എന്‍റെ പുതിയ കഥാ സമാഹാരം കുരുവിയുടെ റിപ്പബ്ലിക്ക് സൂചിക ബുക്സ് പ്രസിദ്ധീകരിക്കുന്നു . വാങ്ങാൻ 9562540981 ലേക്ക് വാട്സപ്പ് ചെയ്യൂ

Saturday, December 29, 2012

ഇതാണോ സര്‍ നരകം ??




അതിനെപ്പറ്റിയാണ് ,ഡല്‍ഹി സംഭവത്തെത്തന്നെ .മനസ്സാക്ഷിയുള്ള ഏതൊരാളെയും ആഴത്തില്‍ സ്പര്‍ശിച്ച ആ സംഭവം സ്ത്രീകളെയും കുട്ടികളെയും പറ്റിയുള്ള നമ്മുടെ കാഴ്ചപ്പാടുകളില്‍ മാറ്റം വരുത്താന്‍ സമയമായെന്നു തെളിയിക്കുന്നു .

ഈ സംഭവം നടന്നതിനു ശേഷം പലരും ബലാല്‍സംഗം
നടന്നത് സ്ത്രീകളുടെ വസ്ത്രധാരണത്തിലെ പിഴവുകള്‍ കൊണ്ടാണെന്നും പ്രതിഷേധങ്ങള്‍ നടത്തുന്നവര്‍ ജാതി മത ചിന്തകള്‍ മൂലം ആണ് അതിനിറങ്ങിത്തിരിച്ചതെന്നും സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലും മറ്റും അലയടിച്ച പ്രതിഷേധം തികച്ചും ഉപരിപ്ലവം ആണെന്നും വാദിക്കുകയുണ്ടായി .അത്തരം ചിന്താഗതിക്കാര്‍ ഇനി തുടര്‍ന്ന് വായിക്കേണ്ടതില്ല .എന്തെന്നാല്‍ അവര്‍ ഒക്കെയും പരോക്ഷമായി ബലാല്‍സംഗത്തെ ന്യായീകരിക്കുകയാണ് ചെയ്യുന്നത് .


കുറച്ചു ദിവസം മുന്‍പ് വരെ ഞാനും അവരെ പോലെ തന്നെയായിരുന്നു .അവര്‍ പറഞ്ഞ ന്യായങ്ങളില്‍ ഒക്കെ കുറച്ചു കാര്യം ഉണ്ടെന്നും ഞാന്‍ കരുതിയിരുന്നു .കുറെ നാള്‍ മുന്‍പ്  ഒരു പക്ഷെ ഇതേ പോലെ തന്നെ, ഒരു പക്ഷെ ഇതിനെക്കാളും പൈശാചികമായി സൌമ്യ എന്ന പെണ്‍കുട്ടി കൊല ചെയ്യപ്പെട്ടപ്പോള്‍ ഇതേ വാദങ്ങള്‍ ഉയര്‍ന്നിരുന്നു എന്നത് മറക്കാതിരിക്കാം .

ആ സംഭവത്തിനു ശേഷം ഒരു പക്ഷെ ഞാനടക്കമുള്ള സമൂഹം ജാഗരൂകമായിരുന്നു എങ്കില്‍ ഒരിക്കലും അത്തരം ഒരു പൈശാചികത സംഭവിക്കില്ലായിരുന്നു .എങ്കിലും അന്ന് നമ്മുടെ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ്സൈറ്റുകളിലും മറ്റു പ്രതികരണ വേദികളിലും പ്രതിഷേധം ആഞ്ഞടിച്ചതു കുടുംബത്തിനു കുറച്ചെങ്കിലും നീതി കിട്ടാന്‍ സഹായകമായി എന്ന് ഞാന്‍ കരുതുന്നു

  എന്ത്കൊണ്ടാണ് കുറേക്കാലമായി (കൃത്യമായി പറഞ്ഞാല്‍ ഒരു കഴിഞ്ഞ ഒരു പത്തു വര്‍ഷത്തിനിപ്പുറം )സ്ത്രീകള്‍ക്കെതിരെയുള്ള പീഡനങ്ങള്‍ ,കുട്ടികള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ ,ദുര്‍ബ്ബലരായവര്‍ക്ക് നേരെയുള്ള ക്രൂരകൃത്യങ്ങള്‍ ഇത്രയേറെ വര്‍ദ്ധിച്ചത് ?എല്ലായ്പ്പോഴും വധശിക്ഷ നല്‍കണം ,കിഷ്ണാപ്പി ചെത്തണം ,നാട് കടത്തണം എന്നൊക്കെ അഭിപ്രായങ്ങള്‍ തട്ടി വിടുമ്പോഴും ആരും എന്ത് കൊണ്ട് ഇങ്ങനെ ് സംഭവിച്ചു എന്ന് ചിന്തിക്കുന്നതായി കണ്ടിട്ടില്ല .

