"വാട്സ് ആപ്പിനു വേണം നമ്മള്‍ താങ്ക്സ് പറയാന്‍ അല്ലെ ?"
അനന്യാ നായര്‍ ഗോവിന്ദിന്റെ ചോദ്യം കേട്ടെന്ന് തോന്നിയില്ല . അവള്‍ കാറില്‍ കയറിയത് മുതല്‍ തന്റെ ഐ ഫോണില്‍ നിന്നും നിരന്തരം വാട്ട്സാപ്പ് മെസ്സെജുകള്‍ അയക്കുന്ന തിരക്കിലായിരുന്നു .അത് സൃഷ്ടിച്ച , തങ്ങള്‍ക്കിടയിലെ മതില്‍ പൊളിക്കാന്‍ കൂടിയാണ് ഗോവിന്ദ് അങ്ങനെ ചോദിച്ചതും .എന്നാല്‍ താനയക്കുന്ന മെസ്സെജുകളുടെയും മറുപടികളുടെയും രസത്തില്‍ മുങ്ങി കുണുങ്ങിച്ചിരിച്ചതെയുള്ളൂ അനന്യ . മുപ്പതുകളുടെ ആദ്യപാദങ്ങളിലെത്തിയിട്ടും,ഒട്ടും മങ്ങലില്ലാതെ ജ്വലിച്ച അനന്യയുടെ സൌന്ദര്യം ഗോവിന്ദിന്റെ ഡ്രൈവിങ്ങിലുള്ള എല്ലാ ശ്രദ്ധയും കെടുത്തി . റോഡില്‍ തിരക്ക് കുറവായിരുന്നിട്ടും വണ്ടിയുടെ നിയന്ത്രണം പലവുരു തെറ്റി .
"മോളെ കൊണ്ട് വന്നില്ലേ അനന്യ ?"
"ഇല്ല ,അവളെ ഡേ കെയറില്‍ ഏല്‍പ്പിച്ചു .ഒരു സെക്കന്‍ഡ് അടങ്ങിയിരിക്കില്ലന്നേ അവള്‍"
"ഹബ്ബി ?" മനപ്പൂര്‍വ്വം തന്നെയാണ് ഗോവിന്ദ് അങ്ങനെ ചോദിച്ചത്. അനന്യയുടെ ഡിവോര്‍സ് കഴിഞ്ഞു എന്നു ഗോവിന്ദിന് നന്നായി അറിയാമായിരുന്നു.ഇതൊക്കെ അറിയാനും നാലാളോട് പറഞ്ഞു നടക്കാനും വേണ്ടിയല്ലെങ്കില്‍ പിന്നെ എന്നാത്തിനാ വാട്സാപ്പ് ?
കേട്ടതായി ഭാവിച്ചില്ലെങ്കിലും അനന്യയുടെ നീള്‍വിരലുകള്‍ ഒരൊറ്റ നിമിഷം കൊണ്ട് നിശ്ചലമായത് ഇടംകണ്ണിലൂടെ ഗോവിന്ദ് അറിഞ്ഞു. ഒരു ദീര്‍ഘനിശ്വാസം അവളില്‍ നിന്നുയര്‍ന്നു .
"ഓഹ് ,ഞങ്ങള്‍ ബ്രേക്അപ്പ് ആയി ഗോവിന്ദ് "അതൊരു സാധാരണ സംഭവം ആണല്ലോ എന്ന മട്ടില്‍ ഗോവിന്ദ് അലസമായി മൂളി . അനന്യയും അതില്‍ക്കൂടുതല്‍ ചോദ്യങ്ങള്‍ ചോദിക്കരുത് എന്നു മുഖഭാവം കൊണ്ട് വെളിവാക്കി .അനന്യ വാട്സ്ആപ്പിലേക്കും ഫേസ്ബുക്കിലേക്കും,ഗോവിന്ദ് ഡ്രൈവിങ്ങിലേക്കും ശ്രദ്ധ തിരിച്ചു .എങ്കിലും ഇടക്കിടെ വിക്ടോറിയാസ് സീക്രട്ടിന്‍റെ മാദക സുഗന്ധത്തെത്തോല്‍പ്പിച്ച് അവളില്‍ നിന്നുതിര്‍ന്ന സ്ത്രീഗന്ധം ഗോവിന്ദിനെ ഉന്‍മത്തനാക്കിക്കൊണ്ടിരുന്നു .
"നമുക്ക് ഒരു സോഫ്ട് സെര്‍വ്വ് കഴിച്ചാലോ ?"
പ്രോഗ്രാം തുടങ്ങാന്‍ ഇനിയും കുറച്ചു സമയം കൂടി ബാക്കിയുണ്ട് .കെ എഫ് സിയുടെ ചില്ലുവാതില്‍ തള്ളിത്തുറന്നകത്ത് കടക്കുവോളം വേനല്‍ക്കാലത്തിന്റെ ചൂടും പൊടിയും അവരോടു പക തീര്‍ത്തു . സോഫ്റ്റ് സെര്‍വ്വും ചിക്കന്‍ വിങ്സും വാങ്ങി വന്നത് ഗോവിന്ദ് തന്നെയാണ്. അനന്യ "ഗെറ്റിങ് ചില്‍ഡ്" എന്ന ക്യാപ്ഷനോടെ ,ലിപ്സ്റ്റിക്കിട്ട ചുണ്ടുകള്‍ ഒരു മീനിനെ ഓര്‍മ്മിപ്പിക്കും വിധം കൂര്‍പ്പിച്ച്, ഗോവിന്ദിനോടൊപ്പമിരിക്കുന്ന ഒരു സെല്‍ഫി ഫേസ് ബൂക്കിലും ഇന്സ്റ്റാഗ്രാമിലും ഷെയര്‍ ചെയ്തു .നിമിഷങ്ങള്‍ക്കകം തോരാതെ പെയ്തു തുടങ്ങിയ കമന്‍റുകളും ലൈക്കുകളും അവളെ ഇക്കിളിപ്പെടുത്തി .ഒരെണ്ണത്തിന് പോലും അവള്‍ മറുപടി കുറിക്കുന്നില്ല എന്നതു ഗോവിന്ദിനെയും രസിപ്പിച്ചു .
