എന്‍റെ പുതിയ കഥാ സമാഹാരം കുരുവിയുടെ റിപ്പബ്ലിക്ക് സൂചിക ബുക്സ് പ്രസിദ്ധീകരിക്കുന്നു . വാങ്ങാൻ 9562540981 ലേക്ക് വാട്സപ്പ് ചെയ്യൂ

Tuesday, February 19, 2013

ഗുരു അത്ര തന്നെ ലഘു .

 .
ബസ്‌ സ്റ്റോപ്പ്‌.ഉച്ച തിരിഞ്ഞ നേരം.വെയ്റ്റിംഗ്‌ ഷെഡ്ഡിൽ വനിത ടൌണിലേക്ക് ഉള്ള ബസ്സ്‌ കാത്തിരിക്കുന്നുണ്ടായിരുന്നു .ടൌണിലേക്ക് വല്ലപ്പോഴുമേ ബസ്സുള്ളൂ .വനിത  കൊള്ളിറങ്ങി ഓടിവന്നപ്പോഴേക്കും ഒരെണ്ണം പൊടി പറത്തി നീങ്ങി
 .
"ശ്ശെ,ഒരു മിനിറ്റ് മുന്‍പ് ഇറങ്ങാമായിരുന്നു " അവള്‍  സ്വയം ശപിച്ചു .
വെയിറ്റിംഗ് ഷെഡിനു സമീപത്തു നിരനിരയായി ഓട്ടോകള്‍ നിര്‍ത്തിയിട്ടിരുന്നു . ബസ്സുകള്‍ കുറവായത് കൊണ്ട് ഓട്ടോക്കാര്‍ക്ക് നല്ല കൊയ്ത്ത് ആണ് .ഓരോ ബസ്സിലും ഒരാള്‍ എങ്കിലും അവര്‍ക്ക് കസ്റ്റമേഴ്സ് ഉണ്ടാകും .ആദ്യം തന്നെ നിര്‍ത്തിയിട്ടിരുന്ന ഓട്ടോയുടെ പേര് വനിതയെ വല്ലാതെ ആകര്‍ഷിച്ചു ."കഴുകന്‍ !"

ആ ഒാട്ടൊയുടെ  ഡ്രൈവർ പ്രതീക്ഷാനിർഭരമായ നോട്ടം അവളുടെ  നേര്‍ക്കെയ്തു . "വല്ലാത്തൊരു കഴുകന്‍ നോട്ടം "അവള്‍  വിചാരിച്ചു .ഇനി ഇയാളുടെ പേരും കഴുകന്‍ എന്ന് തന്നെയായിരിക്കുമോ ?"എന്തായാലും അയാളുടെ പക്ഷിച്ചുണ്ടന്‍മൂക്ക് അയാള്‍ക്ക്‌ കഴുകന്‍ എന്നല്ലാതെ വേറൊരു പേരും ചേരില്ല എന്ന് തോന്നിപ്പിച്ചു .വനിത നോട്ടം വിജനമായ റോഡില്‍ പാറുന്ന വെയില്‍ത്തുമ്പികളിലേക്ക് മാറ്റി .

വനിത തന്‍റെ ഓട്ടോയില്‍ കയറും എന്നൊരു പ്രതീക്ഷ കഴുകന്‍ വല്ലാതെ വെച്ചു പുലര്‍ത്തുന്നുണ്ടെന്ന് തോന്നി .അവള്‍  ഒന്ന് അനങ്ങുമ്പോള്‍ അയാള്‍ ഓട്ടോ സ്റ്റാര്‍ട്ട്‌ ചെയ്യാനൊരുങ്ങും എന്നാല്‍ വീണ്ടും വീണ്ടും അവള്‍   അയാളെ നിരാശയിലാഴ്ത്തി.വിളക്കുകാലിനടുത്തു നിന്നു ചെറിയ വാഹനങ്ങൾ തടഞ്ഞു നിർത്തി പണം പിടുങ്ങിക്കൊണ്ടിരുന്ന പൊലീസുകാരനെ പേടി ഇല്ലായിരുന്നെങ്കിൽ അയാൾ വനിതയെ തൂക്കിയെടുത്തു തന്‍റെ  ഓട്ടോയിലേക്കു എറിഞ്ഞേനെ.

"ഒരു ചായ "

റോഡ്‌ മുറിച്ചു കടന്നു വളകൾ വിൽക്കുന്ന ഒരാൾ വെയിറ്റിംഗ്‌ ഷെഡിനടുത്തു ഉന്തുവണ്ടിയിൽ ചായക്കച്ചവടം നടത്തുന്ന കിഴവിയുടെ അടുത്തെക്കു വന്നു.തന്‍റെ വളപ്പെട്ടി അയാള്‍  ബെഞ്ചില്‍ കുത്തിച്ചാരി വെച്ചു .ഒരു വശം ചില്ലിട്ട ആ തടിപ്പെട്ടിയില്‍ നിറയെ വളകള്‍ അടുക്കിയടുക്കി വെച്ചിരുന്നു .പല നിറത്തില്‍ പല തരത്തില്‍ ഉള്ള വളകള്‍ .കരിവളകള്‍ ,കുപ്പിവളകള്‍ ,ലോഹവളകള്‍,കല്ല്‌ വളകള്‍  അങ്ങനെ! . ചിലതൊക്കെ എടുത്തു നോക്കണം എന്നും വാങ്ങണം എന്നും ഉള്ള ചിന്തയെ വനിത നിയന്ത്രിച്ചു ,പേഴ്സില്‍ വണ്ടിക്കൂലി കഴിഞ്ഞാല്‍ അധികം പൈസ കാണില്ല .

ചായ കുടിച്ചു കഴിഞ്ഞു തന്‍റെ വളപ്പെട്ടി തോളിലേറ്റി  പോകാനൊരുങ്ങിയ അയാളോട് പരുഷമായ സ്വരത്തില്‍ കിഴവി പറഞ്ഞു "ആറു രൂപ ,"

അയാള്‍ ഒന്ന് പരുങ്ങി .പിന്നെ ദൈന്യതയോടെ തന്‍റെ ഒഴിഞ്ഞ കീശ കാട്ടിക്കൊടുത്തു വിളറിയ ഒരു ചിരി ചിരിച്ചു .

"ചായ വാങ്ങി വയറ്റിലേക്ക് ഒഴിക്കുമ്പോള്‍ കാശ് തരണം എന്ന് ഓര്‍ത്തില്ലേ ?പാലും പന്‍സാരയും എനിക്ക് വെറുതെ കിട്ടുന്നതല്ല  ."

"അമ്മായി; ഇത്ര നേരമായിട്ടും  ഒരു വള പോലും വിറ്റില്ല.വിറ്റാലുടൻ ഞാൻ നിങ്ങളുടെ കാശ്‌ തരാം.അല്ലെങ്കിൽ ചായക്കു പകരം ആ വിലക്കുള്ള വളകൾ എടുത്തോളൂ."

നിന്‍റെ  കെട്ട്യോള്‍ക്ക്‌ കൊണ്ടു പൊയികൊടുക്കെടാ ഈ പരട്ട കുപ്പിവളകള്‍ .എന്‍റെ  കാശ്‌ തരാതെ നിന്നെ ഞാന്‍ വിടില്ലടാ  തെമ്മാടീ"കിഴവി തര്‍ക്കിച്ചു  .

അവര്‍ക്കു വയസ്സേറെ ആയെങ്കിലും നാക്കിനു ഇപ്പോഴും ഒരു കുറവുമില്ല .കുറെ നേരത്തെ കശപിശക്ക് ശേഷം കിഴവിയും  വളക്കാരനും തമ്മില്‍ ഒരു ധാരണയിലെത്തി .കിഴവിയുടെ കണ്‍ വെട്ടത്ത് തന്നെ ഇരുന്നു കച്ചവടം നടത്തണം . ആദ്യത്തെ കച്ചവടം നടന്നാലുടന്‍ കിഴവിക്ക് കൊടുക്കാനുള്ള  പണം കൊടുക്കണം .

നിബന്ധനകള്‍  അംഗീകരിച്ച അയാൾ അടുത്തുള്ള മരത്തണലിൽ പോയി തന്‍റെ വളകള്‍ വാങ്ങാന്‍ ആരെങ്കിലും വരുന്നതും  പ്രതീക്ഷിച്ചിരുപ്പായി.അടുത്തു തന്നെ ഒരു നായ മുറുമുറുക്കുകയും കോട്ടുവായിടുകയും ഒക്കെ ചെയ്തു കൊണ്ട് കിടപ്പുണ്ടായിരുന്നു . ഇടയ്ക്കിടെ തന്നെ ശല്യപ്പെടുത്തുന്ന പ്രാണികളെ കടിക്കാന്‍ ആ നായ വിഫലശ്രമം നടത്തിക്കൊണ്ടിരുന്നു .

"ഇനിയും ബസ് വരാന്‍ എത്ര നേരമെടുക്കും? "വനിത ചോദിച്ചതു തന്നോടല്ല എന്ന ഭാവത്തില്‍ കിഴവി സമോവറിലേക്ക് കരി വാരിയിട്ടു .വനിതക്ക് ഉറക്കം വരുന്നുണ്ടായിരുന്നു . പക്ഷെ അടുത്ത ബസ് കൂടി പോയാല്‍ പിന്നെ നോക്കണ്ടാ . വീട്ടിലെത്താന്‍ ഒരു പാട് വൈകാന്‍ വയ്യ.ഇപ്പോഴത്തെ കാലമല്ലേ ?അത് കൊണ്ട് വനിത ഉറക്കത്തെ എങ്ങനെയെങ്കിലും ആട്ടിയകറ്റാന്‍ ശ്രമിച്ചു .

