എതിരെയുള്ള ഫ്ലാറ്റിലെ താമസക്കാര്‍ ഒഴിഞ്ഞതിന്റെ അടുത്ത ദിവസമാണ് കിഴവനും കിഴവിക്കും വിവാഹമോചനം അനുവദിച്ചു കിട്ടിയത് ആ ഫ്ലാറ്റ് തന്നെ വാടകയ്ക്ക് എടുക്കാന്‍ കിഴവന് സൌകര്യമായി.അതയാളുടെ വാശി ആയിരുന്നു താനും . വിവാഹമോചനത്തിനായി അവര്‍ രണ്ടു പേരും ഉന്നയിച്ച ന്യായങ്ങള്‍ പോലെ ബാലിശമായ ഒന്ന് .
കോടതിക്ക് മുന്‍പാകെ ഭാര്യ പറഞ്ഞു
"ഇയാള്‍ എന്നെ ഒരു വിധത്തിലും സഹായിക്കാറില്ല .എപ്പോഴും ചാരുകസേരയില്‍ രണ്ടു കാലുകളും ഉയര്‍ത്തിവെച്ച് ആജ്ഞകള്‍ പുറപ്പെടുവിക്കുക മാത്രമാണിയാളുടെ പണി . അടുക്കളയിലും ഫ്ലാറ്റിലും ഉഴച്ചുഴച്ച് എനിക്കു മതിയായി ,എത്ര നാളായെന്നോ ഞാന്‍ ശരിക്കൊന്നുറങ്ങിയിട്ട് ? അത് മാത്രമല്ല ഈ മനുഷ്യനു വെളിച്ചം പേടിയാണ് .ലിവിംഗ്റൂമിലെ ജനാലകള്‍ എല്ലായ്പ്പോഴും അടച്ചിടും .വെളിച്ചം കയറാതെ എന്റെ മനസ്സ് പ്രേതാലയം പോലെ ആയി മാറിയിരിക്കുന്നു ."
ഭര്‍ത്താവ് പറഞ്ഞത് :
വിവാഹം കഴിഞ്ഞ അന്ന് മുതല്‍ മധുരം കഴിക്കാന്‍ ഈ സ്ത്രീ എന്നെ സമ്മതിക്കാറില്ല.നാവിനോടും ഹൃദയത്തോടും അടങ്ങി നില്ക്കാന്‍ എത്ര നാള്‍ ഞാന്‍ ആവശ്യപ്പെടും ?ജോലിയില്‍ സഹായിക്കാന്‍ ആഗ്രഹമില്ലാഞ്ഞിട്ടല്ല.പക്ഷേ ദിവസം മുഴുവനും ടി വിയിലെ വിനോദ പരിപാടികള്‍ കാണല്‍ മാത്രമാണു ഇവളുടെ ജോലി .ചാനല്‍ മാറ്റാന്‍ പോലും എന്നെ അനുവദിക്കാറില്ല.പുറം ലോകത്തെ വാര്‍ത്തകള്‍ ഒന്നുമറിയാതെ എന്റെ മനസ്സ് തുരുമ്പിച്ച ഒരു താഴ് പോലെയായിത്തീര്‍ന്നിരിക്കുന്നു .ടി വി യുടെ റിമോട്ട് അമര്‍ത്താന്‍ ഉള്ള സ്വാതന്ത്ര്യം എങ്കിലും എനിക്കു മരിക്കും മുന്നേ ആസ്വദിക്കണം.അത് മാത്രമല്ല വ്യാഴാഴ്ചതോറും വരാറുള്ള ഭിക്ഷക്കാരിക്ക് വീട്ടിലുള്ള പണം മുഴുവന്‍ വാരിക്കൊടുക്കലാണ് ഇവളുടെ പണി .ഇക്കണക്കിന് ഞാനും താമസിയാതെ ഭിക്ഷക്ക് ഇറങ്ങേണ്ടി വരും ! .
ജഡ്ജ് വിവാഹമോചനം അനുവദിച്ചു .
വിവാഹം കഴിഞ്ഞു വിദേശത്ത് താമസിക്കുന്ന മകള്‍ നല്ലൊരു തുക അയച്ചു കൊടുക്കാറുണ്ടായിരുന്നത് കൊണ്ട് ഭാര്യക്കും പെന്‍ഷന്‍ ഉണ്ടായിരുന്നത് കൊണ്ട് ഭര്‍ത്താവിനും പണത്തിന് യാതൊരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല .
വിവാഹമോചനം കഴിഞ്ഞ ആദ്യ ദിവസം തന്നെ ആശ്വാസത്തോടെ ഭാര്യ എല്ലാ ജനാലകളും തുറന്നിട്ടു. "ഞാന്‍ ജീവിതം ആസ്വദിക്കാന്‍ പോകുന്നു .ഇന്ന് മുഴുവന്‍ ഞാന്‍ ജോലി ഒന്നും എടുക്കാതെ ഉറങ്ങും ."അവര്‍ ആഹ്ളാദത്തോടെ വിചാരിച്ചു . വിശ്രമിക്കുന്നതിനായി ഇടം തേടവേ ഭര്‍ത്താവിന്റെ ചാരുകസേര കണ്ണില്‍പ്പെട്ടു .
"എന്തിനാണ് ഞാന്‍ മറ്റൊരിടം അന്വേഷിക്കുന്നത് ?ഇനി ഞാന്‍ തന്നെ അല്ലയോ ഈ വീട്ടിലെ അധികാരി ?"
എന്നും ഭയത്തോടെ മാത്രം കണ്ടിരുന്ന ആ കസേര അന്ന് അനല്‍പ്പമായ ശാന്തിയും സമാധാനവും അവര്‍ക്ക് നല്‍കി .പക്ഷേ തുറന്നിട്ട ജനാലയിലൂടെ കടന്നു വന്നിരുന്ന പ്രകാശത്തിന്റെ ഒരു ചീള് അവരെ ഉറങ്ങുന്നതില്‍ നിന്നും തടഞ്ഞു .കുപിതയായ അവര്‍ ജനാലകളെല്ലാം അടച്ച് വീണ്ടും സ്വസ്ഥമായി ഉറങ്ങാന്‍ തുടങ്ങി.താന്‍ കസേര മാറ്റിയിടുകയോ സ്വയം മാറുകയോ ആണ് ചെയ്യേണ്ടിയിരുന്നതെന്നൊന്നും അവരപ്പോള്‍ ഓര്‍ക്കുകയുണ്ടായില്ല.
ഭര്‍ത്താവ് തന്റെ ഫ്ലാറ്റില്‍ പുതുതായി വാങ്ങിയ ടി വി യില്‍ വാര്‍ത്തകള്‍ കാണാന്‍ ശ്രമിക്കുകയായിരുന്നു .അയാളും വലിയ ആശ്വാസത്തിലായിരുന്നു . ടീപ്പോയില്‍ ഒരു തട്ടം നിറയെ ലഡ്ഡുവും മധുരപലഹാരങ്ങളും വെച്ചിരുന്നു .പക്ഷേ ആദ്യത്തെ ലഡ്ഡു കഴിക്കേ തന്നെ അയാള്‍ക്ക് ചെടിച്ചു .ഓരോ മധുരത്തുള്ളിയും നാവിലേ രസമുകുളങ്ങളിലേക്ക് വെടിയുതിര്‍ക്കുന്നത് പോലെയാണ് അയാള്‍ക്ക് തോന്നിയത് .
റിമോട്ട് ഹാങ് ആയതിനാല്‍ ഒരു മ്യൂസിക് ചാനലില്‍ കുടുങ്ങിക്കിടന്ന ചാനല്‍ മാറ്റാന്‍ അയാള്‍ എത്ര ശ്രമിച്ചിട്ടും കഴിഞ്ഞില്ല .ഗ്ലൂമി സണ്‍ഡേ എന്ന ഗാനത്തെക്കുറിച്ചുള്ള ഒരു പരിപാടി ആയിരുന്നു അപ്പോള്‍ നടന്നു കൊണ്ടിരുന്നത് . "നിങ്ങള്‍ക്ക് വേണ്ടത്ര മനോധൈര്യമില്ലെങ്കില്‍ ഈ ഗാനം കേള്‍ക്കരുത് .ഇത് കേട്ടവരില്‍ ഭൂരിഭാഗം പേരും ആത്മഹത്യ ചെയ്യുകയോ മനോരോഗികളാവുകയോ ചെയ്തിട്ടുണ്ട് "അവതാരകന്‍ ഭീഷണി സ്വരത്തില്‍ മുന്നറിയിപ്പ് നല്‍കി. അനന്തരം വിരഹസാന്ദ്രമായ ആ പ്രണയ ഗാനം പ്ലേ ചെയ്യപ്പെട്ടു.