"ഗോവിന്ദ് ,നീ എന്റെ ഒപ്പം വേണം ഇരിക്കാന്‍ കേട്ടോ ,യു മസ്റ്റ് ഗിവ് മി കമ്പനി ഓള്‍ ഓവര്‍ ദി പാര്‍ട്ടി " അവള്‍ ചിക്കന്‍ വിംഗ്സ് കഴിച്ചു തീര്‍ത്ത് നാപ്കിന്‍ ഉപയോഗിച്ച് ചുണ്ടുകളൊപ്പി. "സീ ,ഈ സോഫ്റ്റ് സെര്‍വ്വും ചിക്കന്‍ വിങ്ങ്സും എന്റെ കാലറികൌണ്ട് മുഴുവന്‍ തെറ്റിക്കും. ശ്ശോ " അവള്‍ വേവലാതിപ്പെട്ടു . അവളുടെ ഓരോ ചലനങ്ങളും കൌതുകത്തോടെ വീക്ഷിച്ചു കൊണ്ടിരുന്ന ഗോവിന്ദ് പുഞ്ചിരിച്ചു .
പോളിടെക്നിക്കില്‍ പഠിച്ചിരുന്ന കാലത്ത് നല്ലൊരു ലോലന്‍ ആയിരുന്നിട്ടും ഒരിക്കല്‍ പോലും അനന്യ കണ്ണില്‍പ്പെടാതിരുന്നതെന്തേന്നാണ് അവനപ്പോള്‍ ആലോചിച്ച് കൊണ്ടിരുന്നത്. പഠിച്ചിരുന്ന സമയത്ത് സപ്ളി ഇല്ലാതിരിക്കുന്നതിനെക്കാള്‍ പ്രയാസകരമായിരുന്നു ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലാവുന്നത് .അഞ്ഞൂറോളം ആണ്‍കുട്ടികള്‍ പഠിച്ചിരുന്ന ആ സ്ഥാപനത്തില്‍ അഞ്ചില്‍ത്താഴെയേ പെണ്‍കുട്ടികള്‍ ഉണ്ടായിരുന്നുള്ളൂ . പോരെങ്കില്‍ ഗോവിന്ദിന്റെ ജൂനിയര്‍ ആയിരുന്ന സുനിലുമായി അനന്യ ഒടുക്കത്തെ പ്രണയത്തില്‍ ആയിരുന്നു താനും.
"സുനില്‍ ഇപ്പോള്‍ എവിടെയാ? "
അനന്യയുടെ കണ്ണുകളില്‍ ഒരു തീജ്വാല മിന്നി ."ആ ,എനിക്കറിഞ്ഞു കൂടാ,എനിക്കന്നേ അവനെ കാണുന്നത് പോലും ഇഷ്ടമായിരുന്നില്ല".
"ഇന്നത്തെ മീറ്റിങ്ങിന് വരും എന്നു വിനോദ് പറഞ്ഞിരുന്നു ,നിങ്ങള്‍ തമ്മില്‍ ഇപ്പോള്‍ യാതൊരു കൊണ്ടാക്ടും ഇല്ലേ ?"
ഗോവിന്ദ് തന്നെ പ്രതിരോധത്തിലാക്കുകയാണ് എന്നു തിരിച്ചറിഞ്ഞത് കൊണ്ടാവാം ,അനന്യ ഫോണ്‍ തന്റെ വാനിറ്റി ബാഗില്‍ തിരിച്ചിട്ടു .കാന്തിക ശക്തിയുള്ള ഒരു ചിരി മുഖത്ത് തേച്ച് കൊണ്ട് അവള്‍ തന്റെ കൈപ്പത്തി ഗോവിന്ദിന്റെ കൈകള്‍ക്ക് മേലെ പരത്തി വെച്ചു .
"ഡോണ്ട് സ്പോയില്‍ ദിസ് ബ്യുട്ടീഫുള്‍ ഈവനിംഗ് ,ഗോവിന്ദ് ."തന്റെ കൈകള്‍ക്ക് മീതെ ഒരു മുയല്‍ക്കുഞ്ഞു വന്നിരുന്നത് പോലെയാണ് ഗോവിന്ദിന് തോന്നിയത് .ആ മുയല്‍ക്കുഞ്ഞിന് അവിടെ നിന്നിളകാന്‍ തോന്നല്ലേയെന്ന പ്രാര്‍ത്ഥനയോടെ അവനിരുന്നു.