വെയിലിനു ചൂട് കൂടിയത് കൊണ്ടും വണ്ടികളുടെ വരവു കുറഞ്ഞത്‌ കൊണ്ടും പോലീസുകാരന്‍ മെല്ലെ മരത്തണലിലേക്ക് മാറി .ഇനി വലിയ പിരിവു കിട്ടില്ല .സ്കൂള്‍ വിട്ടു കഴിഞ്ഞാല്‍ മാത്രേ ഇനി വണ്ടികളുടെ എണ്ണം കൂടുകയുള്ളൂ .അതുമല്ല വളക്കാരനെ അയാള്‍ അപ്പോഴാണ്‌ കണ്ടത് .അവനെ പിഴിഞ്ഞ് കുറച്ചു കാശ് പിടുങ്ങണം എന്ന് പോലീസകാരന്‍ തീരുമാനിച്ചിരുന്നു .

"അനുവാദമില്ലാതെ ഇവിടെ കച്ചവടം പാടില്ല എന്നറിഞ്ഞുകൂടെ?എഴുന്നേറ്റ് പോടാ "

"സാറേ ,രാവിലെ മുതല്‍ നടക്കുന്നതാ ,ഒന്നും വിറ്റില്ല,ആ തള്ളക്കു കൊടുക്കാന്‍ ഉള്ള കാശ് ഒത്താല്‍  ഞാന്‍ എഴുന്നേറ്റ് പൊയ്ക്കോളാം"പോലീസുകാരന്‍ ചുറ്റും നോക്കി വളപ്പെട്ടിയുടെ അടുത്തു കുന്തിച്ചിരുന്നു .

"നിന്‍റെ കയ്യില്‍ ഇപ്പോള്‍ എത്ര പൈസയുണ്ട് ?"താഴ്ന്ന  ശബ്ദത്തില്‍ അയാള്‍ ചോദിച്ചു .
വളക്കാരന്‍ കൈ മലർത്തി.അറയ്ക്കുന്ന ചീത്ത വാക്കുകൾ പറഞ്ഞു കൊണ്ടു പോലീസുകാരൻ കുറെ വളകൾ വാരിയെടുത്തു.തടുക്കാൻ വളക്കാരന്‍ ശ്രമിച്ചതും വിനയായി .കുറച്ചു വളകള്‍ കൂടി വീണുടഞ്ഞു ,കൂടുതല്‍ നഷ്ടം .!
കുറച്ചു സമാധാനം കിട്ടിയത്‌ പോലെ പൊലീസുകാരൻ വെയിറ്റിംഗ്‌ ഷെഡിൽ വന്നിരുന്നു..

"എങ്ങോട്ടാ പെങ്ങളെ ?"
വനിത മറുപടി പറയാതെ തോള്‍ ചുളുക്കിക്കാട്ടി.പോലീസുകാരന്‍ നാടന്‍ മദ്യത്തിന്‍റെ മണമുള്ള ഒരു ഏമ്പക്കം ശബ്ദത്തോടെ പുറത്തേക്ക് വിട്ടു .വനിതയെ നോക്കി ഒരു വഷളന്‍ ചിരി ചിരിച്ചു ."ഇവിടെ അത്ര നല്ല ഏരിയ അല്ല ,ഞാന്‍ ഉള്ളത് കൊണ്ടാണ് പിന്നെ അധികം പ്രശ്നങ്ങള്‍ ഇല്ലാത്തത് ."

 അയാള്‍ പതിയെ വനിതയുടെ അടുത്തേക്ക്‌ നീങ്ങിയിരുന്നു .മനം പിരട്ടലുണ്ടാക്കുന്ന  ഒരു ഗന്ധം വനിതയെ ചൂഴ്ന്നു .അറിയാത്ത മാതിരി പോലീസുകാരന്‍ വനിതയെ തോണ്ടുകയും ഞോടുകയും ഒക്കെ ചെയ്യാന്‍ തുടങ്ങി .ഇടങ്കണ്ണിട്ടു അതെല്ലാം കാണുന്നുണ്ടായിരുന്നെങ്കിലും കിഴവി  പാത്രം മോറുന്ന തന്‍റെ പണിയില്‍ ഒരു വിഘ്നവും വരുത്തിയില്ല .കുറച്ചായപ്പോള്‍ സഹികെട്ടു വനിത  വള വാങ്ങാനെന്ന വ്യാജേന വളക്കാരന്‍റെ അടുത്തേക്ക്‌ ചെന്നു.ഇച്ഛാഭംഗം കലര്‍ന്ന ഒരു ചിരിയോടെ പോലീസുകാരന്‍ വെയിറ്റിംഗ് ഷെഡില്‍ തന്നെ ഇരുന്നു .

ബസ് വരുന്നത് വരെ എങ്ങനെയെങ്കിലും വളക്കാരന്‍റെ അടുത്തു വള തെരഞ്ഞെടുക്കുന്നതായി  നടിച്ചു കൊണ്ട് ചെലവഴിക്കണം എന്ന് മാത്രമേ വനിതക്ക് ഉണ്ടായിരുന്നുള്ളൂ .അവളുടെ കയ്യില്‍ അത്രക്കൊന്നും പൈസ ഉണ്ടായിരുന്നില്ലല്ലോ  എങ്കിലും അവള്‍ ഓരോന്നായി എടുത്തു നോക്കി ,അണിഞ്ഞു നോക്കി ,വില ചോദിച്ചു വളക്കാരന്‍ മര്യാദയോടെ ഓരോന്നായി എടുത്തു കാട്ടി ക്കൊണ്ടിരിക്കുകയായിരുന്നു.  അടുത്തു കിടന്നിരുന്ന നായയെ എന്താണ് പ്രകോപിപ്പിച്ചത് എന്ന് അറിയില്ല, ഒരൊറ്റച്ചാട്ടം! ,വനിതയുടെ കൈത്തണ്ടയില്‍ അത് പല്ലുകളാഴ്ത്തി.
ഭയന്നു പോയ വനിത എങ്ങനെയോ കൈ വിടുവിച്ചു ,കയ്യില്‍ രണ്ടു കടിപ്പാടുകളില്‍ നിന്ന് ചോര പൊടിഞ്ഞു .ചോര കണ്ടാല്‍ വനിതക്ക് തല ചുറ്റല്‍ വരും ,വീഴാതിരിക്കാന്‍ അവള്‍ വെറും നിലത്തു കുത്തിയിരുന്നു  .ആരൊക്കെയോ അടുത്തു കൂടി .എല്ലാവരും ചേര്‍ന്ന് വനിതയെ വെയിറ്റിംഗ് ഷെഡില്‍ കൊണ്ട് പോയിരുത്തി .

"പേയുള്ള നായ ആണെന്ന് തോന്നുന്നു "കഴുകന്‍ പറഞ്ഞു "ആ വളക്കാരന്‍ തെണ്ടിയുടെ കൂടെ വന്നതാ " ആരോ ഒരു കൈലേസ് കൊണ്ട് വനിതയുടെ മുറിവ് കെട്ടി ."ആ വളക്കാരന്‍ പന്നി അവനാ എല്ലാറ്റിനും കാരണം .കുട്ടി വരൂ എന്‍റെ ഓട്ടോയില്‍ ഡോക്ടറെ പോയി കാണാം" .കഴുകന്‍ ക്ഷണിച്ചു ,അത്ര നേരമായിട്ടും ഒരു ഓട്ടം കിട്ടാത്തതില്‍ അയാള്‍ വല്ലാതെ അസ്വസ്ഥനായിരുന്നു .

വനിത തലയാട്ടി കഴുകന്‍റെ സഹായം നിരസിച്ചു .അവള്‍ക്കു ഇനിയും ബസ് വരാത്തത് എന്തെന്ന് ഉള്ള ആധിയായിരുന്നു .
"പേ പിടിക്കുന്നെങ്കില്‍ പിടിക്കട്ടെ.എങ്ങനെയെങ്കിലും വീട്ടിലെത്തിയാല്‍ മതി "
"സാര്‍ ഇവിടെയുണ്ടായിട്ടു എന്താ കാര്യം ?പെണ്ണുങ്ങള്‍ക്ക്‌ ബസ് കാത്തിരിക്കാന്‍ പോലും പറ്റാതായി "കഴുകന്‍ ഏതാണ്ട്  ഒത്തുവന്ന ഒരു ഓട്ടം പോയതിന്‍റെ കലിപ്പ് തീര്‍ത്തത് പോലീസുകാരനോടാണ്‌ .പോലീസുകാരന്‍ മീശപിരിച്ചു കൊണ്ടെഴുന്നേറ്റു .

