വിദ്യാരീതിയുടെ കുറ്റങ്ങളും കുറവുകളും സമൂഹം തിരിച്ചറിഞ്ഞു തുടങ്ങിയിരുന്നു .ആയിടെ തന്നെ ലോകബാങ്കിന്റെ ഡി.പി.ഇ.പി.പ്രൊജക്റ്റ്‌ ആരംഭിക്കുകയും ചെയ്തു .അത് പരിഷത്തിന്റെ പഠനം പാല്‍പ്പായസം മുദ്രാവാക്യത്തിനു സ്വീകാര്യത നല്‍കി .അതിനു വേണ്ടി കൂടുതല്‍ ആലോചന ഇല്ലാതെ തന്നെ ഒരു വിദ്യാഭ്യാസ പൊളിച്ചെഴുത്തിനു അവസരം ഉണ്ടായി.
ഇതാവട്ടെ ഒരു തലമുറയെ വാര്‍ത്തെടുക്കുന്നതില്‍ ഉണ്ടായ കുറ്റകരമായ അനാസ്ഥ ആയിരുന്നു .പരിഷത്തിന്റെ ശാസ്ത്രീയമായ കാഴ്ചപ്പാടുകളെ മതിപ്പോടെ കാണുമ്പോഴും എനിക്ക് വിദ്യാഭ്യാസത്തെ ഇത്ര ലഘുവായ കണ്ട സര്‍ക്കാരിന്റെ ,വിദ്യാഭ്യാസ വിചക്ഷണരുടെ ,സമൂഹത്തിന്റെ നിലപാടുകളെ അന്ഗീകരിക്കാനാവുന്നില്ല .എന്ത് കൊണ്ടെന്നാല്‍ വിദ്യാഭ്യാസം ജീവനോപാധി കണ്ടെത്താനുള്ള ഉപകരണം ആയി സുസമ്മതം ആയി തീര്‍ന്നിരിക്കെ തൊഴില്‍ പരമായ യാതൊരു അടിസ്ഥാനവുമില്ലാത്ത പ്രകൃതിയില്‍ നിന്ന് പഠിക്കുക ,സ്വയം പഠിക്കുക പോലുള്ള രീതികളെവിമര്ശിക്കുകയല്ലാതെ തരമില്ല .വിദ്യാഭ്യാസവും ഒരു തൊഴില്‍ പരിശീലനം ആണെങ്കില്‍ അതിനെയും തൊഴില്‍ ആയി തന്നെ വേണം കണക്കാക്കാന്‍ ,അങ്ങനെ വരുമ്പോള്‍ ഒരു തൊഴിലിനു ആവശ്യമായ എല്ലാ സാഹചര്യങ്ങളും സമൂഹം അതിനും ഒരുക്കിക്കൊടുക്കണം .
പറഞ്ഞു വരുന്നത് വിദ്യാഭ്യാസത്തിനും തൊഴില്‍ സാഹചര്യങ്ങള്‍ ഉറപ്പാക്കണം എന്നതാണ് .സ്ടയ്പ്പന്റ്റ് ,വിശ്രമ സമയം ,യൂണിയനുകള്‍ ,പെണ്‍കുട്ടികള്‍ക്കുള്ള പ്രത്യേക അവകാശങ്ങള്‍ ,(ഒരു പക്ഷെ പരിഹസിച്ചു ചിരിക്കാന്‍ സാധ്യത ഉണ്ടെങ്കിലും പ്രസവാവധി പോലും നല്‍കേണ്ടി വരും ,പഠന കാലത്ത് ഗര്‍ഭിണി ആകുകയും അത് സമൂഹം അന്ഗീകരിക്കുകയും ചെയ്യുന്ന കാലം അതിവിദൂരമല്ല ,ഇപ്പോള്‍ തന്നെ കല്യാണത്തിനു ശേഷം പഠിക്കുന്നവരുടെ എണ്ണം തുലോം വര്‍ധിച്ചിട്ടുണ്ട് )എന്നിങ്ങനെ തൊഴില്‍ പരമായ മിക്ക അവകാശങ്ങളും വിദ്യാര്‍ത്ഥികള്‍ക്കും നല്‍കണം എന്നര്‍ത്ഥം .