ഇത്തരം സംഭവങ്ങളില്‍ ക്രിയാത്മകമായി ചിന്തിക്കുവാന്‍ ,പരിഹാര നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുവാന്‍ ഒക്കെയല്ലെങ്കില്‍ പിന്നെ എന്തിനാണ് നമുക്ക് ബുദ്ധിജീവികള്‍ ?സാംസ്കാരിക നായകര്‍ ?

     സമൂഹം ഇല്ലാതായത് തന്നെയാണ് ഇത്തരം പൈശാചികതയുടെ പ്രധാനകാരണങ്ങളില്‍ ഒന്നാമത്തേത് .രാവിലെ ചായക്കടയില്‍ ഒരു ആപ്പ് ചായ കുടിച്ചു കൊണ്ട് പത്രത്തിലെ വിശേഷം ചവച്ചു കൊണ്ട് ലോകത്ത് നടക്കുന്ന ഓരോ കാര്യങ്ങളിലും അഭിപ്രായം പറയുകയും അവയെക്കുറിച്ച് കൂലങ്കഷമായി ചിന്തിക്കുകയും ചെയ്തിരുന്ന ജോലിസ്ഥലത്ത് ഇളവില്ലാതെ വേല ചെയ്യുമ്പോഴും കൂടെയുള്ളവരെ കുറിച്ച് ഓര്‍മ്മിച്ചിരുന്ന ,തീര്‍ത്തും അപരിചിതന്‍ ആയ ഒരാള്‍ ആണെങ്കിലും അപകടത്തില്‍ പെടുമ്പോള്‍ ഓടിയെത്തിയിരുന്ന ,വൈകുന്നേരം കള്ളുഷാപ്പില്‍ അന്തിയടിച്ചു വേദനകളെ നാട്ടുശീലുകളില്‍ ഒരുമയോടെ പാടി വേര്‍പ്പിച്ചു കളഞ്ഞിരുന്ന ആ സമൂഹം പ്രിയ സുഹൃത്തെ മരിച്ചു പോയിരിക്കുന്നു.


ആ സമൂഹം ആണ് സര്‍ക്കാരുകളെക്കാള്‍ കൂടുതല്‍ നിയമ വാഴ്ച ഉറപ്പു വരുത്തിയിരുന്നത് .സര്‍ക്കാരുകള്‍ക്ക് പരിമിതികളുണ്ട് ,ഓരോ പൌരന്റെയും സുരക്ഷ ഉറപ്പാക്കുക ഭരണ കൂടത്തിനുഒരിക്കലും അത്രയെളുപ്പം പ്രായോഗികമാകയില്ല .

അതുമല്ല എല്ലാ കുറ്റകൃത്യങ്ങളെയും സര്‍ക്കാര്‍ പ്രതിരോധിക്കുന്നത് മറ്റൊരു കുറ്റകൃത്യം കൊണ്ടാണ് .തടവിലിട്ടു കൊണ്ട് ,അല്ലെങ്കില്‍ കൊല ചെയ്തു കൊണ്ട് ..ശക്തനായ ഒരാള്‍ ദുര്‍ബ്ബലനായ ഒരാളെ ആക്രമിക്കുമ്പോള്‍ കൂടുതല്‍ ശക്തനായ സര്‍ക്കാര്‍ അതെ കൃത്യം കൊണ്ട് തന്നെ പ്രതിരോധിക്കുന്നു .എന്നാല്‍ സമൂഹം അങ്ങനെയല്ല .അത് കുറ്റവാളിയില്‍ ഭയം സൃഷ്ടിക്കുന്നതെയുള്ളൂ .ശിക്ഷിക്കുന്നതുമില്ല .

നാം ഓരോരുത്തരും പണത്തെ പ്രണയിക്കുന്ന ,ആരാധിക്കുന്ന ,കാമിക്കുന്ന പിശാചുക്കള്‍ ആയി മാറിയിരിക്കുന്നു .പണമാണ് ദൈവം,പണമാണ് ലോകം ,പണമാണ് ശരീരം ,പണമാണ് എല്ലാം പണമാണ് എല്ലാം .