"ആ പട്ടിക്കു പേ കാണുമായിരിക്കും .അതിനെ കൊല്ലണം"കഴുകന്‍ ആവശ്യപ്പെട്ടു ബെല്‍റ്റ്‌ ഒന്ന് കൂടി വലിച്ചു കയറ്റി പോലീസുകാരന്‍  വനിതയെ നോക്കി കണ്ണിറുക്കി വളക്കാരനടുത്തെക്ക്  നടന്നു .
ഠേ..!..ഠേ...!
ഓലപ്പടക്കം പൊട്ടുന്ന പോലെയുള്ള ഒച്ച രണ്ടു പ്രാവശ്യമുയര്‍ന്നു .
ഒരു ഞരക്കം പോലും ഉണ്ടാക്കാതെ വളക്കാരന്‍ പിറകോട്ടു മറിഞ്ഞു .ചോരയുടെ ഒരു കൊമ്പു അയാളുടെ തലയ്ക്കു മീതെ ഉയര്‍ന്നു .നായയ്ക്കാണ് ആദ്യ വെടിയേറ്റതെന്നു തോന്നുന്നു .അപ്പോള്‍ത്തന്നെ അത് ചത്തുപോയിരുന്നു .

"അതു നന്നായി.ആ പന്നി വന്നേപ്പിന്നെ ഒരു ഓട്ടം പോലും കിട്ടിയില്ല.അവന്റെ കിടപ്പു നോക്കിയേ.ഹഹഹഹ".
കഴുകന്‍ ഒച്ചയുണ്ടാക്കിച്ചിരിച്ചു .അയാള്‍ക്ക്‌ സന്തോഷം സഹിക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല .തോക്ക് ബെല്‍റ്റിലെ തോലുറയില്‍ തിരുകി പോലീസുകാരന്‍ തിരിച്ചു വന്നു ,കണ്മുന്നില്‍ നടന്ന സംഭവം വിശ്വസിക്കാനാവാതെ തരിച്ചിരുന്ന വനിതയുടെ ഒപ്പം തന്നെ ഇരിക്കുന്നതില്‍ പോലീസുകാരന്‍ ഇത്തവണ ഒരു മടിയും കാണിച്ചില്ല .'താന്‍ വളക്കാരനെ കൊല്ലുകയല്ല ,വനിതയെ കല്യാണം കഴിക്കുകയാണ് ചെയ്തത്' എന്നപോലെയായിരുന്നു അയാളുടെ ഭാവം .

താന്‍ ഏതോ ഒരു മഹാകാര്യം ചെയ്തു എന്ന ഒരു ഭാവം അയാളുടെ മുഖത്തുണ്ടായിരുന്നു ,അത് മറയ്ക്കാന്‍ വേണ്ടിയാകാം പൊലീസുകാരൻ കിഴവിയൊട്‌ ഒരു ചായ എടുക്കാൻ ആവശ്യപ്പെട്ടു
.
"സമോവറില്‍ തിളച്ച  വെള്ളമാണ്കിടക്കുന്നത്. എടുത്തുനിന്‍റെ തലയില്‍ കൊട്ടും,പറഞ്ഞേക്കാം"കിഴവി തൊള്ളയിട്ടു
"ചായയുടെ പൈസ കിട്ടാത്തതിന്റെ കഴപ്പാ തള്ളക്ക് ;.ചാകാറായി.അല്ലെങ്കിൽ ഞാൻ തന്നെ തീർത്തേനെ."
"കൊല്ലടാ എന്നേ നീ ചുണയുണ്ടെങ്കില്‍!  തന്തയില്ലാത്തവനെ".
കിഴവി കോപത്തോടെ ഉന്തുവണ്ടിക്ക് പിന്നില്‍ നിന്ന് ചാടിയിറങ്ങി ,ചീറിക്കൊണ്ട് അടുത്തെങ്കിലും പൊലീസുകാരൻ അവരെ ഗൗനിക്കാതെ വനിതയോട്  ഒച്ചയടക്കിപ്പറഞ്ഞു.

"നിനക്കു വേണ്ടി മാത്രമാ ഞാൻ അവനെ കൊന്നത്‌!"
"നിനക്കു വേണ്ടി "എന്ന പദത്തിനു രണ്ടർത്ഥം കൽപ്പിക്കാവുന്ന വിധം തന്‍റെ  ശബ്ദത്തിൽ അയാൾ ഒരു ഊന്നൽ കൊടുത്തിരുന്നു.
എനിക്കു വേണ്ടിയൊ?"; വനിത അമ്പരപ്പോടെ ചോദിച്ചു
 .
."പിന്നല്ലാതെ ;അയാളുടെ നായ നിന്നെ കടിച്ചതിനല്ലേ ആ നായിനെയും  നായിന്‍റെ  മോനെയും  ഞാൻ തട്ടിയത്‌.അത്‌ ഓർമ്മ വേണം.നമ്മളെ ഒന്ന് വേണ്ട വിധം പരിഗണിക്കണം "അശ്ലീലമായ ഒരു ചിരിയോടെ അയാൾ മീശ കടിച്ചു ചവച്ചു.

"അതിനു ആ നായ്‌ അയാളുടെത്‌ ആണെന്നു നിങ്ങള്‍ക്കു എങ്ങനെ മനസ്സിലായി?"
"ആ;അതൊന്നുമെനിക്കറിയില്ല.പക്ഷെ നിങ്ങൾ അടക്കം ഇവിടെയുള്ള എല്ലാവരും അവൻ ചാവണം എന്നു കൊതിച്ചിരുന്നു.നേരല്ലേ?ദെ ആ കള്ളന്‍റെ  ചിരി കണ്ടൊ?"
കഴുകന്‍ അപ്പോഴും കക്കക്ക എന്ന് ചിരിച്ചു കൊണ്ടിരിക്കുകയായിരുന്നു . 
താൻഅങ്ങനെയൊന്നും  ആഗ്രഹിച്ചില്ല എന്നും തന്‍റെ ആഗ്രഹങ്ങള്‍ തീരുമാനിക്കാന്‍ നിങ്ങള്‍ ആരാണ് എന്നൊക്കെ  പറയണമെന്നുണ്ടായിരുന്നെങ്കിലും വനിത  മൗനം പാലിച്ചു.അവള്‍  ആലോചിച്ചിരുന്നത്‌ തന്‍റെ  ഇടുപ്പിലേക്കു ഇഴഞ്ഞു കയറുന്ന അഴുക്കും കറയും പിടിച്ച വിരലുകളെ എങ്ങനെ ഒഴിവാക്കും എന്നു മാത്രമായിരുന്നു.

Sunday, January 13, 2013

ദൈവത്തിന്‍റെ അമ്മ

 
      പൂജാമുറിയില്‍ ചന്ദനത്തിരികള്‍ പുകഞ്ഞു .നേരം പുലര്‍ന്നിട്ടു കുറേനേരമായിരിക്കുന്നു .കിളികള്‍ കലപിലാ ചിലക്കുന്നതിനും ഇരതേടി പോകുന്നതിനും മുന്നേ തന്നെ നിര്‍മ്മല എഴുന്നെറ്റ് കുളിച്ചു ശുദ്ധിയായി രാവിലത്തെ ജോലികള്‍ എല്ലാം തീര്‍ത്ത്‌ പ്രാര്‍ത്ഥിക്കുവാന്‍ കയറിയതായിരുന്നു .

അവള്‍ പൂജാമുറിയില്‍ സ്വസ്ഥമായി കണ്ണടച്ച് ദൈവത്തോട് സംസാരിക്കുന്നതു കണ്ട അവളുടെ ഭര്‍ത്താവ്‌ വാതില്‍ ശബ്ദമുണ്ടാക്കാതെ ചാരി ലിവിംഗ് റൂമിലേക്ക്‌ പോയി .അയാള്‍ക്ക്‌ എന്തോ അവളോട്‌ പറയാനുണ്ടായിരുന്നു .ഒരാലോചനക്ക് ശേഷം അത് പിന്നീടാകട്ടെ എന്ന് അയാള്‍ കരുതി .

പ്രാതലിന് ഇഡലിയും ചമ്മന്തിയും കഴിക്കുന്ന സമയത്തും അവര്‍ തമ്മില്‍ പ്രത്യേകിച്ചൊന്നും സംസാരിച്ചില്ല .

ഒരു ഇഡ്ഡലി കൂടി ഇടട്ടെ ?" "ചമ്മന്തിക്ക് എരിവ് ലേശം കൂടുതലാ ,"
അങ്ങനെ ഒന്ന് രണ്ടു വാചകങ്ങളില്‍ അവരുടെ സംസാരം ഒതുങ്ങി.അല്ലെങ്കിലും ഈയിടെയായി എത്ര അടുത്തിരിക്കുമ്പോഴും തങ്ങള്‍ വളരെ അപരിചിതര്‍ ആയ ആരോ ആണെന്ന് അവര്‍ക്ക് തോന്നിത്തുടങ്ങിയിരുന്നു

.തങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഒന്നുമില്ല  എന്ന് അവര്‍ വെറുതെ വിചാരിച്ചു .ഇടയ്ക്കു ഒക്കെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നതെന്തിന്?  എന്ന് ഒരു പാഴ്വിചാരത്തില്‍ അവര്‍ വീണു പോയി .അങ്ങനെ മിണ്ടാതിരിക്കുന്നതിലൂടെ തങ്ങള്‍; പരസ്പരം ചതിക്കുകയാണ് എന്ന് പോലും അവര്‍ അറിഞ്ഞില്ല .എന്ത് കൊണ്ടെന്നാല്‍ അവരോടു മിണ്ടാന്‍ വേറെ ആരും അവര്‍ക്ക് ഉണ്ടായിരുന്നില്ല .