ഇത്തരം ഒരു വാദംഉയര്‍ത്തുന്ന നിരവധി പ്രശ്നങ്ങള്‍ ഉണ്ട് .ആരാണ് ഇത്തരം ഒരു സ്റ്റാറ്റസ് വിദ്യാഭ്യാസത്തിനു കല്‍പ്പിച്ചു നല്‍കേണ്ടത് എന്നാണ് ഒരു ചോദ്യം .തീര്‍ച്ചയായും സര്‍ക്കാരുകള്‍ക്ക് അത്തരം ഒരു ബാധ്യത ഏറ്റെടുക്കുക ബുദ്ധിമുട്ടായിരിക്കും .നിലവിലുള്ള വിദ്യാഭ്യാസ സമ്പ്രദായം ആകെപ്പാടെ അഴിച്ചു പണിതു കൊണ്ട് അവ ഒന്നാന്തരം തൊഴിലിടങ്ങള്‍ ആക്കിയെടുക്കുക എന്നതാണ് ഒരു വഴി .ഇവിടെ കുറേക്കൂടി വിശദമായ ചര്‍ച്ചക്കുള്ള സാധ്യത ഉരുത്തിരിയുന്നു .എന്ത് കൊണ്ട് ?എങ്ങനെ എന്നിവയെല്ലാം പഠന വിഷയമാക്കണം ,സ്വകാര്യ മേഖലയിലെ സ്കൂളുകള്‍ അവ ഇപ്പോള്‍കൊണ്ട് നടക്കുന്നവരും അധ്യാപകരും ഇവയെല്ലാം പ്രശ്ന വിഷയങ്ങള്‍ ആകുന്നു .അതിലുപരി സമൂഹത്തില്‍ ഉറച്ചു പോയ ധാരണകളെ തിരുത്തിയെഴുതുന്ന പ്രശ്നങ്ങള്‍ മറ്റൊരിടത്ത് .
കേരളത്തില്‍ ഇന്നത്തെ വിദ്യാഭ്യാസത്തിന്റെ ദുര്‍ഗതിക്ക് കാരണം ആയിട്ടുള്ള വിഷയങ്ങള്‍ തിരിച്ചറിഞ്ഞു പരിഹരിച്ചാലേ ഇത്തരം ഒരു പുരോഗമനാത്മകമായ കാഴ്ചപ്പാട് ഉണ്ടാവുകയുള്ളൂ .ഇന്ന് നില നില്‍ക്കുന്ന വിദ്യാഭ്യാസ രംഗത്തെ പ്രശ്നങ്ങള്‍ എന്തൊക്കെയാണ് എന്നും അതിനു കാരണം എന്താണ് എന്നും എങ്ങനെ നമുക്ക് ആ പത്മ വ്യൂഹത്തില്‍ നിന്ന് രക്ഷപ്പെടാം എന്നുമുള്ള എന്റെ ,എന്റേത് മാത്രമായ കാഴ്ചപ്പാടുകളെ അടുത്ത ബ്ലോഗില്‍ ഞാന്‍ അവതരിപ്പിക്കാം .

Tuesday, September 13, 2011

പാ-ഒരു വിലാപം ..

പ അമിതാബ് ബച്ചന്‍ അഭിനയിച്ച ചിത്രമാണ് ,കുട്ടിക്കാലത്തെ തന്നെ വയസ്സനായിപ്പോയ ഒരു കഥാപാത്രം .യഥാര്‍ത്ഥത്തില്‍ അത്തരം രണ്ടു കുട്ടികള്‍ ജീവിച്ചിരിപ്പുണ്ട് .വിചിത്രമായ അവരുടെ ദുര്‍വ്വിധി നമ്മുടെ കുട്ടികള്‍ ചുമക്കുന്നില്ലേ ?ഉണ്ട് .നമ്മള്‍ അറിയാതെ തന്നെ നമ്മുടെ കുട്ടികള്‍ നമ്മളെക്കാള്‍ ഒരു പാട് മുതിര്‍ന്നു പോയിരിക്കുന്നു ..ഓരോ ദിവസവും അവര്‍ക്ക് നേരിടാന്‍ നാം പുതിയ കെണികള്‍ ഒരുക്കി കൊടുക്കുന്നു .