അങ്ങനെയല്ലെങ്കില്‍ ആലോചിച്ചു നോക്കൂ ,ഇത്രയും ഭീകരമായ ഒരു ആക്രമണത്തിനെതിരെ പ്രതിഷേധിക്കാന്‍ വെറും പതിനായിരം പേരാണ് ലോകത്തെ ഏറ്റവുംജനസംഖ്യയുള്ള രാജ്യത്ത് ഒരുമിച്ചു കൂടിയത് .ബാക്കി നൂറ്റി പത്തൊമ്പത് കോടി തൊണ്ണൂറ്റൊമ്പത്‌ ലക്ഷത്തി തൊണ്ണൂറായിരം പേരും ഒന്നുകില്‍ ബലാല്‍സംഗം ചെയ്തു കൊണ്ടിരുന്നു , അവയുടെ വാര്‍ത്തകള്‍ കണ്ടു ആസ്വദിച്ചു കൊണ്ടിരുന്നു ,അതുമല്ലെങ്കില്‍ കണ്ണടച്ച് ബാലാല്സംഗികളെ രക്ഷിക്കാന്‍ ഉള്ള ന്യായങ്ങള്‍ ചമച്ചു .അങ്ങനെ പലവട്ടം പിന്നെയും ആ സാധു ജീവിയെ പ്രാപിച്ചു കൊണ്ടുമിരുന്നു (ഞാനടക്കം )


കുടുംബബന്ധങ്ങളില്‍ ഉണ്ടായ തകര്‍ച്ച ആണ് ഈ നാണക്കേടിന്റെ മറ്റൊരു കാരണം ,ദുര മൂത്ത് നിര്‍വ്വചിക്കാന്‍ പോലും കഴിയാത്ത വിധത്തില്‍ എന്തൊക്കെയോ വാരിക്കൂട്ടാന്‍ ആര്‍ത്തിയോടെ പായുന്ന തെണ്ടിപ്പരിഷകള്‍ ആയിരിക്കുന്നു നാം .മറ്റാരെയും നമുക്ക് കാണേണ്ടതില്ല ,കേള്‍ക്കേണ്ടതില്ല,അറിയേണ്ടതില്ല,ഇല്ലത്ത് നിന്നിറങ്ങുകയും
ചെയ്തു അമ്മാത്ത് എത്തിയതുമില്ല എന്നതാണ് നമ്മുടെ സ്ഥിതി ഇപ്പോള്‍ .ഇന്ത്യന്‍ പാശ്ചാത്യ സംസ്കാരങ്ങളുടെ ഒരുമയില്ലാത്ത കൊളാഷ് ആണ് നാം ഇപ്പോള്‍ കൊണ്ട് നടക്കുന്നത് .

ഓരോ കുടുംബവും , സുരക്ഷിതം എന്ന് നിങ്ങള്‍ ഇപ്പോള്‍ ഉള്ളില്‍ രഹസ്യമായി ചിരിച്ച നിങ്ങളുടെ കുടുംബം പോലും ചങ്ങാതീ വെറുമൊരു ലോഡ്ജാണ്,ഏതു തെരുവ് ഗുണ്ടക്കും നാല് കൂട്ടുകാരോടൊപ്പം നിഷ്പ്രയാസം ചവിട്ടിത്തുറക്കാവുന്ന ഒന്ന് .ഒരു പക്ഷേ സഹായത്തിനു നിങ്ങള്‍ കരഞ്ഞു വിളിക്കുമ്പോഴേ നിങ്ങള്‍ അറിയൂ ,നിങ്ങളുടെ കഴുത്തില്‍ തൊട്ടു നില്‍ക്കുന്ന കത്തിപ്പിടി നിങ്ങളുടെ മകന്‍റെ കയ്യിലാണെന്നു ,നിങ്ങളുടെ മകള്‍ ആണ് നിങ്ങള്‍ക്ക് നേരെ പണം ആവശ്യപ്പെട്ടു ചാട്ട ചുഴറ്റുന്നതെന്നു !നിങ്ങളുടെ ഭാര്യ ആണ് നിങ്ങള്‍ വീട്ടില്‍ ഉള്ള സമയം കൃത്യമായി പറഞ്ഞു കൊടുത്തതെന്ന് !


  കമ്പോളസംസ്കാരം വാരിപ്പുണര്‍ന്ന രാജ്യങ്ങളിലെ മഹാമാരികള്‍ ആയിരുന്നു ഇവയെല്ലാം .നാം പണ്ട് കേട്ടിരുന്നത് അങ്ങനെയാണ് ,അവിടെയുള്ളവര്‍ ഇത്തരം പൈശാചികതകള്‍ മടുത്തു നാം മഹനീയം എന്നു കൊട്ടിഗ്ഘോഷിക്കുന്ന നമ്മുടെ മഹാ സംസ്കാരം തേടിയെത്തുന്നു ,നാം ആവട്ടെ അവര്‍ ഛര്‍ദ്ദിച്ചതു വാരി വിഴുങ്ങുന്നു .പുതിയ പുതിയ അശ്ലീലഗാഥകള്‍ രചിക്കുന്നു .അഹോ കേമം .