"ആ ബെഗ്ഗര്‍ വരുമെന്നുള്ള ഒരൊറ്റക്കാരണം കൊണ്ട് മാത്രമാണു ഞാന്‍ ഈ പ്രോഗ്രാമിന് വന്നത് .എനിക്കു അവനോടു കുറച്ചു കണക്ക് തീര്‍ക്കാനുണ്ട്." സ്ത്രീകളുടെ ക്രോധം പോലും , നമ്മോടല്ലെങ്കില്‍ അതിസുന്ദരമാണ് എന്നു ഗോവിന്ദ് ,അവളെപ്പോഴെങ്കിലും ഷെയര്‍ ചെയ്തേക്കാവുന്ന ആ ഭാവത്തിന് ഗോവിന്ദ് കമെന്‍റ് ഇട്ടു .
"നിനക്കോര്‍മ്മയുണ്ടോ ലൈല ടീച്ചര്‍ക്കെതിരെ ഫയല്‍ ചെയ്യപ്പെട്ട ആ ഹരിജന്‍ പീഡനക്കേസ്?"
അശ്രദ്ധമെന്ന മട്ടില്‍ തല കുലുക്കിയെങ്കിലും ഗോവിന്ദിന് ആ സംഭവം നല്ല ഓര്‍മ്മയുണ്ടായിരുന്നു .കുറച്ചു കൂടി കൃത്യമായി പറഞ്ഞാല്‍ അവനത് മറക്കാന്‍ കഴിയുമായിരുന്നില്ല ,അവന്‍ തന്നെ ആയിരുന്നല്ലോ ആ കേസിന്റെ പിന്നില്‍ . സ്വതവേ വളരെ കര്‍ക്കശക്കാരി ആയിരുന്ന ലൈല ടീച്ചര്‍ , അറ്റെന്‍ഡെന്‍സ് വളരെ കുറവായിരുന്ന ഗോവിന്ദിനും കൂട്ടര്‍ക്കും ഇന്‍റേണല്‍ മാര്‍ക്സ് കുറച്ചു കൊടുത്തതിന്‍റെ പ്രതികാരമായിരുന്നു ആ കേസ് .സുനിലിന്റെ റിക്കോര്‍ഡ് ബുക്കുകള്‍ കീറിയെറിഞ്ഞ ശേഷം അത് ചെയ്തത് ലൈല ടീച്ചര്‍ ആണെന്ന് സുനിലിനെ പറഞ്ഞു വിശ്വസിപ്പിച്ചതും അവനെ ചാവി കയറ്റി ടീച്ചറുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടുത്തിയതും ഉന്തും തള്ളിലും ഒക്കെ എത്തിച്ചതും ഹരിജന പീഡനത്തിന് കേസ് കൊടുത്തതും എല്ലാം ഗോവിന്ദിന്റെയും കൂട്ടുകാരുടെയും ആശയം തന്നെയായിരുന്നു .ടീച്ചര്‍ക്ക് സസ്പെന്‍ഷനും സുനിലിന് പരീക്ഷയില്‍ തോല്‍വിയും ആയിരുന്നു ആ കേസിന്റെ ഫലം .ആ ഒരൊറ്റ സംഭവം കൊണ്ട് മാത്രം ഗോവിന്ദിന് ഇന്റേണല്‍ മാര്‍ക്കുകള്‍ കൂട്ടിക്കിട്ടുകയും ചെയ്തു .
"ആ കേസ് ആണെന്റെ ജീവിതം തകര്‍ത്തത് "അനന്യയുടെ നിശ്വാസം അവന്റെ കവിളില്‍പ്പതിച്ചു."ഞാന്‍ എത്ര തവണ അവനോടു ചോദിച്ചതാണെന്നോ ?അവനെ എത്ര റിമൈണ്ട് ചെയ്തിട്ടുണ്ടെന്നോ ഒരു ഇന്‍റര്‍ കാസ്റ്റ് മാര്യേജ് എന്റെ പപ്പ സമ്മതിക്കില്ല എന്ന്. ഞാന്‍ എങ്ങനെയാ പറയാ പപ്പായോട് ഇങ്ങനൊരു ആളെയാ ഞാന്‍ പ്രണയിക്കുന്നതെന്ന് ? അവന് ,അവന് ..എങ്ങനെ തോന്നി എന്നെ ചീറ്റ് ചെയ്യാന്‍ "അനന്യയുടെ ശബ്ദത്തില്‍ വര്‍ഷങ്ങളായി വറ്റാത്ത കണ്ണീര്‍ നനവ് ഉണ്ടെന്ന് ഗോവിന്ദിന് തോന്നി .അവനും സുനിലിനോട് വൈരാഗ്യം തോന്നി .'എങ്ങനെ കഴിയുന്നു ഇവന്‍മാര്‍ക്ക് ഒരു പാവം പെണ്‍കുട്ടിയെ പറഞ്ഞു പറ്റിക്കുവാന്‍?'
"പക്ഷേ ഇത്രയും കാലത്തെ കണ്ണുനീരിന് ഇന്ന് ഞാനവനോടു പകരം ചോദിക്കും .നീ അതിനെന്നെ സഹായിക്കണം "
ഗോവിന്ദ് അവളെ ചോദ്യഭാവത്തില്‍ നോക്കി .
" ഇന്നൊരു ദിവസത്തേക്കു , വെറും ഒരു ദിവസത്തേക്ക് മാത്രം നിനക്കെന്നെയൊന്നു പ്രണയിച്ച് കൂടെ ഗോവിന്ദ് ?"