മരിച്ചു പോയ തന്‍റെ പ്രണയിനിയ്ക്ക് വേണ്ടി കാത്തിരിക്കുന്ന ഒരു കാമുകന്റെ നോവുകളായിരുന്നു ആ ഗാനത്തിന്റെ ഉള്ളടക്കം .അത് കേള്‍ക്കെ വൃദ്ധനെ കൊടിയ വിഷാദം ഗ്രസിച്ചു. തങ്ങളുടേതും ഒരു പ്രണയവിവാഹമായിരുന്നു എന്നയാള്‍ക്കോര്‍മ്മ വന്നു . പക്ഷേ വിവാഹത്തിന് ശേഷം താന്‍ ഒരിയ്ക്കലും സ്നേഹിക്കപ്പെടുകയോ സ്നേഹിക്കുകയോ ചെയ്തിട്ടില്ല എന്ന ചിന്ത അയാളെ നിരാശനാക്കി .നിരര്‍ത്ഥകമായ ഈ ജീവിതം ഇനിയും തുടരൂന്നതിനെക്കാള്‍ ഭേദം ആത്മഹത്യ ചെയ്യുന്നതാണെന്ന വിചാരം അയാളില്‍പ്പടര്‍ന്നു .ഇരുളും ഈര്‍പ്പമുള്ള കെടുമ്പിച്ച വായുവും ചേര്‍ന്ന് തന്നെ ശ്വാസം മുട്ടിച്ചു കൊല്ലുമെന്നും അയാള്‍ ഭയപ്പെട്ടു . ജീവഭയത്താലെ വെപ്രാളം പൂണ്ടയാള്‍ ഫ്ലാറ്റിന്‍റെ വാതായനങ്ങളെല്ലാം തുറന്നിട്ടു .
വലിയ ശബ്ദമുണ്ടാക്കിക്കൊണ്ട് ദൂരെ നിന്നൊരു ഹെലികോപ്ടര്‍ പറന്നു വരുന്നത് അയാള്‍ക്ക് കാണാനായി .ആശയുടെ ഒരു പൊതി അതില്‍ നിന്നു ആരെങ്കിലും തനിക്കെറിഞ്ഞു തരുമെന്നു വെറുതെ അയാള്‍ക്ക് തോന്നി .പക്ഷേ ഒന്നുമുണ്ടായില്ല . ഇരമ്പം ബാക്കിയാക്കി മെല്ലെ മെല്ലെ ആ ആകാശപ്പറവ മറഞ്ഞു പോയി . കാറ്റും വെളിച്ചവും സമൃദ്ധമായി മുറിയിലൊഴുകിയിരുന്നെങ്കിലും അയാള്‍ക്ക് തന്റെ ആധികളില്‍ നിന്നപ്പോഴും കരകയറാനായില്ല.തന്റെ നിഷ്പ്രയോജനമായ ജീവിതം അവസാനിപ്പിക്കുകയല്ലാതെ വേറെ വഴിയിലല്ലല്ലോ എന്നയാള്‍ പരിതപിച്ചു.
വെറുതെ ജനിച്ച് ജീവിച്ച് വെറുതെ തന്നെ താന്‍ മരിച്ചു പോകുന്നുവല്ലോ താണെന്നോര്‍ത്തു ഖിന്നനായ അയാളുടെ മുന്നിലേക്കാണ് ദൂരെ നിന്നും അയാളുടെ വീട്ടില്‍ പതിവായി വരാറുള്ള ആ ഭിക്ഷക്കാരി നടന്നെത്തിയത് ."ഹാ ,എന്റെ ദു:ഖത്തിനുള്ള ഉത്തരം ഞാന്‍ കണ്ടെത്തി ,"ഒരു രക്ഷാമാര്‍ഗ്ഗം മുന്നില്‍ത്തെളിഞ്ഞ ആശ്വാസത്തോടെ അയാള്‍ സ്വയം പറഞ്ഞു ."ഇന്നവര്‍ക്ക് അപ്രതീക്ഷിതമായ ഒരു സമ്മാനം ഞാന്‍ കൊടുക്കും"തന്റെ പക്കലുണ്ടായിരുന്ന മുഴുവന്‍ പണവും മധുരപലഹാരങ്ങളും കയ്യിലേന്തി അയാള്‍ ആ ഭിക്ഷുകി വാതിലില്‍ മുട്ടുന്നത് ആകാംക്ഷയോടെ കാത്തു നിന്നു .