                     വെളുക്കുവോളം പെണ്‍കുട്ടിയുടെ ദുരന്തവര്‍ത്തമാനങ്ങള്‍ ചൂടോടെ വിളമ്പിയ ചാനലുകളും യഥാര്‍ത്ഥ പ്രതികളില്‍ ഉള്‍പ്പെടുന്നില്ലേ?

ബലാല്‍സംഗവാര്‍ത്തപ്രക്ഷേപണം    ചെയ്യുന്നതിനിടക്കും കോണ്ടത്തിന്റെ ,അപ്രതീക്ഷിത ഗര്‍ഭം കലക്കാനുള്ള മാര്‍ഗ്ഗങ്ങളുടെ ,പരസ്യങ്ങള്‍ വാരി വിതറുമ്പോള്‍ തങ്ങള്‍ .അയലത്തെ കല്ല്യാണ ചെക്കനെ കൊതിയോടെ കാത്തിരുന്ന പാട്ടുകള്‍ പാടുമ്പോള്‍,അല്ലെങ്കില്‍ നാലിലോ അഞ്ചിലോ പഠിക്കുന്ന കുട്ടികളുടെ പ്രണയ രംഗങ്ങള്‍ നാണമില്ലാതെ ഷൂട്ട്‌ ചെയ്തു കണ്ണിനു നീ കണ്മണി ആണെന്ന് ഇത്തിരിയില്ലാത്ത കുഞ്ഞുങ്ങളെചൊല്ലിപ്പഠിപ്പിക്കുമ്പോള്‍ അങ്ങനെ നമ്മുടെ ഉള്ളിലെ വിഷം കുഞ്ഞുങ്ങളില്‍ കുത്തി വെക്കുമ്പോള്‍ ഈ ചാനലുകള്‍ അതിന്‍റെ ഭവിഷ്യത്തുകളെ കുറിച്ച് ആലോചിക്കാത്തതെന്താണ് ?

സിനിമകള്‍ സെന്‍സര്‍ ചെയ്യാന്‍ നിരവധി മാര്‍ഗ്ഗങ്ങള്‍ ഉണ്ട് ,യാതൊരു നിബന്ധനകളുമില്ലാതെ ഇന്ന് പിറന്ന കുഞ്ഞുങ്ങള്‍ക്ക്‌ മുന്നില്‍ പോലും അശ്ലീലത്തിന്‍റെ അങ്ങേയറ്റം വരെ (ഒരിക്കല്‍ ഒരു നടി പൂര്‍ണ്ണ നഗ്നയായി പോസ് ചെയ്ത പരസ്യം പോലും ഒരാഴ്ചയോളം അവര്‍ സംപ്രേക്ഷണം ചെയ്തു )കാശ് കിട്ടിയാല്‍ എന്തും ഉളുപ്പില്ലാതെ പ്രക്ഷേപണം ചെയ്യുന്ന ചാനലുകളെ കടിഞ്ഞാണിടാന്‍ ഒരു സംവിധാനവും ഇല്ല .ആരും നിയന്ത്രിക്കാനില്ലാത്തതിനാല്‍ അവര്‍ പൂണ്ടു വിളയാടുന്നു .അത്ര തന്നെ .

അവര്‍ വിളമ്പുന്ന വയലന്‍സും സെക്സും കണ്ടല്ല ഇതൊക്കെ സംഭവിക്കുന്നതെന്ന തൊടുന്യായത്തില്‍ ഊരിപ്പോകും ഈ ചാനലുകള്‍ .പക്ഷെ അവര്‍ക്ക് മനസ്സാക്ഷി എന്നൊന്നുണ്ടെങ്കില്‍ ഈ പാതകങ്ങളില്‍ തങ്ങള്‍ക്കുള്ള പങ്കില്‍ നിന്നൊഴിഞ്ഞു മാറാനാവില്ല .