പ്രസവത്തിന്നായി വീട്ടില്‍ പോയിരിക്കുന്ന ഭാര്യ മടങ്ങിയെത്തുന്നത് വരെ നിന്നെ ഞാന്‍ എത്ര വേണമെങ്കിലും പ്രണയിക്കാന്‍ തയ്യാറാണ് എന്നൊരു കുസൃതി നാവിന്‍തുമ്പത്തു വന്നെങ്കിലും അവനത് വിഴുങ്ങി . തന്റെ കൈത്തലത്തില്‍ വിശ്രമിച്ചിരുന്ന മുയല്‍ക്കുഞ്ഞിനെ മറുകൈ കൊണ്ട് തലോടി അവന്‍ പ്രതിവചിച്ചു ."ഷുവര്‍ ബേബീ "അനന്യ കൈ പിന്‍വലിക്കാതെ തന്നെ യാചനയും പ്രണയവും കലര്‍ന്ന ഒരു ഭാവത്തോടെ അവന്റെ മുഖത്തേക്ക് ഉറ്റു നോക്കിക്കൊണ്ടിരുന്നു . ഗോവിന്ദിനു സുനിലിനോടു അന്നാദ്യമായി നന്ദി തോന്നി .
അവര്‍ ചെന്നപ്പോഴും പ്രോഗ്രാം തുടങ്ങിയിരുന്നില്ല .വിനോദിന്റെ കൊട്ടാര സദൃശമായ വീടിന്റെ ലിവിംഗ് റൂമില്‍ ഓരോരുത്തരും ചെറിയ കൂട്ടങ്ങളായി ചേര്‍ന്ന് നിന്നു കുശലം പറയുകയും സ്നേഹ സ്മരണകള്‍ പുതുക്കുകയും ചെയ്തു .ബഫെയില്‍ പോയി ഗോവിന്ദ് തന്റെ ഗ്ലോബ്ലറ്റില്‍ ഹോട്ട് ടോഡിയും അനന്യ ഒരു ഷോട്ട് മാര്‍ട്ടിനിയും എടുത്തു വന്നു . സെറ്റിയില്‍ മോക്ക്ടെയില്‍ സിപ്പ് ചെയ്തു കൊണ്ടിരുന്ന അബ്ദുള്‍ റഹിമാന്‍റെ അടുത്ത് അവരിരുന്നു .ഗോവിന്ദിന്റെ ആത്മ സുഹൃത്ത് ആയിരുന്ന അബ്ദുള്‍റഹിമാനെ അവന്‍ പോളിയില്‍ നിന്നു പിരിഞ്ഞതില്‍ പിന്നെ ആദ്യമായി കാണുകയായിരുന്നു .
"എടാ കീടമേ, നീയങ്ങു തീവ്രവാദി പോലെയായല്ലോ "അവന്‍ പൊട്ടിച്ചിരിച്ചു .."എച്ച് സി എല്ലില്‍ വലിയ ജോലി ഉണ്ടായിട്ടും നീ ഇപ്പൊഴും ആ മലപ്പുറം കാക്ക തന്നെ ,അവന്റെ ഒരു എത്താത്ത പാന്റും മുട്ടനാടിന്റെ താടിയും ,ഹും !"അബ്ദുല്‍റഹിമാന്‍റെ തോളത്തു ആഞ്ഞടിച്ചു കൊണ്ട് ഗോവിന്ദ് മറുപടി പറഞ്ഞു .അനന്യ വലിയ താല്‍പ്പര്യമൊന്നുമില്ലാതെ അവരുടെ സംഭാഷണം ശ്രവിച്ചു കൊണ്ടിരുന്നു .
നിറഞ്ഞ ചിരിയോടെ കൈ നീട്ടിക്കൊണ്ടു സുനില്‍ അവര്‍ക്കടുത്തേക്ക് വന്നതെങ്കിലും അനന്യ അനിഷ്ടം പ്രകടമാക്കിക്കൊണ്ട് എഴുന്നേറ്റ് പോയി ,കണ്ണു കൊണ്ട് അവള്‍ ഗോവിന്ദിനെ തനിക്കരികിലേക്ക് ക്ഷണിക്കുകയും ചെയ്തു.
"എന്താ അനന്യാ ?".
"വല്ലാത്ത തലവേദന! "അവള്‍ നുണ പറയുകയാണെന്ന് തോന്നിയെങ്കിലും ഗോവിന്ദ് അവളുടെ നെറ്റിത്തടത്തിലെ ഞരമ്പുകളില്‍ ദൃഢമായി അമര്‍ത്തി ."ഇപ്പോള്‍ കുറവുണ്ടോ ?" .മിഴികളടച്ച് അവള്‍ ഉണ്ടെന്നോ ഇല്ലെന്നോ വ്യാഖ്യാനിക്കാവുന്ന വിധത്തില്‍ തലയിളക്കി.
സുനിലിനെ തനിച്ചാക്കി ഗോവിന്ദിനൊപ്പം പോന്ന അബ്ദുല്‍റഹിമാന്‍ അമ്പരപ്പോടെ തിരക്കി
"ചങ്ങായ് ,എന്താ നീ പെട്ടെന്നെഴുന്നേറ്റത് ?"ഗൂഢമായ ഒരു പുഞ്ചിരി കൊണ്ട് ഗോവിന്ദ് അതിനു മറുപടി പറഞ്ഞു .അനന്യയെ ഒന്നു പാളിനോക്കി "ങും" എന്നൊരു മൂളലോടെ അബ്ദുല്‍റഹിമാന്‍ കൂട്ടിച്ചേര്‍ത്തു.