ലിവിംഗ്റൂമില്‍ എല്ലാ ദിവസത്തെയും പോലെ എല്ലാം ഭംഗിയിലും ചിട്ടയിലും തന്നെയുണ്ടായിരുന്നു .ടീപ്പോയിലെ പത്രം ,സെറ്റിയില്‍ ഇട്ടവിരികള്‍ ,എന്തിനു ടി വി യുടെ റിമോട്ട് പോലും യഥാസ്ഥാനത്തു നിന്ന് അല്‍പ്പം പോലും അനങ്ങിയിരുന്നില്ല .

ആ മുറിയിലെമ്പാടും  മുഷിപ്പിക്കുന്ന ഒരു അടുക്കും ചിട്ടയും  ചിതറിക്കിടപ്പുണ്ട് ; .മൌനമായി പിന്നിലൂടെ വന്നു കൊല്ലാതെ കൊല്ലുന്ന ഒരു നിശബ്ദത ആ മുറിയില്‍ എവിടെയോ പതുങ്ങിയിരിക്കുന്നുണ്ട്  എന്നൊക്കെ അയാള്‍ അരിശത്തോടെ വിചാരിച്ചു .അതിനെ തോല്പ്പിക്കാനായി ടി.വി ഓണ്‍ ചെയ്തു അയാള്‍ ഒരിക്കലും കാണാന്‍ ഇഷ്ടപ്പെടാത്ത എം.ടി വി സെലക്ട്‌ ചെയ്ത ശേഷം ടി വിയുടെ റിമോട്ട് ടീപ്പോയിയുടെ   അടിയിലേക്കെറിഞ്ഞു.കൈലി മിനോഗിന്‍റെ ഒരു അടിപൊളി പാട്ട് ചില്ലുതിരയില്‍ തെളിഞ്ഞു .

മുറിയിലെ അമ്പരപ്പിക്കുന്ന നിശബ്ദതയെ ചോദ്യം ചെയ്തപ്പോള്‍ അയാള്‍ക്ക് കുറച്ചൊരു സമാധാനം കിട്ടി .നിര്‍മ്മല ഉടനെയെങ്ങും പൂജാ മുറിയില്‍ നിന്ന് പുറത്തിറങ്ങില്ല ,അത് കൊണ്ട് ഇവയൊന്നും അവളെ ബാധിക്കുകയില്ല .അയാള്‍ കുറച്ചു നേരം കൂടി മുറിയില്‍ വെറുതെ ചുറ്റിത്തിരിഞ്ഞ ശേഷം പുറത്തേക്ക് പോയി .

കുറേക്കാലമായി തങ്ങളെ അലട്ടുന്ന ദുഖത്തിന്‍റെ കാരണം അറിയാന്‍ അന്ന് ജ്യോതിഷിയെ കാണാന്‍ അയാള്‍ തീരുമാനിച്ചിരുന്നു.
ഭര്‍ത്താവ് വാതില്‍ ചാരിയതോ കാര്‍ സ്റ്റാര്‍ട്ട്‌ ചെയ്തതോ പുറത്തേക്ക് പോയതോ ഒന്നും നിര്‍മ്മല അറിഞ്ഞതേയില്ല .

അവള്‍ ദൈവത്തെ വിചാരണ ചെയ്യുകയായിരുന്നു ."ഇങ്ങനെ ശിക്ഷിക്കാന്‍ മാത്രം ഈ ജന്മത്തിലെ കഴിഞ്ഞ മുപ്പതു വര്‍ഷത്തിനിടെ   ഞാന്‍  എന്ത് തെറ്റാണ്  ചെയ്തത്? " അവള്‍ ദൈവത്തോടു ചോദിച്ചു .നിസ്സംഗമായ ഒരു ഭാവത്തോടെ ദൈവം, കര്‍പ്പൂരത്തിന്‍റെയും കുന്തിരിക്കത്തിന്‍റെയും പുകപടലത്തില്‍ ശ്വാസം മുട്ടി ഇരുന്നു കൊണ്ട് നിര്‍മ്മലയുടെ പരാതികള്‍ എല്ലാം കേട്ടു.

ദൈവത്തിനു അതെല്ലാം കുറച്ചു നാളായി ശീലം ആയിക്കഴിഞ്ഞിരുന്നു .നിര്‍മ്മല പൂജാമുറിയില്‍ കയറിയാല്‍ എന്തെല്ലാം ചെയ്യുമെന്ന് പോലും ദൈവത്തിനു കാണാപ്പാഠം ആയിരുന്നു .

അന്ന് പക്ഷെ നിര്‍മ്മല വളരെയേറെ ദുഖിതയാണെന്ന് ദൈവം കണ്ടു ." മനുഷ്യര്‍ ചില നേരങ്ങളില്‍ എന്താ ഇങ്ങനെ?"എന്ന് ദൈവം ആധിയോടെ ചിന്തിച്ചു .നിര്‍മ്മല പതിവില്ലാതെ പൂജാമുറിയില്‍ ഇരുന്നു ഓരോ വാക്കിനിടക്കും  മുള ചീന്തും പോലെ പൊട്ടിക്കരഞ്ഞത് കാണ്‍കെ ദൈവത്തിനും  അങ്ങനെ  തോന്നാതിരിക്കുമോ ?.

ഒരു സാധാരണ മനുഷ്യന്‍ ആയിരുന്നെങ്കില്‍ ദൈവം സ്നേഹത്തോടെ അവളുടെ പുറത്തു തട്ടിയേനെ .എല്ലാം സഹിക്കാന്‍ മൃദുവായ ശബ്ദത്തില്‍ ആവശ്യപ്പെട്ടേനെ .മഴക്കാലത്തെ പുഴ പോലെ കണ്ണുനീര്‍ ഒഴുകിയിട്ടും ,പുറത്തു വെയിലിനു ചൂട്‌ വല്ലാതെ കൂടിയിട്ടും നിര്‍മ്മല കരച്ചില്‍ നിര്‍ത്തിയില്ല .ദൈവത്തിനു ഇടയ്ക്കു ദേഷ്യം പോലും വന്നു. പ്രപഞ്ചത്തിന്‍റെ ഒട്ടാകെ ദുഃഖങ്ങള്‍ കേള്‍ക്കേണ്ട ഒരാളെ ഇങ്ങനെ യാതൊരു ശങ്കയുമില്ലാതെ സ്വന്തം ആവശ്യങ്ങള്‍ കൊണ്ട് പൊറുതിമുട്ടിക്കുന്നതില്‍ ഒരു നാണക്കേടും നിര്‍മ്മലക്ക് ഇല്ലല്ലോ എന്ന് ദൈവം ഈര്‍ഷ്യയോടെ ചിന്തിച്ചു .

നിര്‍മ്മല തറയില്‍ വീണു കിടന്നു സാഷ്ടാംഗം പ്രണമിച്ചു .കണ്ണുനീരാലെ ദൈവത്തിന്‍റെ കാലടികള്‍ കഴുകി .ഓരോ നിമിഷം ചെല്ലുംതോറും ദൈവത്തിനു ഇരിക്കപ്പൊറുതി ഇല്ലാതാ കുകയായിരുന്നു .അവള്‍  ഇടറിയ ശബ്ദത്തില്‍ ദൈവത്തോട് ചോദിച്ചു .
"ഒരു ദിവസം മാത്രം എനിക്കൊരു കുഞ്ഞിനെ തന്നൂടെ ?അവനെ കണ്ണെഴുതിക്കാന്‍ ,കുളിപ്പിക്കാന്‍ ,മുലയൂട്ടാന്‍ ,താരാട്ട് പാടിയുറക്കാന്‍,അത്രേം മതി ,അതിനു ശേഷം നീ അവനെ തിരിച്ചെടുത്തോ "
ഒരുകള്ളച്ചിരിയോടെ ദൈവം അനങ്ങാതെ ഇരുന്നതേയുള്ളൂ .ആ ചിരി ദൈവം തന്‍റെ നിവൃത്തികേട് അറിയിക്കാതിരിക്കാന്‍
വേണ്ടി മനപ്പൂര്‍വ്വം തന്‍റെ മുഖത്ത് വരുത്തിയതായിരുന്നു .


അവള്‍  ഗത്യന്തരമില്ലാതെ പിന്നെയും  ചോദിച്ചു "ഒരു ദിവസം പറ്റില്ലെങ്കില്‍ വേണ്ടാ,ഒരു പകല്‍ ,,എനിക്ക് മുലയൂട്ടാന്‍ ഇങ്ക് കുറുക്കികൊടുക്കാന്‍ ,അവന്‍റെ അച്ഛന് ഒന്ന് കാട്ടിക്കൊടുക്കാന്‍ അത്രയുമെങ്കിലും തന്നു കൂടെ?"

ദൈവം എന്നിട്ടും അനങ്ങിയില്ല .