ആശയ വിനിമയോപധികളില്‍ പൊടുന്നനെ ഉണ്ടായ വിപ്ലവകരമായ പുരോഗതി ന മ്മുടെ എല്ലാവരുടെയും ജീവിതത്തെ അനിര്‍വ്വചനീയ മായ തരത്തില്‍ മാറ്റി മറിച്ചിരിക്കുന്നു.വിരല്‍ത്തുമ്പത്ത്‌ നിങ്ങള്ക്ക് ഇപ്പോള്‍ എന്തും ലഭ്യമാകും .ആഗ്രഹിക്കുന്നതെന്തും കാണാന്‍ കഴിയും .ബലാല്‍സംഗമോ   കൊലപാതകമോ പ്രസവമോ എന്തും .ഒരൊറ്റ മൗസ് ക്ളിക്കെ വേണ്ടൂ .യൂ ട്യുബില്‍ ഒന്ന് ലോഗിന്‍ ചെയ്യുകയെ വേണ്ടൂ .നമ്മുടെ യുവതലമുറ അങ്ങനെ കൂടുതല്‍ കൂടുതല്‍ മോഡേണ്‍ ആകുന്നു .

         അതിന്‍റെ പൂര്‍ണ്ണ ഉത്തരവാദിത്തം ഇത്തരം ആധുനികസങ്കെതങ്ങള്‍ക്ക് അനുസൃതമാം വിധം മാനസികമായി ഒട്ടും പാകമാവാത്ത നമ്മുടെ പൊതു സമൂഹത്തിന്റെകയ്യിലേക്ക്ഇങ്ങനെയൊരു ആറ്റംബോംബ്‌വെച്ച്കൊടുത്തിട്ട് കൈ കൊട്ടിച്ചിരിക്കുന്ന രാഷ്ട്രീയ നേതൃത്വത്തിനാണ് .

പല വിധത്തിലും ഈ ആധുനിക സാങ്കേതിക വിദ്യകള്‍ പൊതു സമൂഹത്തിനു നല്‍കുന്ന സൌകര്യങ്ങള്‍ വിസ്മരിക്കുന്നില്ല .എന്നാല്‍ ഇതിനോടൊപ്പം ഉണ്ടാകാവുന്ന ഇത്തരം ഉപോല്‍പ്പന്നങ്ങള്‍ എങ്ങനെ നിരുപദ്രവകരമാക്കാം എന്ന് ഒരു സര്‍ക്കാരും ഇതേ വരെ ചിന്തിച്ചിട്ടില്ല .

ഒരു കാക്ക ചത്താല്‍ പോലും തങ്ങളുടെ മതം തകര്‍ന്നു എന്ന് വിലപിച്ചു ആയിരക്കണക്കിന് ആള്‍ക്കാരെ നിഷ്പ്രയാസം  തെരുവിലിറക്കി  കലാപങ്ങളും കൊള്ളയും കൊലയും  നടത്താറുള്ള മത നേതൃത്വങ്ങള്‍ ആവട്ടെ വളരെ കൂടുതല്‍ ചെയ്യാന്‍
കഴിയുമായിരുന്നിട്ടും നിഷ്ക്രിയരായിരുന്നു .ഒരു മതത്തിന്റെയും ഒരു നേതാവും ഈ പൈശാചികതയെ അപലപിച്ചില്ല ,പ്രതിഷേധിച്ചില്ല.ഒരു മത നേതാവും തപസ്സ് ചെയ്തില്ല .ആ ശവം തീനികള്‍ ഒരു പക്ഷെ ബാലാല്സംഗത്തെ ന്യായീകരിക്കുക പോലും ചെയ്തു .തങ്ങള്‍ ഉദ്ദേശിച്ച പോലെ,നിര്‍ദ്ദേശിച്ച തു പോലെ നടക്കാത്ത സ്ത്രീകള്‍ക്ക് ഒരു പാഠം എന്ന് ഉദാഹരിക്കാന്‍ ഒരു മാതൃക ലഭിച്ചതില്‍ അവര്‍ സന്തോഷിക്കുന്നു പോലുമുണ്ടാകും