"അവനിപ്പോള്‍ പഴയ ആളല്ലാട്ടോ ,വലിയ പോസ്റ്റിലാ അവനിപ്പോ.നിന്നെ വേണമെങ്കില്‍ സസ്പെന്‍ഡ് ചെയ്യാനും അവനിപ്പോള്‍ കഴിയും .അധികം കളിക്കണ്ട " അനന്യയുടെ മുഖംകോട്ടല്‍ ഒരു കൂട്ടച്ചിരിയിലേക്ക് പകര്‍ന്നു .
ഗോവിന്ദ് അനന്യയുടെ പിറകെ നടക്കുന്നത് അബ്ദുല്‍റഹിമാനെ ചൊടിപ്പിച്ചിരുന്നു . ഇടക്ക് അവനത് ഗോവിന്ദിനോട് രഹസ്യമായി ചോദിക്കുകയും ചെയ്തിരുന്നു ."യ്യ് എത്താ ചങ്ങായ് ഇബള്‍ടെ വാലേ തൂങ്ങി നടക്കുന്നത് ?എന്താ അന്‍റെ ഉദ്ദേശം ?"
ഗോവിന്ദ് കണ്ണിറുക്കിക്കാട്ടി.പ്രയോജനമുണ്ടാകും എന്ന ഭാവത്തില്‍ മുഖപേശികള്‍ ചലിപ്പിക്കുകയും ചെയ്തു .
ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ അബ്ദുല്‍റഹിമാന്‍റെ പാത്രത്തിലെ വിഭവങ്ങള്‍ കണ്ടു അനന്യ മുഖം ചുളിച്ചു . " ഈ ജീവികളെയൊക്കെ തല്ലിക്കൊന്നു കഴിക്കുന്ന ശീലം മാറ്റിക്കൂടേ നിങ്ങള്‍ക്കൊക്കെ ?"
ഇളിഭ്യമായ ചിരിയോടെ അബ്ദുള്‍റഹിമാന്‍ പറഞ്ഞു ."ഇത് ചിക്കനാണ്"തൊട്ടടുത്ത ടേബിളില്‍ ഇരുന്ന സുനിലും അതേ വിഭവങ്ങള്‍ തന്നെയാണ് ഭക്ഷിച്ചു കൊണ്ടിരിക്കുന്നതെന്ന് ഒളിക്കണ്ണിട്ട് നോക്കി അനന്യ ഓക്കാനിച്ചു . "ബ്ലേ..ശവം തീനികള്‍ !".അബ്ദുല്‍റഹിമാന്‍റെ മുഖം വിവര്‍ണ്ണമായി . സുനില്‍ അതൊന്നും ശ്രദ്ധിക്കാതെ തന്‍റെ ഭക്ഷണം ആസ്വദിച്ചു . തങ്ങള്‍ കെ എഫ് സി യില്‍ വെച്ചു കഴിച്ചതും ചിക്കന്‍ ആയിരുന്നു എന്നത് അവള്‍ മറന്നു പോയോ എന്നു സംശയിച്ചെങ്കിലും ഗോവിന്ദ് മൌനം പാലിച്ചു
ഭക്ഷണ ശേഷം പ്രോഗ്രാമിന്റെ ആങ്കറിങ് അനന്യ ഏറ്റെടുത്തു .ഒഴുക്കുള്ള ഇംഗ്ലിഷില്‍ സംസാരിച്ച് കൊണ്ട് അവള്‍ പരിപാടി മൊത്തം കയ്യിലെടുത്തു .അവള്‍ക്ക് ഓരോരുത്തരുടെയും ശീലങ്ങളും കഴിവുകളുമെല്ലാം നന്നായറിയാമായിരുന്നു .അവള്‍ ചിലരെ പാടാന്‍ വിളിച്ചു .ചിലരെക്കൊണ്ട് മിമിക്രി ചെയ്യിച്ചു .ചിലരെക്കൊണ്ട് തവളച്ചാട്ടം ചാടിച്ചു .കൈ രണ്ടും പിറകില്‍ കെട്ടി തല കൊണ്ട് ബലൂണുകള്‍ അടിച്ചു പൊട്ടിക്കുന്നതിനും തീവണ്ടി കളിക്കുന്നതിനും പ്രേരിപ്പിച്ചു .ഇടക്ക് മാംഗല്യം തന്തുനാനാനെന്ന എന്നു പാട്ടിനൊപ്പം കൂട്ടുകാരോടൊപ്പം നൃത്തം വെച്ചു .പക്ഷേ ഒരിക്കല്‍പ്പോലും അവള്‍ സുനിലിനെ കണ്ടതായിപ്പോലും ഭാവിച്ചില്ല .നൃത്തം ചെയ്യുന്ന വേളയില്‍പ്പോലും തന്റെ കരങ്ങള്‍ ഗോവിന്ദിന്‍റേതിനോട് കോര്‍ത്ത് പിടിച്ചു.മിഴികള്‍ കൊണ്ടുപോലും ഒരിയ്ക്കലും അവള്‍ സുനിലിനെ തൊട്ടതേയില്ല.അവഗണനയോളം പോന്ന ഒരായുധമില്ലെന്ന് ഇടക്കിടെ അവള്‍ പല്ലിറുമ്മി .സുനില്‍ പാട്ട് പാടിക്കൊണ്ടിരിക്കുമ്പോള്‍ കരഘോഷങ്ങള്‍ക്കൊപ്പം ഉയര്‍ന്ന കൂവല്‍ അവളുടെ കണ്ഠത്തില്‍ നിന്നാണെന്ന് ഗോവിന്ദിന് തീര്‍ച്ചയായിരുന്നു .