                          ഒരു മുത്തശ്ശന്‍ വിലാപം അല്ല ഇത് ,പുതിയ കാലം ഓരോരുത്തരില്‍ നിന്നും ഒരു പാട് ആവശ്യപ്പെടുന്നു .അത് ആരെയും അങ്ങനെ വെറുതെ വിടുകയില്ല ,ഒരു കുഞ്ഞു ജനിക്കുമ്പോള്‍ തന്നെ തന്റെ ആദ്യ ശ്വാസം മുതല്‍ പരിത സ്ഥിതികളോട് മല്ലിടാന്‍ പഠിക്കുന്നുണ്ട് .വിശക്കുമ്പോള്‍ തനിക്കായി ചുരക്കുന്ന അമ്മിഞ്ഞ ഏതു എന്നറിയുന്ന പോലെ സ്വാഭാവികമായ ചില കാര്യങ്ങളെ നമുക്ക് വിടാം .പക്ഷെ പുതിയ കൃത്രിമ സാഹചര്യങ്ങളെ ആ ശിശു നേരിടുന്നതെങ്ങനെയാണ് ?ടിന്നുകളില്‍ അടച്ച ആഹാരത്തെ ,ശീതീകരിച്ച മുറികളെ ,പാറ്റയെയോ മൂട്ടയെയോ കണി കാണാന്‍ പോലുമില്ലാത്ത വീടുകളെ ,കൊതുകിനെ അകറ്റാനും മുറി സുഗന്ധ പൂരിതമാക്കാനും മറ്റു ഉപയോഗിക്കുന്ന സ്പ്രേ കളെ എല്ലാം ആ ശിശു നേരിടുന്നതെങ്ങനെയാണ് ?തീര്‍ച്ചയായും അല്ലെര്‍ജി ആയും മറ്റു രോഗങ്ങളായും അവ തിരിഞ്ഞു കുത്തുന്നുണ്ട് .ഇത് തുടക്കത്തില്‍ ഉള്ള കാര്യം ,ഇത്തരം രോഗങ്ങള്‍ പോലും ഒരു പ്രധിരോധ മാര്‍ഗം എന്ന നിലക്ക് കാണണം .തന്റെ അസുഖകരമായ സാഹചര്യങ്ങളെ ആ ശിശു അങ്ങനെ പ്രതിരോധിക്കുന്നു അറിയാതെ തന്നെ .ഇവിടെ നിന്ന് തന്നെ മൂപ്പെത്താതെയുള്ള പഴുക്കല്‍ ആരംഭിക്കുന്നു .
                            വീണ്ടും കാര്യങ്ങള്‍ കൂടുതല്‍ ബുദ്ധിമുട്ട് ഉള്ളതാവുകയാണ് ഓരോ ദിവസവും .യാതൊരു ദീര്‍ഘ വീക്ഷണവും ഇല്ലാതെ തയ്യാറാക്കപ്പെട്ടിരിക്കുന്ന പാഠ ഭാഗങ്ങള്‍ വിഴുങ്ങാന്‍ മാത്രം ശീലിക്കുമ്പോഴും ആ കുട്ടി തന്റെ ജീനുകളില്‍ ഒളിച്ചു വെച്ചിരിക്കുന്ന പ്രതിരോധ തന്ത്രങ്ങള്‍ പുറത്തെടുക്കുന്നുണ്ടാവണം.അവര്‍ പഠിക്കുമ്പോള്‍ തന്നെ പഠിക്കാതിരിക്കുന്നു.മാര്‍ക്ക് വാങ്ങി വലിയ വിജയം നേടുമ്പോഴും അവര്‍ പിന്നീട് ജീവിതത്തില്‍ ഒരിക്കലും ഉപയോഗിക്കാന്‍ വഴിയില്ലാത്ത വിധം അത് മറന്നു കളയുന്നു .  ഇത് വളരെ ഭംഗിയായ ഒരു കബളിപ്പിക്കല്‍ കൂടിയാണ് ,മുതിര്‍ന്നവര്‍ പലപ്പോഴും