നിര്‍മ്മല വീണ്ടും ചോദിച്ചു
 "വേണ്ടാ ഒരു മണിക്കൂര്‍ ,ഒന്ന് എടുത്തു ഉയര്‍ത്താന്‍ ,ഒരു മുത്തം കൊടുക്കാന്‍ ,ഒന്ന് മുലയൂട്ടാന്‍ ,അത് മതി .അത് മാത്രംമതി .അതിനു വേണ്ടിയെങ്കിലും നീ എനിക്ക്ഒരു കുഞ്ഞിനെ തരണേ ദൈവമേ" ....
ആ അപേക്ഷയിലെ ദൈന്യം ദൈവത്തിനു സഹിക്കാന്‍ പറ്റുന്നതിലും അപ്പുറത്ത് ആയിരുന്നു

ദൈവം നിര്‍മ്മലയുടെ അപേക്ഷ സ്വീകരിക്കാന്‍ തീരുമാനിച്ചു.അദ്ദേഹം  ചില്ലിട്ട ഫോട്ടോയില്‍ നിന്നിറങ്ങി പുറത്തേക്ക് പോയി .ഫോട്ടോയില്‍ ആയിരിക്കുമ്പോള്‍ ദൈവത്തിനു തന്‍റെ രൂപം മാറാന്‍ കഴിയുമായിരുന്നില്ല .നിര്‍മ്മലയാകട്ടെ തന്‍റെ  പ്രാര്‍ത്ഥന അത്രയേറെ ഉള്ളില്‍ത്തട്ടി ആയിരുന്നതിനാല്‍ ദൈവം ഇറങ്ങിപ്പോയതൊന്നും അറിഞ്ഞില്ല .ദൈവം ഒരു അട്ടയുടെ രൂപം സ്വീകരിച്ചു അവളുടെ  അടിവയറ്റില്‍ പറ്റി.ഒരു നൂലിഴ ദേഹത്ത് ഇഴയുന്ന വേദന പോലും അറിയിക്കാതെ പൊക്കിള്‍ത്തടത്തിലൂടെ  നിര്‍മ്മലയുടെ ഗര്‍ഭപാത്രത്തിലേക്ക് പ്രവേശിച്ചു.എന്നാല്‍ പ്രാര്‍ത്ഥനനിമഗ്നയായിരുന്നതിനാല്‍ ഒരു ഇളം ജീവന്‍  തന്നില്‍ ഉയിര്‍ത്തത് അവള്‍ ആദ്യമൊന്നും അറിഞ്ഞില്ല.

പിന്നെപ്പിന്നെ ഓരോ നിമിഷം പോകുന്തോറും അവളുടെ ഗര്‍ഭപാത്രത്തില്‍ഒരു പുഴുരൂപത്തില്‍,പിന്നെ തലയും കൈകാലുകളും അവയവങ്ങളുമെല്ലാം ആയി , പതിയെ പതിയെ നിര്‍മ്മലയുടെ ചോരയില്‍ നിന്നും ഊര്‍ജ്ജം ഊറ്റി അവന്‍ ഉയിര്‍ക്കൊള്ളുന്നത് നിര്‍മ്മല അത്യധികമായ അത്ഭുതത്തോടെയും ആഹ്ലാദത്തോടെയും ഉള്‍ക്കൊണ്ടു .അത്രയും കാലം അറിയാത്ത ഒരു നിര്‍വൃതി ദൈവവും   ആ ഗര്‍ഭപാത്രത്തിലെ വഴുവഴുത്ത ദ്രാവകത്തില്‍ കിടന്നു അനുഭവിക്കുകയായിരുന്നു .

നിര്‍മ്മലയുടെ അനുവാദമില്ലെങ്കില്‍ താന്‍ അവിടെ കിടന്നു ചത്തു പോകും എന്ന് പോലും  ദൈവത്തിനു തോന്നിപ്പോയി   .പക്ഷെ അവളാകട്ടെ  ആഹ്ലാദത്തോടെ തന്‍റെ അടിവയറ്റില്‍ ഉരുവം കൊള്ളുന്ന അനക്കങ്ങള്‍ക്ക് ,തന്‍റെ രക്തത്തില്‍ നിന്ന് ചോര്‍ന്നു പോകുന്ന ഊര്‍ജ്ജത്തെ ഹര്‍ഷോന്‍മാദത്തോടെ വിട്ടു കൊടുത്തു ,

"നിനക്ക്ഞാന്‍ എന്‍റെ ജീവന്‍ വേണമെങ്കിലും തരും കുഞ്ഞേ"എന്ന് ആരും കേള്‍ക്കാതെഅവള്‍ അടക്കം പറഞ്ഞു .
തന്‍റെ വയറ്റില്‍ ഒരു ചെറു ജീവകണിക തുടിക്കുന്നത് അറിഞ്ഞതോടെ നിര്‍മ്മലക്ക് എന്ത് ചെയ്യണം എന്നറിയാതെയായി.ദോഹദകാലത്തിന്‍റെ അവശതകള്‍ അനുഭവിക്കുമ്പോഴും "ഇതെന്തൊരനുഭൂതിയാണ് ?ഈ ആഹ്ലാദം എവിടെ നിന്ന് വന്നു "എന്ന് അവള്‍ സ്വയം ചോദിച്ചു .

അവള്‍ ആഹ്ലാദത്തോടെ ഉമ്മറത്തെക്കോടി .ഭര്‍ത്താവിന്‍റെ അസാന്നിദ്ധ്യം അവള്‍ അറിഞ്ഞത് അപ്പോള്‍ മാത്രമായിരുന്നു .തന്‍റെ ഈ സന്തോഷം ആരോട് പറയും എന്നറിയാതെ അവള്‍ കുഴങ്ങി .പൂജാ മുറിയില്‍ ദൈവത്തിനോടെങ്കിലും പറയാന്‍ വേണ്ടി ചെന്ന അവളെ അതിശയിപ്പിച്ചു കൊണ്ട് പൂജാമുറിയിലെ ദൈവ വിഗ്രഹങ്ങള്‍ ഒക്കെ അപ്രത്യക്ഷമായിരുന്നു .ചില്ലിട്ട ചിത്രങ്ങള്‍ പോലും തികച്ചും നിര്‍വ്വികാരമായ ഒരു ശൂന്യത പ്രദര്‍ശിപ്പിച്ചു .

നിമിഷങ്ങള്‍ കഴിയേ അവളുടെ വയര്‍ വീര്‍ത്ത് വീര്‍ത്ത് വന്നു . അതിനുള്ളില്‍ കിടന്നു സ്വാതന്ത്ര്യം കാംക്ഷിച്ച ദൈവം അവളുടെ വയറ്റില്‍ ചവിട്ടിത്തള്ളി ."ഉണ്ണിക്കുട്ടാ,അമ്മക്ക് വേദനിക്കുംട്ടോ "എന്ന് ശാസിക്കുമ്പോഴും  നിര്‍മ്മല വല്ലാത്ത ഒരു അനുഭൂതിയുടെ ഓളങ്ങളില്‍ ദിക്കറിയാതെ നീന്തി ."അദ്ദേഹം ഒന്ന് വന്നിരുന്നെങ്കില്‍ "എന്ന് ഇതിനു മുന്‍പ്‌ ഒരിക്കലും അവള്‍ ജീവിതത്തില്‍ ഇത്രയേറെ ആഗ്രഹിച്ചിട്ടില്ല .ദൈവമാകട്ടെ തന്‍റെ നിയോഗത്തിനുവഴങ്ങി ഗ്ലക്ക് ഗ്ലക്ക് എന്ന് ഒച്ചയുണ്ടാക്കിത്തുഴഞ്ഞു പുറത്തേക്ക് വരാന്‍ വേണ്ടി കൊതിച്ചു കൊണ്ടുമിരുന്നു

കുറച്ചു നേരത്തിനുള്ളില്‍ നിര്‍മ്മലക്ക് താന്‍ ഒരു വലിയ മത്തങ്ങ ആയി രൂപം മാറി എന്ന് തോന്നി .നീര്‍വീഴ്ചയുള്ള കാലുകള്‍ ഇഴച്ചു അവള്‍ വീടിന്‍റെ ഓരോ കോണിലേക്കും ഉരുണ്ടു .തന്‍റെ ഉണ്ണി അക്ഷമനായി പുറത്തേക്ക് വരാന്‍ തിരക്ക് കൂട്ടുന്നത്‌ പുഞ്ചിരിയോടെ നിര്‍മ്മല അറിഞ്ഞു .അവള്‍ പതിയെ ഈ ലോകം കേള്‍ക്കാതെ ആ കുഞ്ഞിനോട് പറഞ്ഞു

"ഉണ്ണിക്കുട്ടാ ഒന്ന് കൂടെ ക്ഷമിക്കൂ "

അധിക നേരം ഒന്നും കാത്തിരിക്കേണ്ടി വന്നില്ല .നിര്‍മ്മല അസഹനീയമായ വേദനയുടെ കടലിളക്കങ്ങള്‍ അനുഭവിച്ചുതുടങ്ങി . അത് വരെ അറിയാത്ത നോവിന്‍റെ ഭൂഖണ്ഡങ്ങള്‍ അതവള്‍ക്കു കാണിച്ചു കൊടുത്തു .താന്‍ പല കഷണങ്ങളായി ചിതറിയെന്നും പിന്നെ യാതൊരു ക്രമവുമില്ലാതെ ഒത്തുചേര്‍ന്നു ഒരു അസംബന്ധ ചിത്രമായെന്നും അവള്‍ നിനച്ചു. വേദന ഒരു വലിയ തീക്കടലാണ്,നീന്തിക്കടക്കാനാവാത്തത് .എന്നിട്ടും ആ വേദനക്കായി അവള്‍ അദമ്യമായ ആവേശത്തോടെ ഇനിയുമിനിയും എന്ന് ആരോടെന്നില്ലാതെ കെഞ്ചി . നിലയ്ക്കാതെ അലച്ചു വന്ന വേദനയുടെ ഒരു തിരമാലയ്ക്കൊപ്പം ദൈവം കരഞ്ഞു കൊണ്ട് പുറത്തേക്ക് തല നീട്ടി ...