"കമോണ്‍ ജെന്‍റില്‍മെന്‍.ലെറ്റ്സ് പ്ലേ പാസ്സിങ് ദി പാര്‍സല്‍ "അനന്യയുടെ ഉല്ലാസഭരിതമായ ശബ്ദമുയര്‍ന്നു .അവള്‍ എന്തിനാണ് കോപ്പ് കൂട്ടുന്നതെന്ന് ആദ്യമൊന്നും ഗോവിന്ദിന് മനസ്സിലായില്ല .മാര്‍ട്ടിനി അവളില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടുണ്ടാവണം .ഇല്ലെങ്കില്‍ പാസിങ് ദി പാര്‍സല്‍ പോലെയുള്ള ഒരു പഴഞ്ചന്‍ കളി തെരഞ്ഞെടുക്കുമോ ?
"അതൊരു ബോറന്‍ കളിയല്ലേ ?നമുക്ക് സ്പോഞ്ച് നീലം കലക്കിയ വെള്ളത്തില്‍ മുക്കി എറിഞ്ഞു കളിക്കാം "കോശി പറഞ്ഞത് ആരും വിലക്കെടുത്തില്ല.തന്റെ ബോസിനെ ഒരിക്കല്‍ അങ്ങനെ എറിയാന്‍ കിട്ടിയ അവസരം അവന്റെ സ്വരത്തില്‍ മധുരമായിത്തെളിഞ്ഞു .
"സമ്മാനം വേണം ,വെറുതെ ഒന്നും പറ്റില്ല "ഗോവിന്ദ് ഉറക്കെ വിളിച്ച് പറഞ്ഞു .എല്ലാവരും അതാവര്‍ത്തിച്ചു .
"പാര്‍സല്‍ തന്നെ ഒരു സമ്മാനം ആണ് "
"നോ നോ "ഗോവിന്ദ് ആര്‍ത്തു വിളിച്ചു."എന്തെങ്കിലും ഒരു വെറൈറ്റി ഒക്കെ വേണ്ടേ ?
ഓരോരുത്തരും ഓരോരോ അഭിപ്രായങ്ങള്‍ പറയാന്‍ തുടങ്ങി .ഒരു കുപ്പി ഷംപെയ്ന്‍, അനന്യക്കൊപ്പം ക്യാന്‍ഡില്‍ ലൈറ്റ് ഡിന്നര്‍ ,അടുത്ത് നടക്കാനിരിക്കുന്ന ഇന്ത്യ പാക് മല്‍സരത്തിന്റെ വി ഐ പി ഗാല്ലറി ടിക്കറ്റ്,എന്നിങ്ങനെ പല നിര്‍ദ്ദേശങ്ങളും വന്നെങ്കിലും പലപല കാരണങ്ങളാല്‍ അവയൊക്കെ തള്ളിപ്പോയി .ഗോവിന്ദ് തന്നെയാണ് ഒടുവില്‍ എല്ലാവര്‍ക്കും സ്വീകാര്യമായ അഭിപ്രായം പറഞ്ഞത് .
"തോല്‍ക്കുന്നയാള്‍ ജയിക്കുന്നവരുടെ ഷൂസ് നാവ് കൊണ്ട് പോളിഷ് ചെയ്യണം ."ആര്‍പ്പ് വിളികള്‍ ഉയര്‍ന്നു ."സൂപ്പര്‍,കിടുക്കി ,തിമിര്‍ത്ത് "എന്നെല്ലാം ഓരോരുത്തരും വിളിച്ച് പറഞ്ഞു . കുറെ നാളുകളായി ഒരു തമാശ ആസ്വദിക്കാന്‍ കഴിഞ്ഞതിന്റെ ഹരത്തിലായിരുന്നു എല്ലാവരും ."പണ്ട് ഹോസ്റ്റലില്‍ റാഗ്ഗിംഗ് ചെയ്യുന്ന കാലത്ത് ഞാന്‍ സുനിലിനെക്കൊണ്ട് തീപ്പെട്ടിക്കോല് വെച്ച് എന്റെ മുറി മുഴുവന്‍ അളന്നെടുപ്പിച്ചിട്ടുണ്ട്.ഇതതിനെക്കാള്‍ അടിപൊളിയാ അല്ലേ.അന്ന് നീയാ കൂടുതല്‍ എഞ്ജോയ് ചെയ്തത് .ഓര്‍മ്മയുണ്ടോ?"അബ്ദുള്‍ റഹിമാനോട് ഗോവിന്ദ് രഹസ്യമായി പറഞ്ഞു .