                        പുറത്തെടുക്കുന്ന ഒരു തന്ത്രം ,പക്ഷെ അത്തരം ഒരു വിദ്യ അല്ല അവരില്‍ നിന്നും പൊതുസമൂഹവും രക്ഷകര്‍ത്താക്കളും അത് പ്രതീക്ഷിക്കുന്നത് ,സ്വാഭാവികമായും ഈ രണ്ടു വിഭാഗത്തോടും ഉരസലുകള്‍ ഉണ്ടാവുകയും ചെയ്യും .ആഗോള വല്‍ക്ക്രുതമായ ഒരു ജനത തങ്ങള്‍ക്കു ഇഷ്ടമില്ലെങ്കിലും ഇത്തരം പ്രതിസന്ധികളെ അഭിസംബോധന ചെയ്യുക തന്നെ വേണം .നമുക്ക് ലഭ്യമായ പുതിയ സൌകര്യങ്ങളെ നമുക്ക് ഗുണകരമായി വിനിയോഗിക്കാനാവണം.അവ  പുതിയ തലമുറ തങ്ങള്‍ക്കു സ്വതസ്സിദ്ധമായ അനായാസത്തോടെ കൈകാര്യം ചെയ്യുന്നുണ്ട് .അത് പഴയ തലമുറയുടെ കാഴ്ചപ്പാടുകള്‍ക്കു അനുഗുണമായിരിക്കണം എന്ന് ശഠിക്കുക വയ്യ .പക്ഷെ ഒരു തലമുറ തങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് അനുയോജ്യമായ പരിഹാരം ഉണ്ടാക്കാന്‍ ബാധ്യസ്തര്‍ ആണ് .
                      മുതിര്‍ന്നവര്‍ കുറച്ചു കൂടി മുതിര്‍ന്നവര്‍ ആകേണ്ടതുണ്ട് എന്നാണ് ഈ വാദത്തിന്റെ പൊരുള്‍ .കുഞ്ഞുങ്ങള്‍ തങ്ങള്‍ നില കൊള്ളുന്ന സമൂഹത്തിന്റെ പ്രശ്നങ്ങളെ അറിഞ്ഞു കൊണ്ടോ അല്ലാതെയോ നേരിടുന്നു .എന്നാല്‍ മുതിര്‍ന്നവര്‍ പലപ്പോഴും അവര്‍ക്ക് ശരിയായ വഴി കാട്ടുന്നതില്‍ പരാജയപ്പെടുകയും ചെയ്യുന്നു .തങ്ങള്‍ തന്നെ ചെയ്യുന്ന തെറ്റുകളെ ന്യായീകരിക്കുമ്പോള്‍ തന്നെ തങ്ങളുടെ കുട്ടികള്‍ അവയ്ക്ക് അതീതര്‍ ആയിരിക്കണം എന്ന് വിചിത്രമായി പ്രതീക്ഷിക്കുകയും ചെയ്യുന്നു .ഒന്നുകില്‍ നമുക്ക് ഇപ്പോള്‍ ഇത്തരം പ്രശ്നങ്ങള്‍ക്ക് കാരണം എന്ന രീതിയില്‍ ഏറെ പഴി കേള്‍ക്കുന്ന എല്ലാ സാങ്കേതിക വിദ്യകളെയും (ടി.വി ,മൊബൈല്‍ ,ഇന്റര്‍നെറ്റ്‌ ഉള്‍പ്പെടെ )ഒഴിവാക്കേണ്ടി  വരും .അത് തികച്ചും അപ്രായോഗികമാകയാല്‍ നമുക്ക് ഈ സാങ്കേതിക വിദ്യകളെ കൂടി ഉള്‍പ്പെടുത്തിയ ഒരു സാമൂഹ്യ വ്യവസ്ഥ രൂപീകരിച്ചേ മതിയാകൂ .അത്തരം ഒന്ന് തനിയെ രൂപപ്പെട്ടു വന്നുവെന്ന് വരാം .പക്ഷെ ഏറെ സമയം എടുക്കുമെന്ന് മാത്രം .പിന്നെ ആകെയുള്ള രക്ഷാമാര്‍ഗം സര്‍ക്കാരുകളും ബുദ്ധിജീവികളും സംഘടനകളും ആണ് ,അവര്‍ സന്ദര്‍ഭത്തിനു ഒത്തു ഉയരും എന്ന് പ്രതീക്ഷിക്കുക ..