പൊക്കിള്‍ക്കൊടി പോലും മുറിക്കാതെ ചോരയിലും അഴുക്കിലും കിടന്നു കൈകാലിട്ടടിച്ച ദൈവത്തെ അരുമയോടെ അമ്മ വാരിയെടുത്തു . ആ പിഞ്ചു കുഞ്ഞു "കിള്ളെ കിള്ളെ" എന്ന് കരയുമ്പോഴും, ഒരേസമയം കരയുകയും ചിരിക്കുകയും ചെയ്തു കൊണ്ട് ഒരറപ്പും കൂടാതെ നിര്‍മ്മല ദൈവത്തെ വാരിയെടുത്തു ഉമ്മകള്‍ കൊണ്ട് മൂടി .

പിന്നെ തന്‍റെ വസ്ത്രം തെല്ലൊന്നു നീക്കി നിര്‍മ്മല ദൈവത്തിന്‍റെ ചോരിവായിലേക്ക് തന്‍റെ മുലക്കണ്ണുകള്‍ തിരുകിക്കൊടുത്തു .വാത്സല്യത്തിന്റെ മഴപെയ്യാന്‍ തുടങ്ങി .ദൈവത്തിന്‍റെ ആന്തരാവയവങ്ങള്‍ ഒക്കെ മുങ്ങിപ്പോകും വിധം നിര്‍മ്മലയില്‍ നിന്നും അമ്മിഞ്ഞപ്പാല്‍ പ്രവഹിച്ചു .ലോകത്തെ ഏറ്റവും മധുരമുള്ള ദ്രാവകം ഇനിപ്പോടെ ഉറുഞ്ചിക്കുടിച്ചു കൊണ്ട് ദൈവം അമ്മയുടെ കണ്ണുകളിലേക്ക് നോക്കി പുഞ്ചിരിച്ചു ,പിന്നെ നാണം പൂണ്ടു തന്‍റെ കണ്ണുകള്‍ അടച്ചു .കുസൃതിയോടെ ഒരു കണ്ണ് തുറന്നു നോക്കി .

നിര്‍മ്മല അതൊന്നും ശ്രദ്ധിച്ചതേയില്ല .അവള്‍ തന്‍റെ എല്ലാ പാശവും നേശവും പാലായി ഒഴുക്കി നിര്‍വൃതിയോടെ ശിശുവായി മാറിയ ദൈവത്തെ മാറോട്അടുക്കിപ്പിടിച്ചു ,ഒന്നും ചിന്തിക്കാതെ അനിര്‍ഗ്ഗളം സുഖാനുഭൂതിയില്‍ ഒഴുകി ..
മുലപ്പാലിന്‍റെ അവസാനത്തെ തുള്ളിയും ചുരന്നു കഴിഞ്ഞപ്പോള്‍ ദൈവത്തിനു വയര്‍ നിറഞ്ഞു എന്ന് നിര്‍മ്മലക്ക് ബോധ്യപ്പെട്ടു ..അര്‍ത്ഥരഹിതമായ ശബ്ദങ്ങള്‍ പുറപ്പെടുവിച്ചു കൊണ്ട് ദൈവം സംതൃപ്തിയോടെ മലര്‍ന്നു കിടന്നു കൈകാലുകള്‍ ഇളക്കി .
"അയ്യോ! ഊണ് തയ്യാറായില്ലല്ലോ"
അവള്‍ പിടഞ്ഞെഴുന്നേറ്റു അടുക്കളയിലേക്കൊടി .
       
          അടുക്കളയില്‍ എത്തിയില്ല വാശിയോടെ കുഞ്ഞിന്‍റെ കരച്ചിലുയര്‍ന്നു ."അയ്യോ കുട്ടാ അച്ഛനിപ്പോ വരും; പറ്റിക്കല്ലേ! "എന്ന് യാചിച്ചു കൊണ്ട് അമ്മ അവനടുക്കലേക്ക് ഓടിയെത്തി .അമ്മയെ കണ്ടതും ദൈവം കരച്ചില്‍ നിര്‍ത്തി .പക്ഷെ വീണ്ടും പോകാനായുമ്പോള്‍ അവന്‍ കരയാന്‍ തുടങ്ങി .ഒരു കളി പോലെ അവന്‍  അതാവര്‍ത്തിച്ചു കൊണ്ടിരുന്നു .

വികൃതി സഹിക്കാതെ കുഞ്ഞിനെ ഉറക്കാന്‍ അമ്മ തീരുമാനിച്ചു .താന്‍ അന്ന് വരെ പാടാത്ത, കേള്‍ക്കാത്ത ഒരു താരാട്ടു അമ്മ അവനു വേണ്ടി പാടിക്കൊടുത്തു .അതിന്‍റെ മാസ്മരികമായ ഈണത്തില്‍ മെല്ലെമെല്ലെ കുഞ്ഞ് ഉറക്കത്തിലേക്ക് വഴുതി വീണു .

ആശ്വാസത്തോടെ അമ്മ അടുക്കളയിലേക്കു നടന്നു .അവര്‍ക്ക് ഊണ് തയാറാക്കണമായിരുന്നു ,"കുഞ്ഞിന്‍റെ അച്ഛന്‍ വരും മുന്നേ എന്തെല്ലാം പണി തീര്‍ക്കണം ?" അപ്പോള്‍ കുറെ നാളുകള്‍ക്കു ശേഷം പൊടുന്നനെ അവളില്‍ മുളച്ച ഒരു ഉത്തരവാദിത്തം അവളെ ഓര്‍മ്മിപ്പിച്ചു. അടുക്കളയില്‍ ചെന്ന് പണികള്‍ ഒന്നൊന്നായി ചെയ്യാന്‍ തുടങ്ങിയില്ല,വികൃതിക്കുട്ടി ഉണര്‍ന്നു തൊട്ടിലില്‍ നിന്നിറങ്ങി ഓടിക്കളിക്കുന്ന ശബ്ദം കേള്‍ക്കാറായി ."കുട്ടാ ഓടല്ലേ വീഴും" എന്നൊക്കെ താക്കീതു ചെയ്തുകൊണ്ട് അവര്‍ കിടപ്പുമുറിയിലേക്ക് ചെന്നു.

ദൈവം വിചിത്രമായ ശബ്ദങ്ങള്‍ ഉണ്ടാക്കി കട്ടിലിനു ചുറ്റും ഓടുകയായിരുന്നു.പിന്നെ ലിവിംഗ് റൂമില്‍ സെറ്റിക്കും കസേരകള്‍ക്കും ഇടയില്‍ കിലുകിലെ ചിരിച്ചു കൊണ്ട് ,.തന്നെ പിടിക്കാനാഞ്ഞ അമ്മയെ കബളിപ്പിച്ചു ദൈവം അങ്ങോട്ടുമിങ്ങോട്ടും ഓടി .അമ്മ പിറകേയും .അവിടെ നിന്ന് സിറ്റ് ഔട്ടിലേക്ക് .പിന്നെ മുറ്റത്തേക്കു,..അമ്മ പിറകെയോടി .

പക്ഷെ മുറ്റത്ത് ചട്ടികളില്‍ അന്തൂറിയങ്ങള്‍ വളരുന്നതിനപ്പുറം, ചെറിയ ജലകന്യകയുടെ ശില്‍പ്പമുള്ള,അതവിടെ ഇല്ലെയെന്നു മീനുകള്‍ എത്തിനോക്കുന്ന കുളക്കരയില്‍ എത്തിയപ്പോഴേക്കും ദൈവം അപ്രത്യക്ഷന്‍ ആയി ,അപ്പോഴേക്കും ഒരു മണിക്കൂര്‍ തികഞ്ഞിരുന്നു .
അമ്മ സ്തബ്ദയായി. തന്‍റെ തലയില്‍ ഒരു വെള്ളിടി വന്നു വീണു എന്ന് അവര്‍ക്ക് തോന്നി .അവര്‍ കരയുകയും തലയിട്ടടിക്കുകയും ചെയ്തു .മണ്ണില്‍ പൊടിയില്‍ വീണുരുണ്ടു .വസ്ത്രങ്ങള്‍ ഒക്കെയും വലിച്ചു കീറി ."എന്‍റെ ഉണ്ണിയെ കാണാതെ എനിക്കീ പാഴ്ജീവന്‍വേണ്ടിനി " എന്ന് വിലപിച്ചു .ദൈവം വേദനയോടെ അതൊക്കെ കണ്ടു നില്‍ക്കുകയായിരുന്നു
."അയ്യോ അരുതേ അരുതേ അമ്മെ"
എന്ന് പറയാന്‍ ദൈവത്തിനു കൊതിയുണ്ടായിരുന്നു .അവര്‍ സ്വയമേല്‍പ്പിക്കുന്ന ഓരോ താഡനവും ദൈവത്തിന്‍റെ ശരീരത്തില്‍ വലിയ മുറിവുകള്‍ ആയി പ്രത്യക്ഷപ്പെട്ടു .അതില്‍ പുഴുക്കള്‍ നുരച്ചു.ഗത്യന്തരം ഇല്ലാതെ ദൈവം തന്‍റെ അമ്മക്ക് മുന്നില്‍ രണ്ടാമതും പ്രത്യക്ഷപ്പെട്ടു .