കറുത്ത തുണി കൊണ്ട് അനന്യയുടെ കണ്ണ് മൂടിക്കെട്ടുമ്പോള്‍ ഗോവിന്ദ് കളിയായി പറഞ്ഞു "ഇപ്പോള്‍ നിന്നെക്കാണാന്‍ നീതി ദേവതയുടെ മാതിരിയുണ്ട് ,കണ്ണു മൂടിക്കെട്ടി ഒരു കയ്യില്‍ ചുറ്റികയുമൊക്കെയായി"
കളി ആരംഭിച്ചു .എല്ലാവരും തമ്മില്‍ത്തമ്മില്‍ ചേര്‍ന്ന് നിന്നു വിശാലമായ ഒരു വൃത്തം രചിച്ചു . ഭിത്തിയോട് തിരിഞ്ഞു നിന്നു അനന്യ ഒരു കിണ്ണത്തില്‍ കൊട്ടിക്കൊണ്ടിരുന്നു . അവള്‍ക്ക് കറുത്ത തുണിക്കിടയിലൂടെ കണ്ണ് കാണുന്നുണ്ടോ എന്നു ഗോവിന്ദിന് സംശയം തോന്നി .ഓരോ പ്രാവശ്യവും അവള്‍ കിണ്ണത്തില്‍ത്തട്ടുന്നത് നിര്‍ത്തുമ്പോഴും പാര്‍സല്‍ ഗോവിന്ദിന്റെ കയ്യില്‍ നിന്നു തൊട്ടടുത്തയാളിലേക്ക് കൈ മാറിയിട്ടേ ഉണ്ടായിരുന്നുള്ളൂ . താന്‍ നില്‍ക്കുന്ന സ്ഥലവും പാര്‍സല്‍ കൈമാറ്റം ചെയ്യപ്പെടുന്ന വേഗതയും തമ്മില്‍ ബന്ധപ്പെടുത്തി അവളെങ്ങനെയാണ് സമയം കണക്ക് കൂട്ടിയെടുക്കുന്നത് എന്നവനതിശയിച്ചു. നിമിഷങ്ങള്‍ കഴിയുംതോറും അവര്‍ ചേര്‍ന്നൊരുക്കിയ വൃത്തത്തിന്റെ വ്യാസം കുറഞ്ഞു കുറഞ്ഞു വന്നു .ആറ് ,അഞ്ച്,നാല് ,, കുറഞ്ഞു കുറഞ്ഞു അത് ഗോവിന്ദ് ,സുനില്‍ ,അബ്ദുല്‍റഹിമാന്‍ എന്നിങ്ങനെ മൂന്നു പേരായിത്തീര്‍ന്നു.ഗോവിന്ദിന്റെ നെഞ്ചിടിപ്പ് വര്‍ദ്ധിച്ചു വന്നു .ഒരാവേശത്തിനു നാവ് കൊണ്ട് ഷൂസ് തുടക്കണം എന്നൊക്കെപ്പറഞ്ഞെങ്കിലും അത് താന്‍ ചെയ്യേണ്ടി വരുന്നതിനുള്ള സാധ്യത അവന്‍ ആലോചിച്ചിരുന്നില്ല . അതും സുനിലിന്‍റെ ഷൂസായാല്‍ പിന്നെ ചാകുന്നതാണ് നല്ലത്.അനന്യക്ക് പിഴക്കരുതേ എന്നവന്‍ മനസ് നൊന്ത് പ്രാര്‍ത്ഥിച്ചു .
അടുത്ത ഊഴം അബ്ദുള്‍റഹ്മാന്റേത് ആയിരുന്നു .ഇനി സുനിലും ഗോവിന്ദും മാത്രം ബാക്കി . അവിടെ കൂടിയവര്‍ എല്ലാവരും കയ്യടിക്കാനും ആര്‍ത്തു വിളിക്കാനും ആരംഭിച്ചിരുന്നു. "ടടടട്ടട്ടട്ടേ ,ഹിയ്യാഹുവാ ഗോവിന്ദ് "ബിനു ജോണ്‍ മുദ്രാവാക്യം മുഴക്കി .പോളി തെരഞ്ഞെടുപ്പില്‍ മല്‍സരിച്ച കാലത്ത് ഗോവിന്ദിന്റെ എലക്ഷന്‍ മാനേജര്‍ ആയിരുന്ന പരിചയം വെച്ചാണ് അവനത് വിളിച്ചത് .ബാക്കിയുള്ളവര്‍ ഏറ്റ് വിളിച്ചു .ഒന്നു രണ്ടു പേര്‍ സുനിലിനും കീജയ് വിളിച്ചു .അനന്യ കിണ്ണത്തില്‍ മുട്ടിത്തുടങ്ങി .ഓരോരുത്തരും ശ്വാസം അടക്കി അവള്‍ എപ്പോള്‍ അത് നിര്‍ത്തൂം എന്നറിയാനായി കാത്തു നിന്നു .ഗോവിന്ദ് സൂക്ഷ്മതയോടെ അനന്യയില്‍ത്തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ട് ഒരോ തവണയും പാര്‍സല്‍ കൈമാറിക്കൊണ്ടിരുന്നു .തന്‍റെ കൈയില്‍ പാര്‍സല്‍ ഒരു മൈക്രോസെക്കണ്ട് ഒക്കെ ഇരിക്കാനേ അവന്‍ അനുവദിച്ചുള്ളൂ .
ടിങ് ! അനന്യ കിണ്ണം മുട്ടുന്നത് അവസാനിപ്പിച്ചു .എല്ലാവരും ആകാംക്ഷയോടെ പാര്‍സല്‍ ആരുടെ കയ്യിലാണെന്നറിയാന്‍ വേണ്ടി നോക്കി .അത് സുനിലിന്റെ കയ്യില്‍ നിന്ന് പുറപ്പെട്ടു കഴിഞ്ഞിരുന്നു ..ഏതോ സ്വാഭാവിക പ്രേരണയാലേ ഗോവിന്ദ് അത് തന്‍റെ കയ്യില്‍ ഏറ്റ് വാങ്ങി .