ഏറ്റവും കൂടുതല്‍ അപലപിക്കേണ്ടത് ബുദ്ധിജീവികള്‍ എന്ന് പറഞ്ഞു ജനങ്ങളുടെ പണം കൊണ്ടുള്ള അവാര്‍ഡുകള്‍ ,പദവികള്‍ ,പുരസ്കാരങ്ങള്‍ എന്നിവ സംഘടിപ്പിക്കാന്‍ രാപകല്‍ നെട്ടോട്ടം ഓടുന്ന എച്ചില്‍ നക്കികളെയാണ് .കൊല്ലാക്കൊല ചെയ്യപ്പെട്ട ഒരു പാവം പെണ്‍കുട്ടിയുടെ ജാതി അന്വേഷിച്ചു ഒരു പുണ്യവതി .മൌന വാല്മീകത്തില്‍ ഒളിച്ചു മറ്റു ചിലര്‍ .ചാനലുകളില്‍ വന്നു ചര്ചിച്ചു ചര്‍ച്ചിച്ച് നാട്ടുകാരെ പീഡിപ്പിച്ചു രസിച്ചു മറ്റു ചില നാല്‍ക്കാലികള്‍.ഒരാള്‍ക്കും സ്ത്രീകള്‍ക്കെതിരെ കുഞ്ഞുങ്ങള്‍ക്കെതിരെ അതിക്രമം നടന്നതില്‍ പ്രതിഷേധിക്കാന്‍ കഴിഞ്ഞതായി അറിവില്ല .

ഓരോ ദിവസവും പത്രം വായിക്കുമ്പോള്‍ ,ചാനലുകളില്‍ പീഡനത്തിന്റെ തുടര്‍ക്കഥകള്‍ ഒരു നിമിഷം പോലും ഒഴിയാതെ സ്ക്രോള്‍ ചെയ്യുമ്പോള്‍ ,അച്ഛന്‍ സ്കൂളില്‍ നിന്ന് വിളിച്ചു കൊണ്ട് പോയി പീഡിപ്പിക്കും എന്ന് ഭയന്ന് സ്കൂളില്‍ പോലും കാവലിരിക്കുന്ന ഒരു അമ്മയെക്കുറിച്ച് പറഞ്ഞു കേള്‍ക്കുമ്പോള്‍ അമ്മയെ മകനെ കൊണ്ട് ലൈംഗികമായി പീഡിപ്പിച്ചു അതിന്‍റെ വീഡിയോ ക്ലിപ്പ് ഉപയോഗിച്ച് അവരെ ഭീഷണിപ്പെടുത്തി എന്ന് അറിയുമ്പോള്‍ ഒക്കെ അമ്പരപ്പോടെ ചോദിച്ചു പോകുന്നു .

"യഥാര്‍ത്ഥത്തില്‍ ഈ ലോകം അവസാനിച്ചു കഴിഞ്ഞോ ?ഇതാണോ സര്‍ ഈ നരകം ?!!!!!"

(ഡല്‍ഹിയിലെ വാര്‍ത്ത കേട്ട് നാല് ദിവസത്തോളം ഉറങ്ങാതിരുന്നു സമനില തെറ്റിപ്പോയി എന്ന് പരാതിപ്പെട്ട എന്‍റെ സുഹൃത്തിനെ ആശ്വസിപ്പിക്കുമ്പോള്‍ ഞാന്‍ പറഞ്ഞു "പ്രിയ ചങ്ങാതീ ,നിനക്ക് അല്ല സമനില തെറ്റിയത് .ഈ !@#$%^&*() സമൂഹത്തിനാണ് .)

19 comments:

  1. പ്രിയരേ ,
    സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളില്‍ ഞാന്‍ പ്രതിഷേധിക്കുന്നു .എന്‍റെ മനസ്സില്‍ ഇരമ്പിയ ദേഷ്യവും സങ്കടവും പകര്‍ത്തുന്നതിനിടെ എനിക്ക് ഈ പോസ്റ്റില്‍ പൂര്‍ണ്ണമായി ശ്രദ്ധിക്കാന്‍ കഴിഞ്ഞിട്ടില്ല ,അക്ഷരത്തെറ്റുകള്‍ ,അലൈന്മെന്റില്‍ ഉള്ള പിഴവുകള്‍ എന്നിവ തിരുത്താന്‍ കഴിഞ്ഞിട്ടില്ല ,എന്‍റെ പ്രതിഷേധത്തിന്റെ ഭാഗമായി ഞാനവ തിരുത്താതെ വിടുന്നു ..ഇത്ര നശിച്ച ഒരു ലോകം ആ തെറ്റുകള്‍ കൂടി സഹിക്കട്ടെ ..