"എങ്ങോട്ടാ അമ്മയോട് ചോദിക്കാതെ പോയത് കുട്ടിക്കുറുമ്പാ? "
എന്ന് ചോദിച്ചു അമ്മ ദൈവത്തിനു ഒരു കുഞ്ഞടി വെച്ച് കൊടുത്തു.

"എന്നെ പ്രസവിച്ച അമ്മക്ക് എന്നെ അറിയില്ലേ ?എന്‍റെ നിയതികള്‍ അറിയില്ലേ ?എനിക്ക് പോകണം അമ്മെ,പോയെ തീരൂ "

ദൈവം ആവശ്യപ്പെട്ടു . അമ്മ വാശിയോടെ പറഞ്ഞു .
"ഇല്ല എന്‍റെ മകനാണ് നീ .എന്‍റെ അനുവാദമില്ലാതെ നിനക്ക്ഇനി എങ്ങോട്ടും പോകാന്‍ പറ്റില്ല"  .
"ഒരു മണിക്കൂര്‍ നേരത്തേക്ക് എന്നല്ലേ അമ്മ പറഞ്ഞത് .അതെപ്പോഴേ കഴിഞ്ഞു ?"
എത്ര കെഞ്ചിയിട്ടും അമ്മ ദൈവം പോകാന്‍ സമ്മതിച്ചില്ല .അല്ലെങ്കില്‍ ദൈവത്തിനൊപ്പം തന്നെക്കൂടി കൊണ്ട് പോകണം എന്ന് വാശി പിടിച്ചു.

"അമ്മക്ക് അവിടെ ഒരു ഇരിപ്പിടം തരാന്‍ പോലും എനിക്ക് പറ്റില്ല .എന്നെക്കാളും മുകളിലോ ഒപ്പമോ ആര്‍ക്കും ഇരിക്കാന്‍ കഴിയില്ല .എന്നാല്‍ എന്‍റെ അമ്മയെ ഞാന്‍ എനിക്ക് താഴെ എങ്ങനെ ഇരുത്തും?" ദൈവം ധര്‍മ്മ സങ്കടത്തോടെ ചോദിച്ചു .

അമ്മ ഒരു നിലക്കും വഴങ്ങില്ലെന്നു കണ്ടപ്പോള്‍ അവന്‍ ചിണുങ്ങിക്കരയാന്‍ തുടങ്ങി .അത് ഫലിച്ചു."അമ്മയല്ലേ?മനസ്സലിയാതിരിക്കുമോ?
അമ്മ സങ്കടത്തോടെയെങ്കിലും മകനെ പോകാന്‍ അനുവദിച്ചു .
പോകും മുന്നേ ദൈവം ഒരു കാര്യം കൂടി പറഞ്ഞു "ഇനിയൊരിക്കലും എന്നെ കാണണം എന്ന് പറയരുത് "അതിനു പകരമായി അമ്മയുടെ മനസ്സില്‍ അവന്‍ ശാന്തിയും സമാധാനവും നിറച്ചു കൊടുത്തു .അവന്‍റെ കൈ പിടിച്ചു മുറ്റത്തേക്ക് നടത്തി ഗേറ്റിനടുത്തുള്ള ഇലഞ്ഞി മരത്തിനടുതെത്തുമ്പോഴേക്കും ദൈവം വായുവില്‍ ലയിച്ചു .

           ഇനി കാണരുത് എന്നൊക്കെപ്പറഞ്ഞെങ്കിലും ,മറഞ്ഞെങ്കിലും ദൈവം പോയിട്ടുണ്ടായിരുന്നില്ല.ഇലഞ്ഞിമരത്തിന്‍റെ ചോട്ടില്‍ ഒളിച്ചു നിന്ന് അവന്‍ തന്‍റെ അമ്മയെ നോക്കുകയായിരുന്നു .തന്‍റെ അമ്മ അതിസുന്ദരിയാണെന്ന് അവനു തോന്നി .അവനു പോകാന്‍ മനസ് വരുന്നുണ്ടായിരുന്നില്ല .അവന്‍റെ ചുണ്ടില്‍ നിന്ന് അമ്മിഞ്ഞപ്പാലിന്‍റെ മധുരം മാറിയിരുന്നില്ല .അവര്‍ പാടിക്കേട്ട താരാട്ടിന്‍റെ ഈണം അവന്‍റെ മനസ്സില്‍ നിന്ന് മാഞ്ഞു പോയിരുന്നുമില്ല .

അമ്മയാവട്ടെ ,പിന്നെ ഒരു തുള്ളി കണ്ണുനീര്‍ പോലും പൊഴിക്കാതെ അടുക്കളയിലേക്കു പോയി തന്‍റെ പണികളില്‍ ഏര്‍പ്പെട്ടു .

അപ്പോഴാണ്‌ ഗേറ്റ് കടന്നു ഭര്‍ത്താവിന്‍റെ കാര്‍ വന്നത് .ഡോര്‍ വലിച്ചടച്ചു അയാള്‍ കിടപ്പുമുറിയിലേക്ക് കയറിപ്പോയി.ശബ്ദം കേട്ട് നിര്‍മ്മല ചെല്ലുമ്പോള്‍ അയാള്‍ കിടപ്പുമുറിയില്‍ ഇട്ടിരുന്ന കസേരയില്‍ ഇരുന്നു സോക്സ് ഊരുകയായിരുന്നു .അവര്‍ അയാളുടെ കുടയും ബാഗും യഥാസ്ഥാനങ്ങളില്‍കൊണ്ട് വെച്ചു.

"സര്‍പ്പകോപമാണത്രേ "തളര്‍ന്ന സ്വരത്തില്‍ അയാള്‍ ആരോടെന്നില്ലാതെ പറഞ്ഞു. അവര്‍ക്കെതിരെ ഇരിക്കുകയായിരുന്നത് കൊണ്ട് അയാളുടെ മുഖം അവള്‍ക്ക് കാണാന്‍ വയ്യായിരുന്നു ."കഴിഞ്ഞ വര്‍ഷമല്ലേ നമ്മള്‍ മണ്ണാരശ്ശാലയില്‍ അവരെ കൊണ്ടിരുത്തിയത്,ആരും നോക്കാനില്ലാതെ കിടന്നത് കൊണ്ട് അല്ലെ ഞാന്‍ അത് ചെയ്തത്?"

അയാളുടെ പരാതി കേട്ട് നിര്‍മ്മല പുഞ്ചിരിച്ചു .അവള്‍ കസേരയുടെ പിറകിലൂടെ അയാളുടെ കഴുത്തില്‍ കൈകള്‍ ചുറ്റി .പിന്നെ തന്‍റെ കീഴ്ത്താടി അയാളുടെ തലയില്‍ ഉറപ്പിച്ചു അയാളെ സമാധാനിപ്പിച്ചു .
"ദൈവത്തിനു നമ്മളോട് ഒരു ദേഷ്യവുമില്ല "

അയാള്‍ തല തിരിക്കാതെ തന്നെ മൂളി .അയാള്‍ നിര്‍ബന്ധിച്ചിട്ടാണ് തറവാട്ടിലെ സര്‍പ്പക്കാവ് ആരും നോക്കാനില്ലാതെ ക്ഷയിച്ചപ്പോള്‍ നഗത്താന്മാരെയൊക്കെ മണ്ണാരശ്ശാലയിലേക്ക് മാറ്റിയത് .പ്രശ്നം വെച്ചപ്പോള്‍ അതാണ്‌ അവര്‍ക്ക് കുട്ടികള്‍ ഉണ്ടാകാത്തതിന് കാരണം എന്ന് തെളിഞ്ഞത് അയാളുടെ മനസ്സിനെ വല്ലാതെ നോവിച്ചിരുന്നു .

"ഞാന്‍ ഒരു കാര്യം പറഞ്ഞാല്‍ ഏട്ടന്‍ വിശ്വസിക്കുമോ ?"
നിര്‍മ്മല ചോദിച്ചു .വീണ്ടുമൊരു മൂളല്‍ അയാളില്‍ നിന്നുയര്‍ന്നു .നിര്‍മ്മല നടന്നതെല്ലാം ഒന്നും വിടാതെ അയാളോട് പറഞ്ഞു തുടങ്ങി .എല്ലാം കേള്‍ക്കുമ്പോഴും അയാള്‍ ചിന്തിച്ചത് തന്‍റെ ഭാര്യക്ക്‌ സമനില തെറ്റിപ്പോയി എന്നാണ് ,അവള്‍ പറഞ്ഞതില്‍ ഒരു വരി പോലും അയാള്‍ക്ക് വിശ്വസിക്കാനായില്ല .