"സുനില്‍ ജയിച്ചേ "സുനിലിന്റെ കയ്യില്‍ പിടിച്ചുയര്‍ത്തിക്കൊണ്ട് അബ്ദുള്‍റഹിമാന്‍ വിളിച്ച് കൂവി ."സുനില്‍ ജയിച്ചു ,,കമോണ്ഡ്രാ ഗോവിന്ദേ,അവന്റെ ഷൂ പോളിഷ് ചെയ്യൂ "
അനന്യ കണ്ണിലെ കെട്ടഴിച്ച ശേഷം തന്‍റെ മുന്നില്‍ നടക്കുന്നതെന്ത് എന്നറിയാതെ അന്തിച്ചു നില്‍ക്കുകയായിരുന്നു .
"കമോണ്‍ഡ്രാ ഗോവിന്ദ് "എല്ലാവരും ആര്‍ത്ത് വിളിച്ചു ,"അല്ലല്ല,ഞാനാ ജയിച്ചത് ,അനന്യ നിര്‍ത്തുമ്പോള്‍സുനിലിന്റെ കയ്യിലായിരുന്നു പാര്‍സല്‍ "ഗോവിന്ദിന്റെ ന്യായീകരണങ്ങള്‍ ഒന്നും ആരും ശ്രദ്ധിച്ചില്ല .സുനില്‍ സ്റ്റൂളിന്‍റെ മുകളിലേക്ക് തന്‍റെ കാലുകള്‍ കയറ്റി വെച്ചു ."
"വരൂ ,വരൂ ,പോളിഷ് ചെയ്യൂ "
ഗോവിന്ദിന്റെ നടപ്പില്‍പ്പോലും ഇച്ഛാഭംഗം പ്രകടമായിരുന്നു .അവനെ ഏറ്റവും തളര്‍ത്തിയത് അനന്യ ഓടി വന്നു സുനിലിനെ ആലിംഗനം ചെയ്തതാണ് .അവള്‍ ഒരു കാമുകിയുടെ മുഴുവന്‍ പാരവശ്യത്തോട്യും കൂടി സുനിലിന്‍റെ കവിളില്‍ ഉമ്മ വെക്കുക പോലും ചെയ്തു .ഗോവിന്ദ് വെറുപ്പോടെ പല്ലിറുമ്മി .പരാജിതന്റെ വൈക്ലബ്യത്തോടെ തന്റെ അടുത്തേക്ക് നടന്നു വന്നിരുന്ന ഗോവിന്ദിനെ കൈ കൊണ്ട് തടഞ്ഞ് സുനില്‍ ഉറക്കെ വിളിച്ച് പറഞ്ഞു .
"അബ്ദുല്‍റഹിമാന്‍,വരൂ ,നീ ,,നീ ആണത് ചെയ്യേണ്ടത് "
പകച്ചു നില്‍ക്കുന്ന അബ്ദുല്‍റഹിമാന്റെ നേര്‍ക്ക് എല്ലാവരും തിരിഞ്ഞു .അബ്ദുല്‍രഹിമാനതൊട്ടും പ്രതീക്ഷിച്ചിരുന്നില്ല.മറുത്തെന്തോ പറയാന്‍ ശ്രമിച്ച അവന്റെ വാക്കുകള്‍ തൊണ്ടയില്‍ത്തന്നെ വറ്റിപ്പോയി .പുറത്തേക്ക് വന്നിരുന്നെങ്കിലും ആരും അത് കേള്‍ക്കുമായിരുന്നില്ല..എല്ലാവരും ആര്‍പ്പുവിളിയിലും ഉല്ലാസത്തിലും മുഴുകിക്കഴിഞ്ഞിരുന്നു .കാതടപ്പിക്കുന്ന സംഗീതം ഉയര്‍ന്നു.എന്നിട്ടും മടിച്ച് നിന്ന അബ്ദുല്‍റഹിമാനെ ഗോവിന്ദ് ഒറ്റത്തള്ള് വെച്ചു കൊടുത്തു.അവന്‍ നില തെറ്റി സുനിലിന്റെ പാദങ്ങള്‍ക്കരികിലേക്ക് വീണു.ആരോ നാപ്കിന്‍ ഷൂസിന് മീതെ വിരിച്ചു.സംഗീതം ഉച്ചസ്ഥായിയിലായി.
ReplyDeleteനന്നായിട്ടുണ്ട് സിയാഫ് .
കൊറേ കാലായിട്ട് നിന്റെ ഒരു കഥ വായിച്ചു . സന്തോഷം
മറുത്തെന്തോ പറയാന്‍ ശ്രമിച്ച അവന്റെ വാക്കുകള്‍ തൊണ്ടയില്‍ത്തന്നെ വറ്റിപ്പോയി....!!
ReplyDeleteഎന്നാലും ആ തീവണ്ടിക്കളി വേണ്ടായിരുന്നു...
വായിച്ചു. ഇഷ്ടമായി...
ReplyDeleteസിയാഫ് ഭായ്...
ReplyDeleteThis comment has been removed by the author.
ReplyDeleteനല്ല കഥയായിരുന്നു. ആശംസകൾ.
ReplyDeleteകൊള്ളാം ..
ReplyDeleteപോളി സ്മരണകൾ
അയവിറക്കിയുള്ള ഈ അനുഭവ കഥ
കാലങ്ങള്‍ക്ക് ശേഷം ഒരു കഥ...അതും കഥാകാരന്‍റെയും എന്ന് തോന്നിപ്പിക്കുന്ന വിധത്തില്‍ ഒരു യൌവ്വനകാലത്തിന്‍റെ അയവിറക്കല്‍ കൂടിയായപ്പോള്‍ നന്നായി തോന്നി..
ReplyDeleteathimanoharamaaya katha
ReplyDelete