    ReplyDelete
  2. ഭാരതം ഏതാവസ്ഥയിലാണെന്നു പരിതപിക്കുന്നുവോ അത്തരമൊരു അവസ്ഥയിലേക്ക് ഭാരതത്തെ തള്ളി വിട്ടത്തില്‍ നമ്മുക്കെല്ലാവര്‍ക്കും തുല്യ പങ്കാണുള്ളത് ഭരണകൂടവും നിയമ വ്യവസ്ഥയും നിഷ്ക്രിയമാക്കുന്നതിനു പിന്നില്‍ പ്രതികരിക്കാനറിയാത്ത ഒരു ജനവിഭാവം ഇപ്പോഴും സ്വന്തം തലച്ചോറു പണയം വച്ചു അന്ധത വരിച്ചിരിക്കുന്നത് കൊണ്ട് മാത്രമാണ്. അതിന്റെ പാപക്കറ പെട്ടെന്നാര്‍ക്കും കഴുകി കളയാന്‍ ആവുന്ന ഒന്നല്ല. അതുകൊണ്ട് തന്നെ പരസ്പരം പഴിചാരുന്ന നേരം പരിഹാരത്തെ കുറിച്ച് ചിന്തിക്കുകയും പരിശ്രമിക്കുകയുമാണ് വേണ്ടത് ഒറ്റമൂലികളെക്കാള്‍ സമൂലമുള്ള മാറ്റത്തെ കുറിച്ചാവണമാതൊക്കെ...

    ഡിയര്‍ സിയാദ്‌ , ദുഖമുണ്ട് കപടമായ വേഷപകര്ച്ചകള്‍ മാത്രമാണ് നമ്മള്‍ ഇപ്പോഴും ചുറ്റും കാണുന്നത് , വധശിക്ഷയ്ക്ക് വേണ്ടി ആവേശം കൊള്ളുന്നവര്‍ യാഥാര്‍ത്യങ്ങള്‍ കാണാന്‍ മിനക്കെടുന്നില്ല .....

    താങ്കളുടെ സമാന ചിന്തകള്‍ ചിലതെങ്കിലും പങ്കു വയ്ക്കുന്ന ന്റെ ഒരു ലേഖനം ഒന്ന് കാണുക .. @ പിടിച്ചു കൊന്നാല്‍ എല്ലാം തീരുമോ

    പുതുവല്‍സര ആശംസകളോടെ സ്വന്തം പുണ്യവാളന്‍

    ReplyDelete
  3. നല്ല പ്രതികരണം .മറ്റൊന്നും പറയാനില്ല..

    ReplyDelete
  4. നിങ്ങളുടെ കുടുംബം പോലും ചങ്ങാതീ വെറുമൊരു ലോഡ്ജാണ്,ഏതു തെരുവ് ഗുണ്ടക്കും നാല് കൂട്ടുകാരോടൊപ്പം നിഷ്പ്രയാസം ചവിട്ടിത്തുറക്കാവുന്ന ഒന്ന് .

    ReplyDelete
  5. എന്ത് പറഞ്ഞാലും അത് അതികപ്രസംഗമായിപ്പോകും.

    കുറ്റവാളികള്‍ പിടിക്കപ്പെടുമെന്നും കടുത്ത ശിക്ഷ ലഭിക്കുമെന്നും ഉള്ള ഒരു ബോധം, അറിവ്, ഭയം സമൂഹത്തില്‍ ഉണ്ടാകുന്ന തരത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിവുള്ള ആര്‍ജ്ജവമുള്ള ഭരണാധികാരികളാണ് നമുക്ക് വേണ്ടത്.

    ReplyDelete
  6. നന്മയും സദ്ചിന്തകളും നഷ്ടമായ ഈ ലോകത്തെക്കുറിച്ച് എന്തുപറയാന്‍, സിയാഫ് ക്കാ ?

    ReplyDelete
  7. ഒന്നും പറയാനില്ല
    വാക്കുകളില്ല

    ReplyDelete
  8. ആര്‍ത്തിപിടിപ്പെട്ട സമൂഹത്തില്‍ നിന്ന് സദ് മൂല്യങ്ങള്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്‌!.,......
    നല്ലൊരു പ്രതികരണം.
    സന്തോഷവും,സമാധാനവും,ഐക്യവും, ഐശ്വര്യവും കൈവരുന്ന- പ്രകാശംനിറഞ്ഞ- പുതുവത്സരത്തിനായി
    പ്രാര്‍ത്ഥനയോടെ;