എങ്കിലും അവളുടെ തീവ്രമായ അനപത്യ ദുഖത്തിന് കാരണം താന്‍ ആണെന്ന് നിനച്ച അയാള്‍ അവളെ സമാധാനിപ്പിക്കാന്‍ ഒരുമ്പെട്ടു ."ഒക്കെ ശരിയാകും .നീ വിഷമിക്കാതെ" എന്നൊക്കെ തന്‍റെ ആവനാഴിയില്‍ ഇരിപ്പുണ്ടായിരുന്ന പാഴ്വാക്കുകള്‍ അയാള്‍ അതിനു വേണ്ടി ഉപയോഗിച്ചു .തന്നെ ഭര്‍ത്താവ് വിശ്വസിക്കുന്നില്ല എന്ന് കണ്ടപ്പോള്‍ നിര്‍മ്മലക്ക് ഒന്നും പറയേണ്ടിയിരുന്നില്ല എന്ന് തോന്നി.

 അയാളുടെ ഓരോ വിചാരങ്ങളും അവള്‍ക്കു വായിക്കാന്‍ കഴിയുമായിരുന്നു .താന്‍ പറഞ്ഞതൊന്നും അയാള്‍ വിശ്വസിച്ചിട്ടില്ല എന്ന് അവള്‍ക്കു മനസ്സിലായി .അവള്‍ തന്‍റെ കൈകള്‍ മണത്തുനോക്കി അപ്പോഴും തന്‍റെ കുഞ്ഞിന്‍റെ  പാല്‍മണം അവളെ വിട്ടുപോയിരുന്നില്ല .അവളുടെ മുലകള്‍ ചുരന്നു നീര് കെട്ടിത്തുടങ്ങിയിരുന്നു.വീണ്ടും ദൈവത്തിനു വിശക്കുന്നുണ്ടായിരിക്കും എന്ന് അവള്‍ ചിന്തിച്ചു .എന്തായാലും താന്‍ കണ്ടത് ഒരു വിഭ്രമക്കാഴ്ച്ച അല്ല എന്ന് അയാളെ വിശ്വസിപ്പിക്കാന്‍ അവള്‍ ഒരുമ്പെട്ടു .

"നോക്കൂ ദാ ഇവിടെ വെച്ചാണ് അവന്‍ എന്നില്‍ വന്നു പിറവി കൊണ്ടത്‌ ,ദാ ഈ തൊട്ടിലില്‍ ആണു ഞാന്‍ അവനെ ഉറക്കിക്കിടത്തിയത് ,ഇതാ ഈ പാത്രത്തിലാണ് ഞാന്‍ അവനു ഇങ്ക് കുറുക്കിയത്"

എന്നൊക്കെ ഓരോന്നായി അയാളെ വിശ്വസിപ്പിക്കാനായി അവള്‍ എടുത്തു കാട്ടി .അപ്പോഴാണ്‌ മുറി മുഴുവന്‍ അലങ്കോലമായിക്കിടക്കുന്നത് അയാള്‍ ശ്രദ്ധിച്ചത് .സെറ്റിയില്‍ ഒരു സ്റ്റീല്‍ ഡവറയില്‍ കുറുക്കു കുറച്ചു ഉപയോഗിച്ച് ബാക്കി വെച്ചത് ആന്ദോളനം നിലയ്ക്കാതെ  ഒരു തൊട്ടില്‍,സെറ്റിയിലെവിരികള്‍വെറും നിലത്തും ,കുഷനുകള്‍ ഒക്കെ സ്ഥാനം തെറ്റിയും,തലകുത്തിക്കിടക്കുന്ന രണ്ടു കളിപ്പാട്ടങ്ങള്‍ അങ്ങനെ മുറി ഒരു ബുള്‍ഡോസര്‍ കേറിയിറങ്ങിയത് മാതിരിയായിരുന്നു. 

  അയാള്‍ക്ക്തോന്നിയത് ഏതോ മതിഭ്രമത്തിന്‍റെ ചിറകിലേറി നിര്‍മ്മല തന്നെ കാട്ടിക്കൂട്ടിയതാണ് അതൊക്കെ എന്നാണ് .അവളെ അയാള്‍ സൂക്ഷിച്ചു നോക്കി . നിര്‍മ്മലയുടെ കണ്ണില്‍ അയാള്‍ കണ്ട  തിളങ്ങുന്ന  നക്ഷത്ര കോടികള്‍ ചിത്തഭ്രമത്തിന്‍റെത് ആണ് എന്ന്അയാള്‍ ധരിച്ചു വശായി.

അവള്‍  ഉല്ലാസവതിയാണ്എന്നതും അയാളുടെ സംശയത്തിന്‍റെ ആക്കം കൂട്ടി.എന്നാല്‍  അയാള്‍  തന്നെ  വിശ്വസിക്കാതിരുന്നതിനെക്കാളും അവളെ വേദനിപ്പിച്ചത് താന്‍ അനുഭവിച്ചു വന്ന ആ ഒരു മണിക്കൂറിന്‍റെ സഫലതകള്‍ അത്രയും   വെറുമൊരു മായക്കാഴ്ച ആയിരുന്നിരിക്കാം എന്ന സാധ്യതയാണ് അങ്ങനെ ആവുന്നതിനെക്കാളും നല്ലത് താന്‍ മരിക്കുന്നതാണ് എന്ന് അവള്‍ക്കു തോന്നി .അയാളെ വിശ്വസിപ്പിക്കുന്നതിനെക്കാളും അപ്പോള്‍ അതൊക്കെ സത്യത്തില്‍ സംഭവിച്ചതാണ് എന്ന്അവള്‍ക്കുതന്നെത്താനെ വിശ്വസിപ്പിക്കേണ്ടിയിരുന്നു .
എന്തോ ഓര്‍ത്ത്‌ നിര്‍മ്മല ഒടുവില്‍ അയാളെയും വലിച്ചു കൊണ്ട് മുററത്തെക്കോടി .
ഇലഞ്ഞിമരത്തിന്‍റെ ചോട്ടില്‍ അയാളെ കൊണ്ട് നിര്‍ത്തി അവര്‍ പറഞ്ഞു .
"ദേ ഇവിടെ വെച്ചാണവനെ കാണാതായത് .ഈ ഇലഞ്ഞിയുടെ അടുത്തു വെച്ച് "അയാള്‍ക്ക്‌ എന്നിട്ടും സംശയം തീര്‍ന്നില്ല .അവിശ്വാസം സ്ഫുരിക്കുന്ന മുഖത്തോടെ അയാള്‍ അവളെ തുറിച്ചു നോക്കി .ഇലഞ്ഞിയുടെ മുകളിലേക്ക് നോക്കി അവള്‍ വിളിച്ചു .
"ഉണ്ണിക്കുട്ടാ "
മറുപടിയുണ്ടായില്ല 
"ദേ നിന്‍റെ അച്ഛന്‍ വന്നിരിക്കുന്നു ,ഒരിക്കല്‍ കൂടി ഒന്ന് വാ ഉണ്ണിക്കുട്ടാ ,അമ്മയുടെ പുന്നാര മുത്തല്ലേ.ഒരു പ്രാവശ്യത്തേക്ക് കൂടി മാത്രം ഒന്ന് വാ "
നേരത്തെ കൊടുത്ത വാഗ്ദാനം ഒക്കെ മറന്നു അവര്‍ യാചിച്ചു  .ഒരു മറുപടിയും ഉണ്ടായില്ല .അവര്‍ കരഞ്ഞു കൊണ്ട് ശിരസ്സില്‍ തല്ലി .എന്തൊക്കെ ചെയ്തിട്ടും  ദൈവം വന്നില്ല.

പക്ഷെ മണ്ണിനടിയില്‍ നിന്ന് ഒരു മുല്ലത്തൈ ,ഇലഞ്ഞിചോട്ടില്‍ നാമ്പിട്ടു .പിന്നെ ഓരില ഈരില എന്ന് ഞൊടിയിടയില്‍ മുല്ല വള്ളി ഇലഞ്ഞിയില്‍ പടര്‍ന്നു കയറി .ഇലഞ്ഞിയുടെ ഒരില പോലും കാണാന്‍ പറ്റാത്ത വിധം അത് ക്ഷണ നേരം കൊണ്ട് ഇറുങ്ങെ പൂത്തു .ഒരു ചെറുകാറ്റ് പോലും ഇല്ലാതിരുന്നിട്ടും മുല്ലപ്പൂക്കള്‍ അവര്‍ക്ക് മീതെ തുരുതുരാ പൊഴിയാന്‍ തുടങ്ങി.ആ നിമിഷം എല്ലാ സങ്കടങ്ങളും സംശയങ്ങളും അയാളില്‍ നിന്ന് പോയി മറഞ്ഞു .വല്ലാത്ത ഒരു ആശ്വാസം അയാള്‍ക്കും തോന്നി .അയാളുടെ തോളില്‍ തല ചായ്ച്ചു അകത്തേക്ക് നടക്കുമ്പോള്‍ അവള്‍ അഭിമാനത്തോടെ പറഞ്ഞു 

"അവനു നിങ്ങളുടെ അതേ ഛായ ആയിരുന്നു ."
അയാള്‍സന്തോഷം നിറഞ്ഞ ഒരു പുഞ്ചിരിയോടെ അവളെ തന്നോട്  ചേര്‍ത്തു പിടിച്ചു .

(മഴവില്ല് ഓണ്‍ലൈന്‍ മാഗസിനിലും തര്‍ജ്ജനി മാസികയിലും പ്രസിദ്ധീകരിച്ചത് )