    ReplyDelete
  9. നമ്മള്‍ ഈ സമൂഹത്തിന്റെ ഭാഗമാണ് . സ്വന്തം സ്വാര്‍ഥതക്ക് അപ്പുറം നാം ഓരോരുത്തരും ഇത്തരം പ്രശ്നങ്ങളില്‍ എന്താണ് ചെയ്യുന്നത്? കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുന്നതുകൊണ്ട് മാത്രം ഈ സമൂഹം നന്നാവുകയില്ല. അമേരിക്കയില്‍ ഒക്കെ നാല്പതു വര്‍ഷത്തില്‍ അതികം ബലാല്‍സംഗം ചെയ്യുന്നവന്‍ ശിക്ഷിക്കപെടുന്നുണ്ട് . എന്നിട്ടും അവിടത്തെ റെപ് നിരക്ക് മണിക്കൂറില്‍ പത്തൊന്‍പതു എന്ന നിലയിലാണ് . ശിക്ഷ ഇത്തരം മാനസിക രോഗികള്‍ക്ക് പാഠമാകുന്നില്ല എന്നര്‍ത്ഥം . അപ്പോള്‍ സ്വയം ഒരു പരിധിവരെ സ്ത്രീകള്‍ സൂക്ഷിക്കേണ്ടിയിരിക്കുന്നു . എത്ര മാന്യനായ പുരുഷന്റെ ഉള്ളിലും ഒരു രപിസ്റ്റ് ഒളിഞ്ഞിരിപ്പുണ്ട് . സമയവും സന്ദര്‍ഭവും ഒത്തു വരുമ്പോള്‍ അതിന്റെ തനി സ്വഭാവം പുറത്തുവരും . ഒരു സ്ത്രീയുടെ ഏറ്റവും വലിയ സ്വത്തു അഭിമാനവും ചാരിത്രവുമാണ് . വീട് നമ്മള്‍ കള്ളന്‍ കയറാതെ എങ്ങിനെയാണ് സൂക്ഷിക്കുന്നത് . അതുപോലെ അതെ കരുതലോടെ സ്വയം സൂക്ഷിക്കാന്‍ ഓരോ സ്ത്രീയും പഠികേണ്ടിയിരിക്കുന്നു. പോലീസിനോ ഗവണ്‍മെന്റ്നോ സദാസമയം സംരക്ഷണം നല്‍കാന്‍ കഴിയില്ല . മക്കളെ , ആണായാലും പെണ്ണായാലും മൂല്യബോധം ഉള്ളവരായി വളര്‍ത്തുക . ഈ വിഷയത്തില്‍ കുറെയേറെ പറയേണ്ടി വരും സിയാഫ്ക്കാ . പക്ഷേ വേണ്ട നിര്ത്തുന്നു .. :(

    ReplyDelete
  10. അതെ..എല്ലാ നാവിലും വാക്കുകള്‍ വറ്റി...

    ReplyDelete
  11. "പ്രിയ ചങ്ങാതീ ,നിനക്ക് അല്ല സമനില തെറ്റിയത് .ഈ !@#$%^&*() സമൂഹത്തിനാണ് ....

    ReplyDelete
  12. മിനി.പിസിJanuary 8, 2013 at 11:36 PM

    നന്നായി ,നല്ല പ്രതികരണം .

    ReplyDelete
  13. എനിക്കും പറയാനുണ്ടായിരുന്നു ഒരുപാട് കാര്യങ്ങള്‍... അതില്‍ പലതുംനിങ്ങളിവിടെ പറഞ്ഞു.....
    അതേതായാലും എനിക്ക് അത്ഭുതമായ തോന്നുന്നത്...
    ഒരുപാട് പേരിലേയ്ക്ക് ഈ കുറിപ്പ് എത്തിക്കണം....
    എന്റെ ബ്ലോഗിലെയ്ക്കും ഒന്നെത്തി നോക്കിയിട്ട് പോകണേ...
    സത്യസന്ധമായ അഭിപ്രായവും പറയണം.....

    ReplyDelete
  14. ഇതൊക്കെ തന്നെയാണ് ഞാനും ചിന്തിച്ചു കൊണ്ടിരിക്കുന്നത് ..

    ReplyDelete
  15. സിയാഫ് അബ്ദുള്‍ഖാദര്‍,ee post njan kondu pokunnu.ente facebook walileykku.

    ReplyDelete
  16. അതിന്‍റെ പൂര്‍ണ്ണ ഉത്തരവാദിത്തം
    ഇത്തരം ആധുനികസങ്കെതങ്ങള്‍ക്ക് അനുസൃതമാം
    വിധം മാനസികമായി ഒട്ടും പാകമാവാത്ത നമ്മുടെ പൊതു സമൂഹത്തിന്റെകയ്യിലേക്ക്ഇങ്ങനെയൊരു ആറ്റംബോംബ്‌വെച്ച്കൊടുത്തിട്ട്
    കൈ കൊട്ടിച്ചിരിക്കുന്ന രാഷ്ട്രീയ നേതൃത്വത്തിനാണ് ...
    ഒപ്പം നമുക്കും ഇല്ലേ ഭായ്

    ReplyDelete

യാത്ര എങ്ങനെയുണ്ടായിരുന്നു ?